
ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൊരിക്കലും അണിയാനാഗ്രഹിക്കാത്ത ഒരു മുള്‍ക്കിരീടമാണ് വൈധവ്യം. ഭര്‍ത്താവിന്റെ ആകസ്‌മികമായ മരണം, അതുണ്ടാക്കുന്ന അടങ്ങാത്ത ദു:ഖം, ഒറ്റപ്പെടലിന്റെ വ്യാകുലത, സഹതാപത്തില്‍ പൊതിഞ്ഞ കുത്തുവാക്കുകള്‍, പറക്കമുറ്റാത്ത പിഞ്ചുമക്കള്‍. മുന്നോട്ടുനോക്കുമ്പോള്‍ അറ്റം കാണാത്ത ശൂന്യത. ഇങ്ങനെ എല്ലാ നിലക്കും പ്രശ്‌നസങ്കീര്‍ണമായ ഒരു ദുരവസ്ഥയാണ് വൈധവ്യം.
പക്ഷേ, പല പെണ്‍കുട്ടികള്‍ക്കും നേരത്തെ തന്നെ വിധി ഈ മുള്‍ക്കിരീടം അണിയിച്ച് കൊടുക്കുന്നു. വിവാഹപ്രായത്തിന്റെ സൂചിക എത്രകണ്ട് താഴോട്ട് ഇറങ്ങുന്നുവോ അത്രകണ്ട് പെണ്‍കുട്ടികളുടെ വൈധവ്യത്തിന്റെ സൂചികയും താഴുന്നു. ഇന്ന് മരണത്തിന്റെ പട്ടികയില്‍ നേരത്തെ ഇടം പിടിക്കുന്നത് ഭൂരിഭാഗവും ചെറുപ്പക്കാരായ യുവാക്കളാണ്. അപകടമരണങ്ങള്‍, ദുരന്തമരണങ്ങള്‍, വ്യാജവും അല്ലാത്തതുമായ തീവ്രവാദ ഏറ്റുമുട്ടലുകള്‍. ഇതിലൊക്കെയും മരിച്ച് വീഴുന്നത് 25നും 30നും ഇടയില്‍ മാത്രം പ്രായമുള്ളവര്‍. ഇവര്‍ക്കൊക്കെ ഭാര്യമാരുണ്ടെങ്കില്‍ അവരുടെ പ്രായം 17നും 20നുമിടക്കുമായിരിക്കുമെന്നതില്‍ സംശയമില്ലല്ലോ. പലരും ഒന്നും രണ്ടും പിഞ്ചുമക്കളുടെ മാതാക്കള്‍. ചിലരെങ്കിലും ഞെങ്ങിഞെരുങ്ങി തങ്ങളുടെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നവര്‍. ഇത്തരം ഒരു വിധവയായ പ്രഫഷണല്‍ വിദ്യാര്‍ഥിനിയുടെയും അവളുടെ മാതാവിന്റെയും മാനസികവ്യഥയാണ് മുകളില്‍ പങ്കുവെച്ചത്.
കാലാകാലങ്ങളിലായി വൈധവ്യത്തെ ഒരു ദൈവികശാപമായിട്ടാണ് ജനസമൂഹം കണക്കിലെടുക്കുന്നത്. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ താളപ്പിഴവിലെവിടെയോ വിധവയാകാന്‍ വിധിക്കപ്പെടുന്ന ഒരു പെണ്‍കുട്ടി സമാധാനത്തിന്റെ തുരുത്തന്വേഷിക്കുന്നത് ആത്മഹത്യയിലായിരിക്കും. മതപരമായ ഒരു പിന്‍ബലം കൂടി അതിനുണ്ടാകുമ്പോഴോ, എടുത്തുചാട്ടം വളരെ പെട്ടെന്നാവുകയും ചെയ്യും.
സ്‌ത്രീയുടെ ഈ ബലഹീനതയെ ചൂഷണം ചെയ്‌തുകൊണ്ടായിരുന്നു
ഉത്തരേന്ത്യയിലെ ഹൈന്ദവ സമൂഹത്തിന്നിടയില്‍ സതി എന്ന സമ്പ്രദായം നിലനിന്നിരുന്നത്. വിധവയായിപ്പോയി എന്ന കാരണത്താല്‍ കൗമാരക്കാരികളെപ്പോലും `സതീ മാതാകീ ജയ്' എന്ന് ആര്‍ത്തുവിളിച്ച് ആളിക്കത്തുന്ന ഭര്‍തൃചിതയിലേക്ക് നിര്‍ദയം തോണ്ടിയെറിയുമ്പോള്‍ അരുതെന്ന് പറയാന്‍പോലും അന്ന് ഭാരതമഹാരാജ്യത്ത് ഒരാളുമില്ലായിരുന്നു. ജീവിക്കാനുള്ള അവളുടെ ആഗ്രഹത്തെ തൊട്ടറിഞ്ഞതോ വില്യം ബെനഡിക്‌ട് പ്രഭു എന്ന ഒരു വൈദേശികനായ ഭരണകര്‍ത്താവ് മാത്രം. ആ മഹാമനസ്‌കന്‍ 1829-ല്‍ നിയമംമൂലം ഈ നിഷ്‌ഠൂരതയെ നിരോധിച്ചു. പക്ഷേ സതിയുടെ ബാക്കിപത്രമായി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലിന്നും അവഗണിക്കപ്പെടുന്ന വിധവകളുടെ ജീവിതാഭിലാഷങ്ങള്‍ നെടുനിശ്വാസങ്ങളായി തെരുവിലലിഞ്ഞുചേരുന്നു.
ഇസ്‌ലാമിന്റെ കാഴ്‌ചപ്പാടില്‍ ഒരു സത്യവിശ്വാസിനിക്ക് വൈധവ്യം ഒരു ദൈവിക പരീക്ഷണം മാത്രമാണ്. വിശ്വാസം എന്നുള്ള പാശം മുറുകെ പിടിച്ചുകൊണ്ട് ക്ഷമയോടെ മുന്നോട്ടുപോകുകയാണെങ്കില്‍ ഏത് പ്രതിസന്ധിയെയും അവള്‍ക്ക് അതിജീവിക്കാനാവും. അതിനുപയുക്തമായ നിയമനിര്‍ദേശങ്ങളാണ് ഇസ്‌ലാം ഉള്‍ക്കൊള്ളുന്നത്. വിധവയെ അന്ധവിശ്വാസങ്ങളുടെ ആഴങ്ങളിലൂടെ ആത്മഹൂതിയിലേക്ക് തള്ളിവിടാതെ ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുകയാണ് ഇസ്‌ലാം ചെയ്യുന്നത്. ഭര്‍തൃമരണം, വിവാഹമോചനം മുതലായ കാരണങ്ങളാല്‍ ഒറ്റപ്പെടലിന്റെ വ്യഥ അനുഭവിക്കുന്ന സ്‌ത്രീകളുടെ ജീവിതം സുഖസമ്പൂര്‍ണമാക്കുന്നതിന് ഇസ്‌ലാം വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. നബി(സ) പറയുന്നു: ``വിധവകള്‍ക്ക് വേണ്ടി പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവന് തുല്യമാണ്.'' (ബുഖാരി, മുസ്‌ലിം)
നബി(സ) ബഹുഭാര്യാത്വം സ്വീകരിച്ചിരുന്നതിലെ ഒരു പ്രധാന ലക്ഷ്യം തന്നെ വിധവാസംരക്ഷണമാണെന്ന് മനസ്സിലാക്കാം. പ്രവാചകന്റെ(സ) അനുചരന്മാര്‍ വിവാഹമുക്തകളെയും വിധവകളെയും വധുവായി സ്വീകരിക്കുന്നതില്‍ അതീവ തല്‌പരരുമായിരുന്നു. ഈ സംരക്ഷണത്തിന്റെ ഭാഗമായിക്കൊണ്ട് തന്നെയാണ് ഇസ്‌ലാം സ്‌ത്രീയോട് ഇത്തരം ഘട്ടത്തില്‍ ആചരിക്കാന്‍ കല്‌പിച്ച ഇദ്ദ സമ്പ്രദായത്തെയും നോക്കിക്കാണേണ്ടത്. ``നിങ്ങളില്‍ യാതൊരു കൂട്ടര്‍ മരിക്കുകയും ഭാര്യമാരെ വിട്ടേച്ച് പോവുകയും ചെയ്യുന്നുവോ (അവരുടെ ശേഷം) അവര്‍ (ആ ഭാര്യമാര്‍) അവരുടെ ദേഹങ്ങളുമായി നാല് മാസവും ഒരു പത്തും (പത്തുദിവസവും) കാത്തിരിക്കണം. എന്നിട്ട് അവര്‍ തങ്ങളുടെ കാര്യത്തില്‍ (ആചാര) മര്യാദയനുസരിച്ച് ചെയ്യുന്നതില്‍ നിങ്ങളുടെ മേല്‍ തെറ്റില്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപറ്റി സൂക്ഷ്‌മമായി അറിയുന്നവനാണ്.'' (വി.ഖു 2:224)
`ഭര്‍ത്താവ് മരിച്ചാല്‍ സ്‌ത്രീകള്‍ ഒരു കൊല്ലം വരെ ദു:ഖാചരണം നടത്തുന്ന സമ്പ്രദായമായിരുന്നു ജാഹിലിയ്യ കാലത്ത് നിലവിലുണ്ടായിരുന്നത്. നിന്ദ്യവും മലിനവുമായ വസ്‌ത്രം ധരിച്ച് കൂട്ടുകുടുംബങ്ങളുമായി സമ്പര്‍ക്കം പാടില്ലാതെ കുടിലിലോ മറ്റോ കഴിഞ്ഞുകൂടേണ്ടിയിരുന്നു. അതോടൊപ്പം കുറെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പാലിക്കുകയും വേണ്ടിയിരുന്നു. ഇസ്‌ലാമാവട്ടെ, ഇദ്ദ കാലം അതിന്റെ മൂന്നിലൊന്നാക്കി ചുരുക്കി. ദു:ഖാചരണത്തിലെ നിരര്‍ഥകമായ മാമൂലുകളെ ഇല്ലാതാക്കുകയും ചെയ്‌തു. സൗന്ദര്യാലങ്കാരങ്ങളില്‍ നിന്നും വിവാഹാലോചനകളില്‍ നിന്നും ഒഴിവായാല്‍ മതിയെന്നും നിശ്ചയിച്ചു. നബി(സ) പറഞ്ഞു: ``അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്‌ത്രീയും തന്നെ ഭര്‍ത്താവിന്റെ പേരിലല്ലാതെ മൂന്നു ദിവസത്തിലധികം ദു:ഖാചരണം നടത്തുന്നത് അനുവദനീയമാകുകയില്ല.'' (തഫ്‌സീറുല്‍ ഖുര്‍ആന്‍ വാള്യം 1, പേജ് 377-78)
ഈ ആയത്തിലൂടെ തന്നെ ഇദ്ദയെക്കുറിച്ച ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട് വളരെ വ്യക്തമാണ്. ഭര്‍ത്താവ് ലൈംഗികബന്ധം സ്ഥാപിക്കാത്ത സ്‌ത്രീകള്‍, വൃദ്ധകള്‍ ഇങ്ങനെയുള്ള ഒഴിവ് കഴിവുകളൊന്നും ഇദ്ദയുടെ പേരിലില്ലതാനും. പക്ഷേ, ഗര്‍ഭിണിയായ സ്‌ത്രീയുടെ ഇദ്ദ അവള്‍ പ്രസവിക്കുന്നതുവരെയാണെന്നുള്ളത് സൂറത്ത് ത്വലാഖ് നാലാം വചനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. `സഅ്‌ദുബ്‌നു ഖൗല(റ) മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ സുബൈഇയ്യ ഗര്‍ഭിണിയായിരുന്നുവെന്നും അധികം താമസിയാതെ അവള്‍ പ്രസവിക്കുകയും അതോടൊപ്പം അവരുടെ ഇദ്ദ അവസാനിച്ചതായി നബി(സ) വിധികൊടുത്തുവെന്നും ബുഖാരിയും മുസ്‌ലിമും രേഖപ്പെടുത്തിയിട്ടുണ്ട്. (തഫ്‌സീറുല്‍ ഖുര്‍ആന്‍ വാള്യം 1, പേജ് 378)
ഭാര്യാ-ഭര്‍തൃ ബന്ധത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുക, ഭര്‍തൃമരണം, വിവാഹമോചനം മുതലായ കാരണത്താല്‍ നിരാലംബരായ സ്‌ത്രീകള്‍ക്ക് സുരക്ഷിതത്വബോധമുണ്ടാക്കുക, അത്തരക്കാരുടെ ഗര്‍ഭാശയത്തില്‍ വളരുന്ന കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം നല്‍കുക തുടങ്ങിയ ഉദ്ദേശ്യങ്ങള്‍ ഇസ്‌ലാമിലെ ഇദ്ദ സമ്പ്രദായം ഉള്‍ക്കൊള്ളുന്നുണ്ട്. പ്രസ്‌തുത കാലയളവില്‍ അവള്‍ കൂടുതലായി നടത്തുന്ന ദിക്‌റ്, ദുആ, ആരാധന, ദാനധര്‍മങ്ങള്‍ മുതലായവ ഭാവി ജീവിതത്തിലേക്ക് ആത്മീയമായ ഊര്‍ജസ്വലത വളര്‍ത്തുന്നു. ഇദ്ദ കാലത്ത് സ്‌ത്രീക്ക് ഒരു കാരണവശാലും പുറത്തുപോയിക്കൂടാ, അന്യപുരുഷന്മാരുമായി സംസാരിച്ചുകൂടാ, അവളുടെ ശബ്‌ദംപോലും പുറത്തുകേട്ടുകൂടാ എന്നിങ്ങനെയുള്ള അരുതായ്‌മകളൊന്നും ഇസ്‌ലാമിലുള്ളതല്ല. ഇദ്ദ ഇരിക്കുന്ന സ്‌ത്രീകള്‍ക്കുവേണ്ടി ഒരു പ്രത്യേക കുളിയോ പ്രത്യേക യൂനിഫോം വസ്‌ത്രമോ നിര്‍ദേശിച്ചിട്ടില്ല.
``ആ സ്‌ത്രീകളുടെ വിവാഹാര്‍ഥന സംബന്ധിച്ച് നിങ്ങള്‍ വല്ലതും സൂചന നല്‍കുകയോ അല്ലെങ്കില്‍ നിങ്ങളുടെ മനസ്സുകളില്‍ ഒളിച്ചുവെക്കുകയോ ചെയ്യുന്നതില്‍ നിങ്ങളുടെ മേല്‍ തെറ്റില്ല. നിങ്ങള്‍ വഴിയേ അവരെ ഓര്‍ക്കുന്നതാണെന്ന് അല്ലാഹുവിന്നറിയാം. നിങ്ങള്‍ അവരോട് രഹസ്യമായി ഒരു വാഗ്‌ദാനവും നടത്തരുത്. നിങ്ങള്‍ മര്യാദയുള്ള വാക്ക് പറയുക എന്നതല്ലാതെ.'' (വി.ഖു 2:235)
ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഇദ്ദയിലിരിക്കുന്ന സ്‌ത്രീയോട്
നിശ്ചിതകാലം അവസാനിക്കുന്നതിന് മുമ്പായി വിവാഹാഭ്യാര്‍ഥന നടത്തുകയോ വിവാഹത്തെക്കുറിച്ച് രഹസ്യമായി വല്ല വാഗ്‌ദാനം നടത്തുകയോ ചെയ്യരുതെന്ന് അല്ലാഹു ഈ വചനത്തില്‍ പറയുന്നു. എന്നാല്‍ സംഗതി തുറന്നുപറയാതെ സൂചനാ വാക്ക് പറയുകയോ ഇദ്ദ കഴിഞ്ഞാല്‍ അവളെ നിക്കാഹ് കഴിക്കണമെന്ന് മനസ്സില്‍ വെച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്നതിന് വിരോധമില്ല. ഈ വിഷയത്തില്‍ മടക്കിയെടുക്കാന്‍ അവളുടെ ഭര്‍ത്താവിന് എപ്പോഴും അവകാശമുള്ളതുകൊണ്ട് ആ അവകാശത്തിന്റെ നേരെയുള്ള ഒരു കടന്നുകയറ്റമായിരിക്കുമത്. (മര്‍ഹും മുഹമ്മദ് അമാനി മൗലവി, തഫ്‌സീറുല്‍ ഖുര്‍ആന്‍ ഒന്നാം വാള്യം, പേജ് 379)
മര്യാദയുള്ള വാക്ക് പറയുക എന്ന ഖുര്‍ആന്‍ വാക്യത്തില്‍നിന്ന് തന്നെ ഇദ്ദയിലിരിക്കുന്ന ഒരു സ്‌ത്രീയോട് ഒരന്യപുരുഷന്‍ മാന്യമായ വിധത്തില്‍ സംസാരിക്കുന്നതിന് വിരോധമില്ലെന്ന് മനസ്സിലാക്കാം. അതുപോലെ ഇദ്ദയിലിരിക്കുന്ന സ്‌ത്രീ അത്യാവശ്യങ്ങള്‍ക്കായി പുറത്തുപോകുന്നതിനെയും ഇസ്‌ലാം വിലക്കുന്നില്ല. മിതത്വമാണ് ഇസ്‌ലാമിന്റെ മുഖമുദ്ര. ജീവന്റെ നിലനില്‌പിന്നാധാരമായ വായു, വെള്ളം, ഭക്ഷണം, പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം ഇവയിലെല്ലാം പ്രകൃത്യാതന്നെ മിതത്വമാണ് സൃഷ്‌ടികര്‍ത്താവ് നിശ്ചയിച്ചിരിക്കുന്നത്. ആരാധനാ കര്‍മങ്ങളിലും മധ്യമനിലപാടിന് നബി(സ) പ്രോത്സാഹനം നടത്തുന്നുണ്ട്.
ആയിശ(റ) പറയുന്നു: ``നബി(സ) അനുചരന്മാരോട് വല്ലതും കല്‍പിക്കുമ്പോള്‍ നിര്‍വഹിക്കാന്‍ കഴിവുള്ളതു മാത്രമേ കല്‍പിച്ചിരുന്നുള്ളൂ. ദൈവദൂതരേ ഞങ്ങള്‍ അങ്ങയെപ്പോലെയല്ല. അല്ലാഹു അങ്ങേക്ക് അങ്ങയുടെ ആദ്യത്തെ തെറ്റുകളും അവസാനത്തെ തെറ്റുകളും പൊറുത്തുതന്നിട്ടുണ്ട് എന്ന് അനുചരന്മാര്‍ പറയും. ഇത് കേള്‍ക്കുമ്പോള്‍ നബി(സ)ക്ക് ദേഷ്യം വരും. ദേഷ്യത്തിന്റെ അടയാളം മുഖത്ത് പ്രത്യക്ഷപ്പെട്ടത് കാണും. എന്നിട്ട് നബി(സ) പറയും: നിങ്ങളെ അപേക്ഷിച്ച് അല്ലാഹുവിനെക്കുറിച്ച് കൂടുതല്‍ അറിയുന്നവനും സൂക്ഷ്‌മതയുള്ളവനും ഞാന്‍ തന്നെ.'' (ബുഖാരി 20)
ഇദ്ദയിലിരിക്കേണ്ടതായി വരുന്ന ഒരു പെണ്ണ് വിദ്യാര്‍ഥിനിയോ ജോലിക്കാരിയോ അധ്വാനിച്ച് കുടുംബം പോറ്റുന്നവളോ ഒക്കെ ആയിരിക്കാം. ഇങ്ങനെയുള്ള ഒരു സ്‌ത്രീയെ പരപുരുഷ ദര്‍ശനം ഭയന്ന് നാല് മാസവും 10 ദിവസവും വീട്ടില്‍ തളച്ചിടുക എന്നത് പലപ്പോഴും അപ്രായോഗികമായിരിക്കും. കുടുംബത്തിനു ഉപജീവനം വഴിമുട്ടുകയും കുടുംബത്തിലും മക്കളിലും അരക്ഷിതാവസ്ഥ ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇത്തരം സ്‌ത്രീകള്‍ക്ക് പുറത്തുപോയി ജോലി ചെയ്യേണ്ടതിന് വിലക്ക് കല്‍പിക്കാതിരിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. യതറബ്ബസ്‌ന എന്ന ഖുര്‍ആന്‍ വാക്യത്തിന് മാനസികമായി കാത്തിരിക്കുക, പ്രതീക്ഷിക്കുക എന്നതല്ലാതെ മുറിയിലിരിക്കുക എന്ന് അര്‍ഥമില്ലല്ലോ. ``ഭര്‍ത്താവ് മരിച്ച സ്‌ത്രീക്ക് പകല്‍സമയത്ത് ഭക്ഷണം വാങ്ങാനും നൂല്‍നൂല്‍ക്കാനും അതു പോലുള്ളതിനും പുറത്തുപോകാം. പക്ഷേ അവളുടെ വീട്ടിലേക്ക് തന്നെ തിരിച്ചുവരണമെന്നുള്ള നിബന്ധനയുണ്ട്.' (മിന്‍ഹാജ്)
``ഭക്ഷണ സാധനങ്ങള്‍ വാങ്ങാനോ വിറക് ശേഖരിക്കാനോ നൂല്‍നൂല്‍ക്കാനോ ആവശ്യങ്ങള്‍ നിര്‍വഹിക്കാനോ വേണ്ടി പകല്‍സമയത്ത് പുറത്തുപോകുക എന്നത് അവളെ സംബന്ധിച്ച് അനുവദനീയമാകുന്നു.'' (ഫത്‌ഹുല്‍മുഈന്‍ പരിഭാഷ, 543). ആരാധനാകര്‍മങ്ങള്‍ക്കു വേണ്ടി പുറത്തുപോകുന്നതിനെയും ഇസ്‌ലാം എതിര്‍ക്കുന്നില്ല. അത്വാഅ്(റ) പറയുന്നു: ആഇശ(റ) അവരുടെ സഹോദരി ഉമ്മുകുല്‍സൂമിനെ അവരുടെ ഇദ്ദയില്‍ ഹജ്ജിനോ ഉംറക്കോ കൊണ്ടുപോകുകയുണ്ടായി.'' (ബൈഹഖി, അബ്‌ദുര്‍റസാഖ്). അയ്യൂബ്(റ) പറയുന്നു: ``അലി(റ)യുടെ പുത്രിയെ അദ്ദേഹം അവളുടെ ഇദ്ദയില്‍ പുറത്തു കൊണ്ടുപോകുകയുണ്ടായി; അവളുടെ ഭര്‍ത്താവ് ഉമര്‍(റ) വധിക്കപ്പെട്ടപ്പോള്‍.'' (മുസന്നഫ്)
രോഗചികിത്സ, വേണ്ടപ്പെട്ടവരുടെ മരണം, രോഗാവസ്ഥ തുടങ്ങിയ ഘട്ടങ്ങളില്‍ ഇദ്ദയിലാണെങ്കിലും ഒരു സ്‌ത്രീക്ക് പുറത്തിറങ്ങേണ്ടിവരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വാക്കിലും പ്രവൃത്തിയിലും നോട്ടത്തിലും നടത്തത്തിലും വേഷവിധാനത്തിലുമെല്ലാം ഇസ്‌ലാമിക സംസ്‌കാരം നിലനിര്‍ത്താനും അല്ലാഹുവെ സൂക്ഷിക്കാനുമുള്ള മാനസികാവസ്ഥയാണ് ഒരു സ്‌ത്രീക്കുണ്ടാവേണ്ടത്. അതാകട്ടെ, ഇദ്ദ കാലത്തെന്നു മാത്രമല്ല, ജീവിതത്തിന്റെ ഏത് ഘട്ടത്തിലും ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണുതാനും.
``പ്രവാചകപത്‌നിമാരേ, സ്‌ത്രീകളില്‍ മറ്റ് ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മനിഷ്‌ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞുകൊള്ളുക. നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലെ നിങ്ങള്‍ സൗന്ദര്യപ്രകടനം നടത്തരുത്. നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക.'' (വി.ഖു 33:31-32)
പ്രവാചകപത്‌നിമാരോടുള്ള ഈ ഉപദേശത്തിലും മുസ്‌ലിം സ്‌ത്രീ പുറത്തിറങ്ങുമ്പോഴും പരപുരുഷന്മാരോട് സംസാരിക്കുമ്പോഴും പാലിക്കേണ്ട മാന്യതയുടെ രൂപമാണ് അല്ലാഹു വരച്ചുകാട്ടിയത്. അജ്ഞാനകാലത്തെ അവിശ്വാസിനികളെപ്പോലെ വസ്‌ത്രധാരണത്തിലെ ഇസ്‌ലാമിക മാനദണ്ഡം പാലിക്കാതെ പുറത്തിറങ്ങരുത് എന്ന നിര്‍ദേശമല്ലാതെ ഒരു കാരണവശാലും സ്‌ത്രീ വെളിയിലിറങ്ങരുതെന്നുള്ളതിന് ഈ ഖുര്‍ആന്‍ വചനം തെളിവാകുന്നില്ല.
വസ്‌ത്രധാരണത്തിലെ ഇസ്‌ലാമിക മര്യാദ എന്നുവെച്ചാല്‍ അത് ഏതെങ്കിലും പ്രത്യേക നിറത്തിലോ രൂപത്തിലോ ബ്രാന്റ് ചെയ്‌ത വസ്‌ത്രമെന്ന് ഇസ്‌ലാമിക നിയമങ്ങളില്‍ പറയുന്നില്ല. മറിച്ച് സ്‌ത്രീയുടെ മുന്‍കയ്യും മുഖവുമൊഴികെയുള്ള ശരീരഭാഗങ്ങള്‍ ഒളിഞ്ഞോ തെളിഞ്ഞോ പ്രകടമാകാത്ത വിധമുള്ള വസ്‌ത്രം എന്നുള്ളതിനോടാണ് ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഭൂരിഭാഗവും യോജിക്കുന്നത്. അത് പ്രാദേശികവും കാലോചിതവുമായ സാരി, മക്കന, പര്‍ദ, ചുരിദാര്‍, പൈജാമ, മഫ്‌ത, മാക്‌സി എന്നിങ്ങനെ എന്തുമാവാം. ഇദ്ദയിലും അല്ലാത്തപ്പോഴുമെല്ലാം ഒരു മുസ്‌ലിം സ്‌ത്രീയുടെ വേഷവിധാന മര്യാദകളിങ്ങനെയാണ്. ലളിതവും ഏത് കാലത്തേക്കും ദേശത്തേക്കും പ്രായോഗികവുമാണത്. പക്ഷേ, ഖേദകരമെന്നു പറയട്ടെ, മുസ്‌ലിം സ്‌ത്രീയുടെ വേഷവിധാനത്തെയും ഇദ്ദാചരണത്തെയുമെല്ലാം ആധുനിക യുഗത്തിലും അവള്‍ക്കൊരു അപ്രായോഗിക പേടിസ്വപ്‌നമാക്കി മാറ്റിയിരിക്കുകയാണ്. പഴയതും പുതിയതുമായ ജാഹിലിയ്യത്തിനെ പാടെ പിഴുതെറിയാന്‍ മടിക്കുന്ന മുസ്‌ലിം ജനമനസ്സുകള്‍ തന്നെയാണതിന് പിന്നില്‍.
``എണീക്ക്, മതി കരഞ്ഞത്, വേഗം ബാത്ത് റൂമിലേക്ക് വാ. നിയ്യത്ത് വെച്ച് കുളിച്ച് ഡ്രസ് മാറണം. ഇദ്ദ ഇരിക്കണ്ടേ'' -ഭര്‍ത്താവിന്റെ മയ്യിത്തെടുത്ത ഉടന്‍ അദ്ദേഹത്തിന്റെ ഇരുപതുകാരിയായ വിധവയോടുള്ള പെണ്ണുങ്ങളുടെ നിര്‍ദേശമാണിത്. അതാവരുന്നു ഇദ്ദ വസ്‌ത്രങ്ങള്‍. വെള്ള നിറത്തില്‍ നീളന്‍ കുപ്പായം. വെള്ള മക്കന, പിറ്റേ ദിവസം പെണ്‍കുട്ടിയുടെ ഏങ്ങിയേങ്ങിക്കരച്ചില്‍. അവളുടെ പുതുവേഷം കണ്ട് പേടിച്ചരണ്ട ഒരു വയസ്സുകാരി അമ്മിഞ്ഞ കുടിക്കാന്‍ കൂട്ടാക്കുന്നില്ല പോലും. അതുകൊണ്ടൊക്കെയായിരിക്കാം ചില പെണ്‍കുട്ടികളെങ്കിലും ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട ഇദ്ദയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുക്കുന്നതു കാണാം. `ഭര്‍ത്താവിന് ഇഷ്‌ടമില്ല' എന്നുള്ള ന്യായമാണവര്‍ക്ക് പറയാനുള്ളത്. മതനിയമമനുസരിച്ചുള്ള ഇദ്ദ ഇരിക്കല്‍ ഇഷ്‌ടമില്ലെന്ന് പറയാന്‍ ഒരു ഭര്‍ത്താവിനും പാടില്ല. അവനവനു കഴിവില്‍ പെട്ട വിധത്തില്‍ ഇദ്ദ ആചരിക്കല്‍ ഭര്‍ത്താവിന്റെ സുഖദു:ഖങ്ങളില്‍ പങ്കെടുത്ത ഭാര്യ എന്ന നിലയ്‌ക്ക് അവളുടെ കടമയുമാണ്. അതാകട്ടെ, അവളുടെ ഇഹപര ജീവിതത്തിലേക്ക് ഒരാത്മീയ ചൈതന്യമാണുതാനും. പാലിച്ചില്ലെങ്കില്‍ അതിന്റെ തെറ്റുകാരിയും അവള്‍ തന്നെയായിരിക്കും.
പക്ഷേ ഇദ്ദ ഭക്ഷണം, ഇദ്ദ വസ്‌ത്രം, ഉംറ വസ്‌ത്രം, ഹജ്ജ് വസ്‌ത്രം എന്നൊക്കെ പറഞ്ഞ് പ്രത്യേകം ബ്രാന്റ് വസ്‌ത്രങ്ങളൊന്നും ഇസ്‌ലാമിലില്ല. അതൊക്കെ ആധുനിക കാലത്ത് മതമൂല്യങ്ങളും വാണിജ്യവത്‌കരിക്കപ്പെട്ടതിന്റെ അടയാളം മാത്രമാണ്. നിര്‍ബന്ധാവസ്ഥയില്‍ സ്വമനസ്സാലെയല്ലാതെ ഇതൊക്കെ വാങ്ങി ധരിക്കുന്ന സ്‌ത്രീകള്‍ പിന്നീട് അവസരം കിട്ടുമ്പോള്‍ റീഎന്‍ട്രിയടിച്ച് വസ്‌ത്ര വൈവിധ്യങ്ങളുടെ മായാവിലാസത്തില്‍ മൂളിപ്പറക്കുന്നതും കാണുന്നു. അക്കൂട്ടത്തില്‍ ഇദ്ദക്കാരിയും ഉംറക്കാരിയും ഹജ്ജുകാരിയും ഒക്കെ കാണപ്പെടുന്നുണ്ട്.
എ ജമീല ടീച്ചര്‍ എടവണ്ണ
(Shabab Weekly)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ