കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെയാണ് നമ്മുടെ മനസ്സ്. നില്‍ക്കാതെ പാഞ്ഞുകൊണ്ടിരിക്കും. അറ്റമില്ലാത്ത ആശകളാണ് മനസ്സിനെ ഇങ്ങനെ പായാന്‍ പ്രേരിപ്പിക്കുന്നത്. ആശിച്ചതൊന്നു കിട്ടുമ്പോള്‍ മറ്റൊന്ന് ആശിക്കും. അത് കിട്ടിയാല്‍ പിന്നെ വേറൊന്നായിരിക്കും. ആശക്ക് ഇങ്ങനെ അതിരില്ലാതിരിക്കുമ്പോള്‍ അത് ദുരാശയകുന്നു. ദുരാശയുടെ ഫലം നിരാശ തന്നെ.
ഒരു കളിക്കോപ്പ് കൊണ്ടു ഒരു മണിക്കൂര്‍ കളിക്കുമ്പോള്‍ അതിനോടുള്ള കമ്പം തീരുന്നു. പിന്നെ ഹരം കിട്ടണമെങ്കില്‍ വേറൊന്ന് കിട്ടണം. പുതിയ വസ്ത്രം ഒന്നു രണ്ടു പ്രാവശ്യം അലക്കിയാല്‍ പിന്നെ ആശ നിറവേറ്റുന്നില്ല, ആവശ്യം നിറവേരുമെന്കിലും. പത്രാസുള്ള ഒരു വീട് വേണമെന്നാശിച്ചു. വളരെ പണിപ്പെട്ടു നിര്‍മ്മിച്ച് കഴിയുമ്പോള്‍ അതിലും വലിയ പത്രാസുള്ളവ വേറെ ഉയരുന്നു. പിന്നെ ഏറ്റം വലിയതിനു പൂതി.
കാല്‍നടക്കാരന് സൈക്കിളിനു ആശ. സൈക്കിളുള്ളവന് കാറിനാശ. കാറുള്ളവന് വിമാനത്തിനാശ. യാതൊരതിരുമില്ലാതെ ആശകള്‍ ഇങ്ങനെ നീളും. ഈ ആശകളൊക്കെ നിറവേട്ടുവാന്‍ ആളുകള്‍ തെറ്റിലേക്ക് നീങ്ങും. തെറ്റുകളുടെ പിന്നാലെ പോകുന്നവര്‍ക്ക് ഒരിക്കലും പണം മതിയാവില്ല. കണക്കില്ലാതെ നേര്‍വഴിക്കു പണം കിട്ടുകയുമില്ല. അപ്പോള്‍ കളവ്, വഞ്ചന, കൊല, കൈക്കൂലി, അഴിമതി തുടങ്ങിയ നീച്ചകൃത്യങ്ങളെ ശരണം പ്രാപിക്കുന്നു. അങ്ങനെ നാടാകെ വഷളാകുന്നു. ജീവനും സ്വത്തിനും അഭിമാനത്തിനും
വിലയില്ലാതാകുന്നു. എന്ത് ചെയ്താലും നിരാശ ബാക്കിയാവുകയും ചെയ്യും.
ഈ അപകടത്തില്‍നിന്നു രക്ഷപ്പെടാന്‍ ഒരേ ഒരു വഴിയേ ഉള്ളൂ. ആവശ്യങ്ങള്‍ക്ക് ഒരതിരു വെയ്ക്കുക.
ആ ആവശ്യങ്ങള്‍ക്ക് വേണ്ടി പരിശ്രമിക്കുകയും വേണം. അത് നേടിക്കഴിഞ്ഞാല്‍ സന്തുഷ്ടനായിരിക്കണം.
കുറെയൊക്കെ വിരസത സഹിക്കാന്‍ ചെറുപ്പത്തിലെ ശീലിക്കെണ്ടതാണ്. കൊതിച്ചതൊക്കെ കിട്ടുന്നതല്ല .
വിധിച്ചതെ കിട്ടൂ. ഈ വിശ്വാസം മനസ്സില്‍ ഉറച്ചിരിക്കട്ടെ.
( കുട്ടികളോട്/ഇ.വി. അബ്ദു )