23 മാർച്ച് 2014

ഖല്‍ദൂന്‍ ചിന്തകളെ സൃഷ്‌ടിച്ച സാമൂഹ്യ രാഷ്‌ട്രീയ ബന്ധങ്ങള്‍

കരോളിന്‍ സ്റ്റോണ്‍
__________________

പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അറബ്‌ ചരിത്രകാരനും പ്രതിഭാശാലിയായ പണ്ഡിതനും ചിന്തകനും ആധുനിക ചരിത്രപഠനത്തിന്റെയും സാമൂഹ്യശാസ്‌ത്രത്തിന്റെയും സാമ്പത്തിക ശാസ്‌ത്രത്തിന്റെയും സ്ഥാപകനുമായിരുന്നു ഇബ്‌നുഖല്‍ദൂന്‍ എന്ന പേരില്‍ പ്രശസ്‌തനായ അബൂസൈദ്‌ അബ്‌ദുര്‍റഹ്‌മാന്‍ ഇബ്‌നു മുഹമ്മദ്‌ ഇബ്‌നുഖല്‍ദൂന്‍ അല്‍ഹസ്‌റമി.
ചരിത്രത്തിന്റെ നിര്‍ണായക കാലഘട്ടത്തില്‍ ജീവിച്ച അദ്ദേഹം ആന്തലൂസിന്റെ (സ്‌പെയിന്‍) പതനം, ക്രിസ്‌ത്യന്‍ അധിനിവേശം, നൂറുവര്‍ഷത്തെ യുദ്ധം, ഒട്ടോമാന്‍ സാമ്രാജ്യത്വത്തിന്റെ വ്യാപനം, ബൈസന്റേനിയന്‍ സാമ്രാജ്യത്വത്തിന്റെ പതനം, പകര്‍ച്ചവ്യാധിയായ പ്ലേഗിന്റെ വ്യാപനം (ബ്ലാക്‌ ഡെത്ത്‌) എന്നിവയ്‌ക്ക്‌ സാക്ഷ്യംവഹിച്ചിട്ടുണ്ട്‌. ഇബ്‌നുഖല്‍ദൂന്‍ ജീവിച്ചിരുന്ന ലോകത്തെക്കുറിച്ച്‌ `മനുഷ്യാധ്വാനത്തിന്റെ ക്ഷണികത ഓര്‍മപ്പെടുത്തുന്ന' കാലഘട്ടമെന്ന്‌ ആര്‍ബര്‍ട്ട്‌ ഹൂറാനി അഭിപ്രായപ്പെട്ടിട്ടുണ്ട്‌. `ചരിത്രത്തെക്കുറിച്ച്‌ ബുദ്ധിമാനായ മനുഷ്യന്‍ എക്കാലവും സൃഷ്‌ടിച്ചിട്ടുള്ളവയില്‍ വെച്ച്‌ ഏറ്റവും മഹത്തായ തത്വശാസ്‌ത്രം സൃഷ്‌ടിക്കുകയും ആവിഷ്‌കരിക്കുകയുമാണ്‌ ഇബ്‌നുഖല്‍ദൂന്‍ ചെയ്‌തതെന്ന്‌' ആര്‍നോള്‍ഡ്‌ ടോയന്‍ബി എഴുതി.

ജീവിതം
ഇബ്‌നുഖല്‍ദൂന്റെ പൂര്‍വികര്‍ ഹളര്‍മൗതില്‍ നിന്നുള്ളവരായിരുന്നു. എട്ടാം നൂറ്റാണ്ടില്‍ യമനില്‍ ഖല്‍ദൂന്‍ ബിന്‍ ഉസ്‌മാന്‍ എന്ന വ്യക്തി ജീവിച്ചിരുന്നു. ഐബീരിയന്‍ ഉപദ്വീപ്‌ കീഴടക്കാന്‍ മുസ്‌ലിംകളെ സഹായിച്ച യമനികളിലൊരാളായിരുന്നു അദ്ദേഹം. ഖല്‍ദൂന്‍ ഇബ്‌നു ഉസ്‌മാന്‍ ആദ്യം കാര്‍മോണയിലും പിന്നീട്‌ സെവില്ലെയിലും താമസിച്ചു. ആ കുടുംബത്തില്‍ പല പ്രമുഖരായ പണ്ഡിതന്മാരും ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ഐബീരിയന്‍ ഉപദ്വീപ്‌ ക്രിസ്‌ത്യാനികള്‍ കീഴടക്കിയപ്പോള്‍ ആ കുടുംബം വടക്കനാഫ്രിക്കയിലെ തൂണിസിലേക്ക്‌ കുടിയേറി. ഏതാണ്ട്‌ 1248 എഡി യിലായിരുന്നു അത്‌. അവിടെയാണ്‌ 1332 മെയ്‌ 7ന്‌ ഇബ്‌നുഖല്‍ദൂന്‍ ജനിച്ചത്‌. ഉന്നത നിലയിലുള്ള വിദ്യാഭ്യാസം അദ്ദേഹത്തിന്‌ ലഭിച്ചു.
ഇബ്‌നുഖല്‍ദൂന്‌ 17 വയസ്സുള്ളപ്പോള്‍ തുണീസില്‍ പ്ലേഗ്‌ പടര്‍ന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളും അധ്യാപകരും അവിടെവെച്ച്‌ മരണപ്പെട്ടു. 1347-1348 കാലഘട്ടത്തില്‍ യൂറോപ്പിലും മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും പടര്‍ന്നുപിടിച്ച പ്ലേഗ്‌ ഏതാണ്ട്‌ മൂന്നിലൊന്ന്‌ ജനതയെ കൊന്നൊടുക്കി. ജീവച്ചിരുന്നവരില്‍ ഈ ദുരന്തം വലിയ ആഘാതമുണ്ടാക്കി. കല, സാഹിത്യം, സാമൂഹ്യഘടനകള്‍, ബൗദ്ധികജീവിതം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലയെയും ഇത്‌ സ്വാധീനിച്ചു. ലോകത്തെക്കുറിച്ചുള്ള ഇബ്‌നു ഖല്‍ദൂന്റെ വീക്ഷണം രൂപപ്പെടുത്തുന്നതില്‍ ഈ ദുരന്തത്തിനും വ്യക്തമായ പങ്കുണ്ട്‌.
മൊറോക്കോ ഭരിച്ചിരുന്ന ബര്‍ബര്‍ വംശജരായ മറിനിഡുകളുടെ കീഴിലായിരുന്നു 1340-1350 കാലഘട്ടത്തില്‍ തൂണീസ്‌. രാഷ്‌ട്രീയ അസ്ഥിരതയുടെ നാളുകളായിരുന്നു അത്‌. വടക്കേ ആഫ്രിക്കയിലെ ഏറ്റവും സജീവമായ കൊട്ടാരവും മറിനിഡുകളുടെ തലസ്ഥാനവുമായിരുന്ന ഫെസിലേക്ക്‌ 20-ാം വയസ്സില്‍ ഇബ്‌നുഖല്‍ദൂന്‍ പുറപ്പെട്ടു. മികച്ച വിദ്യാഭ്യാസം ലഭിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന്‌ സെക്രട്ടറിയായി ജോലി ലഭിച്ചു. എങ്കിലും അധികനാള്‍ അദ്ദേഹമവിടെ തങ്ങിയില്ല. പരക്കെ നിലനിന്നിരുന്ന രാഷ്‌ട്രീയ ഛിദ്രതയില്‍ നിന്ന്‌ രക്ഷപ്പെടുകയായിരുന്നു അദ്ദേഹം. മിക്ക ഭരണകൂടങ്ങളും അസ്ഥിരമായിരുന്നു. വിവിധ ഭരണകൂടങ്ങള്‍ക്ക്‌ കീഴില്‍ അദ്ദേഹത്തിന്‌ ജോലി ചെയ്യേണ്ടിവന്നു. ഈ അനുഭവങ്ങളും അക്കാലത്ത്‌ പടര്‍ന്നുപിടിച്ച പ്ലേഗും അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ കാര്യമായ പങ്ക്‌ വഹിച്ചു.
അവിടെനിന്നും പോയശേഷം ഇബ്‌നുഖല്‍ദൂന്‍ വീണ്ടും ഫെസില്‍ തിരികെയെത്തുമ്പോള്‍ മുന്‍ ഭരണാധികാരിയുടെ മകനായ അബൂഇനാന്‍ ആയിരുന്നു അധികാരത്തില്‍. അബൂഇനാന്‌ തന്റെ സേവനങ്ങള്‍ അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. വീണ്ടും അവിടെ രാഷ്‌ട്രീയകലാപം പൊട്ടിപ്പുറപ്പെട്ടു. ആയിടെ രണ്ട്‌ വര്‍ഷക്കാലം ഇബ്‌നുഖല്‍ദൂന്‍ ജയിലിലുമായി. തുടര്‍ന്ന്‌ 1362ല്‍ അദ്ദേഹം ഗ്രാനഡയിലേക്ക്‌ പോയി.
1359ല്‍ ഗ്രാനഡയിലെ ഭരണാധികാരിയായിരുന്ന മുഹമ്മദ്‌ ഇബ്‌നുഅഹ്‌മറിന്‌ തന്റെ മന്ത്രിയായ ഇബ്‌നുല്‍ഖാതിബിനൊപ്പം ഫെസിലേക്ക്‌ രക്ഷപ്പെടേണ്ടിവന്നു. അക്കാലത്തെ പ്രമുഖ പണ്ഡിതന്മാരിലൊരാളായിരുന്നു ഇബ്‌നു ല്‍ഖാതിബ്‌. ഫെസില്‍ വെച്ചാണ്‌ ഇബ്‌നു അഹ്‌മര്‍ ഇബ്‌നുഖല്‍ദൂനെ കണ്ടുമുട്ടിയത്‌. അവര്‍ തമ്മില്‍ നല്ല സൗഹൃദം രൂപപ്പെടുകയും ചെയ്‌തു. ഇബ്‌നുഖല്‍ദൂനെ ബഹുമാനദാരങ്ങളോടെയാണ്‌ 1362ല്‍ ഗ്രാനഡയില്‍ സ്വീകരിച്ചത്‌. രണ്ട്‌ വര്‍ഷം കഴിഞ്ഞ്‌ 1364ല്‍ ഇബ്‌നുഅഹ്‌മര്‍ ഇബ്‌നുഖല്‍ദൂനെ ക്രൂരനായ പെഡ്രോ എന്നറിയപ്പെട്ടിരുന്ന സെവില്ലയിലെ പെഡ്രോ ഒന്നാമന്റെ അടുത്തേക്ക്‌ സമാധാനദൂതുമായി അയച്ചു. പെഡ്രോ അദ്ദേഹത്തിന്റെ കുടുംബസ്വത്തുക്കളും എസ്റ്റേറ്റുകളുമെല്ലാം ഇബ്‌നുഖല്‍ദൂന്‌ വാഗ്‌ദാനം ചെയ്‌തതിനെപ്പറ്റി അദ്ദേഹത്തിന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്‌. ഒരു ക്രിസ്‌ത്യന്‍ ഭരണാധികാരിയുമായുള്ള ഈ പരിചയം അദ്ദേഹത്തിന്‌ ഒരു വേറിട്ട അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ച്‌ മാത്രമല്ല മാറിമാറി വരുന്ന ഭരണകൂടങ്ങളെക്കുറിച്ചും അദ്ദേഹം ചിന്തിച്ചു. അഞ്ചു നൂറ്റാണ്ടുകാലത്തെ മുസ്‌ലിം ഭരണത്തിനു ശേഷം ഐബീരിയയില്‍ അധികാലത്തിലെത്തിയ ക്രിസ്‌ത്യന്‍ ഭരണത്തിന്റെ ചരിത്രപരവും മതപരവുമായ മാനങ്ങളെക്കുറിച്ച്‌ അദ്ദേഹം ബോധവാനായിരുന്നു. പിന്നീട്‌ ഇബ്‌നുല്‍ഖാത്തിബുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ ഇബ്‌നുഖല്‍ദൂനെ വടക്കേ ആഫ്രിക്കയിലേക്ക്‌ തിരികെപ്പോകാന്‍ നിര്‍ബന്ധിതനാക്കി. തന്റെ ജീവിതം വൈജ്ഞാനിക മേഖലയില്‍ സമര്‍പ്പിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചുവെങ്കിലും രാഷ്‌ട്രീയലോകം അദ്ദേഹത്തെ പലപ്പോഴും വിസ്‌മയിപ്പിച്ചു. ശാന്തമായിരുന്ന്‌ പഠിക്കാന്‍ കഴിയാത്തവണ്ണം രാഷ്‌ട്രീയത്തിന്റെ പ്രലോഭനങ്ങള്‍ക്ക്‌ അദ്ദേഹം വശംവദനായി.
അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെങ്കിലും ഇബ്‌നുല്‍ഖാതിബുമായുള്ള കത്തിടപാട്‌ ഇബ്‌നുഖല്‍ദൂന്‍ തുടര്‍ന്നു. ഇവയില്‍ മിക്ക കത്തുകളും തന്റെ ആത്മകഥയില്‍ ഖല്‍ദൂന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കൊട്ടാരത്തിലെ ഉപജാപത്തിന്റെ ഫലമായി ഇബ്‌നു ഖാത്തിബ്‌ വിചാരണയ്‌ക്ക്‌ വിധേയനായ അവസരത്തില്‍ അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ഇബ്‌നുഖല്‍ദൂന്‍ ശ്രമിച്ചിരുന്നു. പ്ലേഗ്‌ പകര്‍ച്ചവ്യാധിയാണെന്ന ഇബ്‌നുഖാത്തിബിന്റെ വാദം മതനിന്ദയാണെന്ന്‌ ആരോപിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തെ ജയിലടച്ചതും 1375ല്‍ അദ്ദേഹത്തെ വധിച്ചതും. മൂന്ന്‌ നൂറ്റാണ്ടിനുശേഷം ഗലീലിയോ കൊല്ലപ്പെട്ടതിനു ഇബ്‌നുഖാത്തിബിന്റെ വധവുമായി സാദൃശ്യമുണ്ട്‌.
തന്റെ സുഹൃത്തിന്റെ വധവും അതുണ്ടാക്കിയ രാഷ്‌ട്രീയാഘാതങ്ങളും ഇബ്‌നുഖല്‍ദൂനെ സ്വാധീനിക്കുകയുണ്ടായി. അധികം വൈകാതെ അദ്ദേഹം അല്‍ജീരിയയിലെ ഇബ്‌നുസലാമയുടെ കൊട്ടാരത്തിലെത്തി. അവിടെ പഠനത്തിനും അക്കാലത്തെ പ്രക്ഷുബ്‌ധമായ രാഷ്‌ട്രീയാന്തരീക്ഷത്തിന്റെ ഫലമായുണ്ടായ കയ്‌പേറിയ അനുഭവങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നതിനും ഇബ്‌നുഖല്‍ദൂന്‌ സമയം ലഭിച്ചു.
ഇക്കാലത്താണ്‌ തന്റെ `കിതാബുല്‍ ഇബറി'ന്റെ മുഖവുര അഥവാ മുഖദ്ദിമ അദ്ദേഹം രചിച്ചത്‌. യഥാര്‍ഥത്തില്‍ മുഖദ്ദിമയും കിതാബുല്‍ ഇബറും ഒറ്റഗ്രന്ഥമാണെങ്കിലും പലപ്പോഴും അവയെ വെവ്വേറെയായിട്ടാണ്‌ പരിഗണിക്കുന്നത്‌. ഇബ്‌നുഖല്‍ദൂന്റെ ഏറ്റവും മൗലികമായതും വിവാദപരമായ വീക്ഷണങ്ങളുള്ളതുമായ രചനയാണ്‌ മുഖദ്ദിമ. കിതാബുല്‍ ഇബറാവട്ടെ സാധാരണ ചരിത്രവിവരണമാണ്‌. പില്‍ക്കാല ജീവിതത്തിലെ തന്റെ അറിവിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ ഇബ്‌നുഖല്‍ദൂന്‍ തന്റെ മഹദ്‌രചനകള്‍ കൂടുതല്‍ രേഖപ്പെടുത്തി എഴുതുകയുണ്ടായി.
1375 മുതല്‍ 1379 വരെയുള്ള കാലഘട്ടമാണ്‌ ഇബ്‌നുഖല്‍ദൂന്‍ ഇബ്‌നു

സലാമയുടെ കൊട്ടാരത്തില്‍ ചെലവഴിച്ചത്‌. തന്റെ ഗവേഷണം തുടരാനായി നല്ല ലൈബ്രറികള്‍ ആവശ്യമാണെന്ന്‌ ബോധ്യപ്പെട്ട അദ്ദേഹം ഒടുവില്‍ ആ കൊട്ടാരത്തോട്‌ വിടപറഞ്ഞു. തന്റെ പൂര്‍വികന്മാര്‍ ജീവിച്ചിരുന്നതും മറമാടപ്പെട്ടതും അവരുടെ ഭവനങ്ങള്‍ അവശേഷിക്കുന്നതുമായ നഗരത്തിലേക്ക്‌ - തുണീസിലേക്ക്‌ - തന്റെ 47-ാമത്തെ വയസ്സില്‍ ഇബ്‌നുഖല്‍ദൂന്‍ തിരിച്ചെത്തി. യാത്രകളൊഴിവാക്കി, എല്ലാ രാഷ്‌ട്രീയ ഇടപെടലുകളില്‍ നിന്നും മാറിനിന്ന്‌ ഒരധ്യാപകനും പണ്ഡിതനുമായി ശിഷ്‌ടകാലം ചെലവഴിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. പക്ഷെ, അതെളുപ്പമായിരുന്നില്ല. അദ്ദേഹത്തിന്റെ യുക്തിയിലധിഷ്‌ഠിതമായ അധ്യാപനങ്ങള്‍ ശരിയല്ലെന്ന്‌ ചിലര്‍ കരുതി. തന്റെ വിദ്യാര്‍ഥി കാലഘട്ടം മുതലേ, അത്ര നല്ല ബന്ധം നിലനിര്‍ത്താതിരുന്ന തുണീസിലെ അസ്സൈത്തൂന മസ്‌ജിദിലെ ഇമാമിന്‌ ഇബ്‌നുഖല്‍ദൂനോട്‌ അസൂയയുണ്ടായിരുന്നു. തുണീസില്‍ തന്നെ താമസിച്ച്‌ തന്റെ രചന പൂര്‍ത്തീകരിക്കണമെന്ന്‌ സുല്‍ത്താന്‍ ഇബ്‌നുഖല്‍ദൂനോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. ഒരു ഭരണാധികാരിയുടെ മഹത്വം തന്റെ കൊട്ടാരത്തിലെ പണ്ഡിതന്മാരുടെ സാന്നിധ്യത്തിന്നനുസരിച്ച്‌ ഏറുമല്ലോ.
അവസ്ഥ കൂടുതല്‍ പ്രശ്‌നങ്ങള്‍ നിറഞ്ഞതായപ്പോള്‍ 1382ല്‍ ഇബ്‌നുഖല്‍ദൂന്‍ ഭരണാധികാരിയോട്‌ ഹജ്ജിനുപോകാന്‍ അനുമതി ചോദിച്ചു. ഇസ്‌ലാമികലോകത്ത്‌ നിരസിക്കാനാവാത്ത ഒരാവശ്യമാണല്ലോ അത്‌. ഒക്‌ടോബറില്‍ അദ്ദേഹം ഈജിപ്‌തിലേക്ക്‌ പുറപ്പെട്ടു. അദ്ദേഹത്തിന്റെ എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു കൈറോയുടെ ആകര്‍ഷണീയത. അവിടുത്തെ മംലൂക്ക്‌ സുല്‍ത്താനായ ബര്‍ഖൂഖ്‌ അദ്ദേഹത്തെ സന്തോഷപൂര്‍വം സ്വീകരിക്കുകയും ഖാദിയായി നിയമിക്കുകയും ചെയ്‌തു.
അവിടുത്തെ ജോലിയും അത്ര സുരക്ഷിതമായിരുന്നില്ല. അഴിമതിയും അജ്ഞതയും ചെറുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമവും ഒരു വിദേശിയെ ഖാദിയായി നിയമിച്ചതില്‍ ഇതരരുടെ അസൂയയുമൊക്കെച്ചേര്‍ന്ന്‌ അവസ്ഥ അത്ര സന്തോഷകരമല്ലാതാക്കി. സുല്‍ത്താന്‍ അദ്ദേഹത്തെ മാറ്റി മുന്‍ ഖാദിയെ നിയമിച്ചത്‌ ഇബ്‌നുഖല്‍ദൂന്‌ ആശ്വാസമാണ്‌ നല്‍കിയത്‌. മരണപ്പെടുന്നതിന്‌ മുമ്പ്‌ ആറു പ്രാവശ്യമെങ്കിലും ഇബ്‌നുഖല്‍ദൂനെ മാറ്റുകയും പുനരവരോധിക്കുകയും ചെയ്‌തിട്ടുണ്ട്‌.
ഇബ്‌നുഖല്‍ദൂന്‍ വിവാഹിതനായിരുന്നു. അദ്ദേഹത്തിന്‌ മക്കളുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഏക സഹോദരി ചെറുപ്പത്തിലേ മരിച്ചുപോയിരുന്നു. അദ്ദേഹത്തിന്റെ ഇളയ സഹോദരനായ -യഹ്‌യ ഇബ്‌നുഖല്‍ദൂന്‍-പ്രമുഖനായ ഒരു ചരിത്രകാരനായിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ സ്വകാര്യജീവിതത്തെക്കുറിച്ച്‌ കുറച്ചേ നമുക്കറിയൂ. ഒരാളുടെ രചനയില്‍ അയാളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തുക എന്നത്‌ മുസ്‌ലിംകളുടെ പ്രത്യേകിച്ച്‌ അറബികളുടെ രീതിയായിരുന്നില്ല. എന്നിരുന്നാലും ഏതാണ്ടിക്കാലത്ത്‌ ഇബ്‌നുഖല്‍ദൂന്‍ തിരിച്ചെത്താന്‍ വേണ്ടി അദ്ദേഹത്തിന്റെ കുടുംബത്തെ ഭരണാധികാരി തൂണീസില്‍ തടവിലാക്കിയിരുന്നു. പിന്നീട്‌ സുല്‍ത്താന്‍ ബര്‍ഖൂഖിന്റെ വ്യക്തിപരമായ അഭ്യര്‍ഥനപ്രകാരം ഇബ്‌നുഖല്‍ദൂന്റെ കുടുംബത്തിന്‌ കൈറോവില്‍ പോകാന്‍ അനുമതി ലഭിക്കുകയാണുണ്ടായത്‌. സുല്‍ത്താന്റെ അഭ്യര്‍ഥനയടങ്ങുന്ന കത്ത്‌ ഇബ്‌നുഖല്‍ദൂന്റെ ആത്മകഥയില്‍ ഉദ്ധരിച്ചിട്ടുണ്ട്‌. എന്നാല്‍ ഇബ്‌നുഖല്‍ദൂന്റെ കുടുംബം സഞ്ചരിച്ചിരുന്ന ബോട്ട്‌ കൊടുങ്കാറ്റില്‍ പെട്ട്‌ അലക്‌സാണ്ട്രിയയ്‌ക്കടുത്തുവെച്ച്‌ മുങ്ങിപ്പോവുകയാണുണ്ടായത്‌.
മൂന്ന്‌ വര്‍ഷത്തോളം ഇബ്‌നുഖല്‍ദൂന്‍ കൈറോവില്‍ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. പിന്നീട്‌ 1387ല്‍ ഈജിപ്‌ഷ്യന്‍ സംഘത്തോടൊപ്പം ഹജ്ജിനായി പുറപ്പെട്ടു. തന്റെ സുഹൃത്തായ ഇബ്‌നു സംറകില്‍നിന്ന്‌ യാന്‍ബുവില്‍ വെച്ച്‌ ഇബ്‌നുഖല്‍ദൂന്‌ ഒരു കത്ത്‌ ലഭിച്ചു. അല്‍ഹംറ കൊട്ടാരത്തിന്റെ ഭിത്തിയില്‍ ഇബ്‌നു സംറകിന്റെ പല കവിതകളും ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്‌. അക്കാലത്ത്‌ ഗ്രാനഡയിലെ ഭരണാധികാരിയുടെ സെക്രട്ടറിയായിരുന്ന ഇബ്‌നുസംറക്‌ മറ്റു വിശേഷങ്ങളോടൊപ്പം ഈജിപ്‌തില്‍നിന്നുള്ള ഗ്രന്ഥങ്ങളെക്കുറിച്ചും ഇബ്‌നുഖല്‍ദൂനയച്ച കത്തില്‍ ചോദിച്ചിരുന്നു. അറബ്‌ ലോകത്തെമ്പാടുമുള്ള പണ്ഡിതന്മാരുമായി ഇബ്‌നു ഖല്‍ദൂന്‍ ബന്ധം നിലനിര്‍ത്തിയിരുന്നു എന്നതിന്‌ തെളിവാണിത്‌.
കൈറോവില്‍ തിരിച്ചെത്തിയ ശേഷം ഇബ്‌നുഖല്‍ദൂന്‍ അധ്യാപകനായിത്തന്നെ ജോലി തുടര്‍ന്നു. എങ്കിലും 1399 മുതല്‍ പലപ്പോഴും നിയമിതനാവുകയും പിരിച്ചുവിടപ്പെടുകയും ചെയ്‌തു. വടക്കേ ആഫ്രിക്കയില്‍ പല ബൈര്‍ബര്‍ ഭരണാധികാരികള്‍ അധികാരത്തില്‍ കയറുന്നതിനും അധികാരത്തില്‍ നിന്നിറങ്ങുന്നതിനും ഇബ്‌നുഖല്‍ദൂന്‍ സാക്ഷിയായി. ഐബീരിയന്‍ ഉപദ്വീപില്‍ മുസ്‌ലിം രാജാക്കന്മാരെ പരാജയപ്പെടുത്തി ക്രിസ്‌ത്യന്‍ ഭരണാധികാരികള്‍ അധികാരത്തിലേറുന്നതിനും അദ്ദേഹം സാക്ഷിയായി. പിന്നീടദ്ദേഹം മുമ്പൊരിക്കലും പോവാത്ത കൂടുതല്‍ കിഴക്കുള്ള പ്രദേശത്തേക്ക്‌ യാത്രയായി. 1400ല്‍ ബര്‍ഖൂഖിന്റെ പിന്‍ഗാമിയായ സുല്‍ത്താന്‍ നസീറിന്റെ കല്‌പനപ്രകാരം മംഗോളിയന്‍ ഭരണാധികാരിയായ തിമൂറുമായി സംസാരിക്കാന്‍ അദ്ദേഹം ദമസ്‌കസിലേക്ക്‌ പോയി. ദമസ്‌കസിനെ തന്റെ പടയോട്ട മേഖലയില്‍നിന്ന്‌ ഒഴിവാക്കാന്‍ തിമൂറിനോട്‌ അഭ്യര്‍ഥിക്കുകയായിരുന്നു ഇബ്‌നുഖല്‍ദൂന്റെ ലക്ഷ്യം. ഇബ്‌നുഖല്‍ദൂന്‍ തന്റെ ആത്മകഥയില്‍ തിമൂറുമായുണ്ടായ സംഭാഷണം അത്യാകര്‍ഷകമായി വിവരിച്ചിട്ടുണ്ട്‌.
എന്നാല്‍ ഇബ്‌നു ഖല്‍ദൂനുള്‍പ്പെട്ട ഈജിപ്‌ഷ്യന്‍ സംഘത്തിന്റെ ഉദ്യമം പരാജയപ്പെടുകയാണുണ്ടായത്‌. തിമൂര്‍ ദമസ്‌കസ്‌ കീഴടക്കുകയും പിന്നീട്‌ ബാഗ്‌ദാദിലെത്തുകയും വന്‍ കൂട്ടക്കുരുതി നടത്തുകയും ചെയ്‌തു. അടുത്തവര്‍ഷം അങ്കാറയില്‍ വെച്ച്‌ ഒട്ടോമന്‍ സുല്‍ത്താനെ പരാജയപ്പെടുത്തുകയും സുല്‍ത്താന്‍ ബയാസിത്തിനെ തടവുകാരനായി പിടികൂടുകയും ചെയ്‌തു. ഈ സംഭവങ്ങള്‍ തിമൂറിന്റെ അംബാസഡറായി 1403ല്‍ സമര്‍ഖണ്ടിലേക്ക്‌ പോയ റെയ്‌ഗൊന്‍സെയില്‍സ്‌ ഡി ക്ലാവിഡോ എന്ന സ്‌പാനിഷ്‌ യാത്രികന്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.
പിന്നീടദ്ദേഹം തുണീസിലേക്ക്‌ തിരികെപ്പോയില്ല. 1406 മെയ്‌ 16ന്‌ മരിക്കുന്നതിന്‌ മുമ്പുവരെ തന്റെ മഹത്തായ ഗ്രന്ഥം പുന:പരിശോധിക്കുകയും കൂടുതല്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്‌തു അദ്ദേഹം.

സംഭാവനകള്‍
ഇബ്‌നുഖല്‍ദൂന്റെ ഏറ്റവും പ്രധാന രചന കിതാബൂല്‍ഇബറാണ്‌. അതിന്റെ പ്രധാനഭാഗം മുഖദ്ദിമയാണ്‌. മൂന്ന്‌ വാല്യങ്ങളുള്ള മുഖദ്ദിമ ഗ്രന്ഥകര്‍ത്താവിന്റെ മൗലിക ചിന്തകളുടെ കലവറയാണ്‌. അതിനെത്തുടര്‍ന്നുള്ള കിതാബുല്‍ ഇബര്‍ വടക്കേ ആഫ്രിക്ക, ബെര്‍ബെറുകള്‍, മുസ്‌ലിം സ്‌പെയിന്‍ എന്നിവയെക്കുറിച്ച്‌ നിലവിലുള്ള ഏറ്റവും പ്രധാന ചരിത്രസ്രോതസ്സാണ്‌.
19-ാം നൂറ്റാണ്ടില്‍ ഒട്ടോമാന്‍ തുര്‍ക്കികളിലൂടെ മുഖദ്ദിമ പാശ്ചാത്യപണ്ഡിതന്മാരുടെ ശ്രദ്ധയില്‍പെട്ടു. മൗലികപാണ്ഡിത്യത്തിന്‌ തടസ്സമാവും വിധം സ്വതന്ത്രചിന്തയ്‌ക്ക്‌ മതാധികാരികളും രാഷ്‌ട്രീയാധികാരികളും കൂച്ചുവിലങ്ങിട്ടിരുന്ന അക്കാലത്ത്‌ മുഖദ്ദിമ പോലൊരു രചന ഉണ്ടായതാണ്‌ പാശ്ചാത്യ പണ്ഡിതന്മാരെ വിസ്‌മയിപ്പിച്ചത്‌. സോഷ്യോളജി, സാമ്പത്തികസിദ്ധാന്തം തുടങ്ങി വ്യത്യസ്‌ത വൈജ്ഞാനിക ശാഖകളെ ഒരേസമയം അദ്ദേഹം കൈകാര്യം ചെയ്‌തതാണ്‌ പാശ്ചാത്യലോകത്തെയും അറബ്‌ ലോകത്തെയും പണ്ഡിതന്മാരെ ആശ്ചര്യപ്പെടുത്തിയത്‌.
എന്നാല്‍ ഇബ്‌നുഖല്‍ദൂന്‍ ചര്‍ച്ച ചെയ്‌ത വിഷയങ്ങള്‍ തികച്ചും പുതിയതായിരുന്നില്ല. ഗ്രീക്ക്‌ ചിന്തകന്മാരും ഫാറാബിയെയും മസ്‌ഊദിയെയും പോലുള്ള മുന്‍കാല അറബ്‌ എഴുത്തുകാരും ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തിരുന്നു. അല്‍ഫാറാബിയെയും മസ്‌ഊദിയെയും ഇബ്‌നുഖല്‍ദൂന്‍ പലയാവര്‍ത്തി തന്റെ കൃതിയില്‍ ഉദ്ധരിക്കുന്നുമുണ്ട്‌. ഗ്രീക്ക്‌ ഭാഷയിലെ എത്രത്തോളം ഗ്രന്ഥങ്ങളുടെ വിവര്‍ത്തനങ്ങള്‍ ഇബ്‌നുഖല്‍ദൂന്‌ ലഭിച്ചിരുന്നെന്നും പ്ലേറ്റോയുടെ റിപ്പബ്ലിക്‌ അദ്ദേഹം വായിച്ചിരുന്നോ എന്നതും ഇപ്പോഴും തീര്‍പ്പിലെത്താത്ത വിഷയമാണ്‌. എന്നാല്‍, ഈ പ്രശ്‌നങ്ങളെക്കുറിച്ച്‌ ബോധവാനായിരുന്നു എന്നത്‌ മാത്രമല്ല, സാമൂഹ്യ വിഷയങ്ങളുടെ കാര്യ-കാരണാടിസ്ഥാനത്തിലുള്ള പരസ്‌പരബന്ധത്തെക്കുറിച്ച്‌ അദ്ദേഹം സൂക്ഷ്‌മമായി പഠിച്ചിരുന്നു എന്നതാണ്‌ അദ്ദേഹത്തെ വ്യതിരിക്തമായ ഘടകം.
ബൗദ്ധിക വികാസത്തിന്റെ ഒരു പരമ്പരക്കു തന്നെ ഇബ്‌നുഖല്‍ദൂന്റെ ശ്രമങ്ങള്‍ പ്രചോദനമായി. പ്രമുഖ ഈജിപ്‌ഷ്യന്‍ ചരിത്രകാരനായ അല്‍മഖ്‌ദിസി ഇബ്‌നുഖല്‍ദൂന്റെ ചില ആശയങ്ങള്‍ വികസിപ്പിക്കുകയും ചരിത്രപഠനമേഖലയില്‍ തന്റേതായ സംഭാവനകള്‍ അര്‍പ്പിക്കുകയുമുണ്ടായി. എന്നിരുന്നാലും സമ്രാജ്യങ്ങളുടെ ഉത്ഥാന പതനങ്ങളെക്കുറിച്ചുള്ള ഇബ്‌നുഖല്‍ദൂന്റെ സിദ്ധാന്തങ്ങളില്‍ ഏറ്റവുമധികം താല്‌പര്യം പ്രകടിപ്പിച്ചത്‌ ഒട്ടോമാന്‍ തുര്‍ക്കികളാണ്‌. അദ്ദേഹം ചര്‍ച്ച ചെയ്‌ത പല പോയിന്റുകളും ഒട്ടോമാന്‍ തുര്‍ക്കികളുടെ രാഷ്‌ട്രീയ സാഹചര്യത്തില്‍ പ്രയോഗവത്‌ക്കരിക്കാന്‍ അനുയോജ്യമായിരുന്നു.
രാജ്യങ്ങളുടെ ഉത്ഥാനത്തിന്റെയും പതനത്തിന്റെയും കാരണങ്ങളെന്താണ്‌ എന്നതാണ്‌ മുഖദ്ദിമയില്‍ ഇബ്‌നുഖല്‍ദൂന്‍ കാര്യമായി ചര്‍ച്ച ചെയ്യുന്ന വിഷയം. തന്റെ വാദങ്ങളെ അദ്ദേഹം ആറ്‌ വിഭാഗങ്ങളായി തിരിക്കുന്നുണ്ട്‌. പ്രാരംഭത്തിലദ്ദേഹം ഉറവിടവും രീതിശാസ്‌ത്രവും പരിഗണിക്കുന്നു. അദ്ദേഹം ചരിത്രമെഴുത്തിന്റെ പ്രശ്‌നങ്ങളെ വിശകലനം ചെയ്യുകയും ചരിത്രകാരന്മാരെ പലപ്പോഴും വഴിതെറ്റിക്കുന്ന അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഇക്കാലത്തും പ്രസക്തമാണ്‌. മനുഷ്യസമൂഹത്തിന്റെ യാഥാര്‍ഥ്യങ്ങളെക്കുറിച്ച്‌ പഠിക്കുന്നതിന്‌ പ്രാധാന്യം കൊടുക്കുകയും നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ -കേവല മുന്‍ധാരണകളുടെ അടിസ്ഥാനത്തിലല്ല- തീര്‍പ്പുകളിലെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ്‌ ഇബ്‌നുഖല്‍ദൂന്റെ മൗലികത. ഇബ്‌നുഖല്‍ദൂന്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ യൂറോപ്പില്‍ മാനവികപ്രസ്ഥാനം രൂപപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു എന്നത്‌ ശ്രദ്ധേയമാണ്‌. ജനങ്ങളും അവരുടെ ഭൗതിക-സാമൂഹ്യചുറ്റുപാടും തമ്മിലുള്ള പരസ്‌പരബന്ധത്തിന്റെ പ്രാധാന്യം ഇബ്‌നുഖല്‍ദൂനും യൂറോപ്പിലെ മാനവിക പ്രസ്ഥാനവും മനസ്സിലാക്കിയിരുന്നു. ഇബ്‌നുഖല്‍ദൂന്‍ കൈകാര്യം ചെയ്‌ത വിഷയങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയത്‌ ഇന്നത്തെ ബഹുസ്വര സമൂഹത്തില്‍ കൂടുതല്‍ പ്രസക്തമാണ്‌. എന്താണ്‌ മാനവികഐക്യം? ഒരു സമൂഹം എങ്ങനെയാണത്‌ നേടുന്നതും നിലനിര്‍ത്തുന്നതും? ഒരു സമൂഹത്തിനുമാത്രം എന്തെങ്കിലും കീഴടക്കാനോ നിലനിര്‍ത്താനോ കഴിയില്ല; അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ച്‌ ആഭ്യന്തര തലത്തില്‍ അഭിപ്രായൈക്യമില്ലെങ്കില്‍. ശക്തമായ നേതൃത്വത്തിന്റെ അനിവാര്യത ഇബ്‌നുഖല്‍ദൂന്‍ അംഗീകരിക്കുന്നുണ്ട്‌. ഒരു സമൂഹത്തിന്റെ വിജയത്തിന്‌ അതിന്റെ ആത്യന്തിക ലക്ഷ്യങ്ങളില്‍ എല്ലാവര്‍ക്കും യോജിപ്പുണ്ടായിരിക്കണം എന്ന്‌ അദ്ദേഹത്തിന്‌ വ്യക്തമായിരുന്നു.
രക്തബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ളതായതിനാല്‍ ഗോത്രസമൂഹങ്ങളിലാണ്‌ ഏറ്റവും രൂഢമായ ബന്ധം നിലനില്‍ക്കുന്നതെന്ന്‌ ഇബ്‌നുഖല്‍ദൂന്‍ വാദിച്ചു. പരുക്കന്‍ സാഹചര്യത്തില്‍ ഐക്യമത്യമില്ലാതെ നിലനില്‍ക്കല്‍ അസാധ്യമാണെന്നതാണ്‌ അതിനു കാരണം. ഈ ഐക്യബോധം മറ്റൊരു ശക്തമായ സാമൂഹ്യബന്ധമായ മതത്തിന്റെ കൂടി സാന്നിധ്യമുണ്ടാകുമ്പോള്‍ അപ്രതിരോധ്യമായിത്തീരുന്നു.
ഒന്നും നഷ്‌ടപ്പെടാനില്ലാത്ത, ശക്തമായ ആഭ്യന്തര ബന്ധമുള്ള പരുക്കന്മാരായ നാടോടികള്‍ ഉദാസീനരായ നഗരവാസികളെ കീഴടക്കുന്നു. നഗരവാസികള്‍ സമ്പന്നരാണെങ്കിലും കായികശേഷി കുറവുള്ളവരും പരസ്‌പരൈക്യമില്ലാത്തവരുമായിരിക്കും. നാഗരികജീവിതത്തില്‍ നിലനില്‍പിന്‌ ഈ ഗുണങ്ങള്‍ അനിവാര്യമല്ലാത്തതാണ്‌ കാരണം. വ്യത്യസ്‌ത സംസ്‌കാരങ്ങളുള്ളവര്‍ വസിക്കുന്ന നഗരത്തില്‍ ഗോത്ര ജീവിതത്തിലേതുപോലെ ഐക്യം ഉണ്ടാവില്ലല്ലോ. നഗരങ്ങള്‍ കീഴടക്കിയ നാടോടികള്‍ നാഗരികസംസ്‌കാരത്തില്‍ ആകൃഷ്‌ടരാവുകയും ക്രമേണ പരസ്‌പരബന്ധം ദുര്‍ബലമാവുകയും ചെയ്യുന്നു. അപ്പോള്‍ പുറമേ നിന്നെത്തുന്ന പരുക്കന്മാരുടെ മറ്റൊരു സംഘം അവരെ അക്രമിക്കുകയും നഗരം കീഴടക്കുകയും ചെയ്യുന്നു. ഈ പ്രക്രിയകളുടെ ആവര്‍ത്തനമാണ്‌ ഇബ്‌നുഖല്‍ദൂന്റെ വീക്ഷണത്തില്‍ ചരിത്രം.
തികച്ചും അസ്ഥിരമായ രാഷ്‌ട്രീയകാലഘട്ടത്തിലെ തന്റെ അനുഭവങ്ങളില്‍ നിന്നാണ്‌ ഇബ്‌നുഖല്‍ദൂന്‍ തന്റെ വീക്ഷണങ്ങള്‍ രൂപപ്പെടുത്തിയത്‌. ലോകത്തിന്റെ പല ഭാഗങ്ങളും അറബ്‌ സംസ്‌കാരത്തിന്റെ കീഴില്‍വന്നത്‌ അദ്ദേഹം കണ്ടു. ചിലയിടങ്ങളില്‍ പരാജയപ്പെട്ടതും അദ്ദേഹത്തിന്റെ ദൃഷ്‌ടിയില്‍പെട്ടു. വടക്കേ ആഫ്രിക്കയില്‍ ബെര്‍ബറുകളാല്‍, സ്‌പെയിനില്‍ ഫ്രാങ്കുകളാല്‍, ഖിലാഫത്തിന്റെ ആസ്ഥാനങ്ങളില്‍ തിമൂറിനാല്‍ മുസ്‌ലിംകള്‍ തോല്‌പിക്കപ്പെടുന്നത്‌ ഇബ്‌നുഖല്‍ദൂന്‍ ശ്രദ്ധിച്ചു. ബദുക്കളാണ്‌ അറേബ്യന്‍ സാമ്രാജ്യം സ്ഥാപിച്ചതെന്ന്‌ ഇബ്‌നുഖല്‍ദൂന്‌ നന്നായറിയാമായിരുന്നു. അവര്‍ കീഴടക്കിയ പ്രദേശത്തെ ജനങ്ങളേക്കാള്‍ ഭൗതികവിഭവങ്ങളും പരിഷ്‌കാരവും കുറഞ്ഞവരായിരുന്നു അറബികള്‍. എന്നാല്‍ അവരുടെ അസബിയ്യ-ഐക്യമത്യം-കൂടുതല്‍ കരുത്തുറ്റതും പുതുവിശ്വാസമായ ഇസ്‌ലാമിനാല്‍ പ്രചോതിതവുമായിരുന്നു. കീഴടക്കലും നശീകരണവും വീണ്ടും കീഴടക്കലും-അതും തന്റെ തന്നെ സംസ്‌കാരത്തിന്റെ ചെലവില്‍-കണ്ട്‌ ഇബ്‌നുഖല്‍ദൂന്‍ വല്ലാതെ നിരാശനായി. 


മുഖദ്ദിമയിലൂടെ തന്റെ സിദ്ധാന്തങ്ങള്‍ ഇബ്‌നുഖല്‍ദൂന്‍ വികസിപ്പിച്ചു. വിദ്യാഭ്യാസം, സാമ്പത്തികശാസ്‌ത്രം, നികുതിയും മ്മിലുള്ള ബന്ധം, ഉദ്യോഗസ്ഥവൃന്ദവും സൈനികരും, വ്യക്തികളുടെയും സംസ്‌കാരങ്ങളുടെയും പുരോഗതിയില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പുതിയ ആശയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. അല്‍മസ്‌ഊദിയുടെ `കിതാബുത്തന്‍ബീഹി വല്‍ഇശ്‌റാഫ്‌' എന്ന കൃതിയില്‍ ഇബ്‌നുഖല്‍ദൂന്റെ സിദ്ധാന്തങ്ങളുടെ പ്രതിധ്വനികള്‍ നാം കാണുന്നു.
ദേശീയവും അന്താരാഷ്‌ട്രീയവുമായ മേഖലകളില്‍ വേണ്ടത്ര പ്രായോഗിക പരിചയം ഇബ്‌നുഖല്‍ദൂന്‌ ഉണ്ടായിരുന്നു. നാഗരികചുറ്റുപാടില്‍ അഴിമതിയ്‌ക്കും അജ്ഞതയ്‌ക്കും എതിരെ പോരാടുന്നതിന്റെ പ്രശ്‌നങ്ങള്‍ കൈറോയില്‍ ഖാദിയായി ജോലി ചെയ്‌ത വ്യത്യസ്‌ത ഘട്ടങ്ങളില്‍ നിന്ന്‌ അദ്ദേഹം മനസ്സിലാക്കിയിരുന്നു. ധാര്‍മിക അധപ്പതനമാണ്‌ നാഗരികതയുടെ ഏറ്റവും വലിയ ഭീഷണിയെന്ന്‌ അദ്ദേഹം വിശ്വസിച്ചു. പ്രായോഗിക പരിജ്ഞാനത്തില്‍ നിന്നും നേരിട്ടുള്ള നിരീക്ഷണത്തില്‍നിന്നും അക്കാദമിക്‌ സിദ്ധാന്തങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നതായിരുന്നു അദ്ദേഹത്തിന്റെ തീര്‍പ്പുകള്‍.
മുഖദ്ദിമയുടെ നിലവാരത്തിലേക്ക്‌ ഏതെങ്കിലും കൃതി എത്തുക എന്നത്‌ പ്രയാസകരമാണ്‌. മുസ്‌ലിം പടിഞ്ഞാറിന്റെ ചരിത്രത്തിനുവേണ്ടി ആശ്രയിക്കാവുന്ന അനന്യ സ്രോതസ്സാണിത്‌. മുസ്‌ലിമേതര ലോകത്തിന്റെ ചരിത്രത്തില്‍ അല്‍മസ്‌ഊദി കാണിച്ച താല്‍പര്യം ഇബ്‌നുഖല്‍ദൂന്‌ ഉണ്ടായിരുന്നില്ല.
യാഥാര്‍ഥ്യങ്ങള്‍ കൃത്യമായി പറയാന്‍ വളരെ വലിയ ശ്രമങ്ങള്‍ അദ്ദേഹം പലപ്പോഴും നടത്തിയിട്ടുണ്ട്‌. തന്റെ കൃതിയില്‍ തിമൂറിനെക്കുറിച്ച്‌ പറയുന്ന ഭാഗം തിരുത്താന്‍ തിമൂറിനോട്‌ തന്നെയാണ്‌ അദ്ദേഹം ആവശ്യപ്പെട്ടത്‌. അതിനുവേണ്ട ധൈര്യം ഇബ്‌നുഖല്‍ദൂനുണ്ടായിരുന്നു. തിമൂറിന്‌ ഇബ്‌നുഖല്‍ദൂനോട്‌ നല്ല മതിപ്പായിരുന്നു. മുസ്‌ലിംകളുടെ പ്രത്യേകിച്ചും അറബ്‌ ലോകത്തിന്റെ ഉയിര്‍ത്തെഴുന്നേല്‌പിനുവേണ്ട കെട്ടുറപ്പ്‌ പ്രദാനം ചെയ്യാന്‍ തിമൂറിന്‌ കഴിയുമെന്ന്‌ ഇബ്‌നുഖല്‍ദൂന്‍ വിശ്വസിച്ചു. എന്നാല്‍ അധികനാള്‍ ആ വിശ്വാസം നീണ്ടുനിന്നില്ല.
തികച്ചും അക്കാദമിക്കായ പല വിഷയങ്ങളെക്കുറിച്ചും ഇബ്‌നുഖല്‍ദൂന്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. പല വ്യക്തിപരമായ കാര്യങ്ങളും പരാമര്‍ശിച്ചിട്ടില്ലെങ്കിലും അദ്ദേഹം ജീവിച്ച ലോകത്തെക്കുറിച്ച്‌ അത്യന്തം ആകര്‍ഷകമായ പല വിവരങ്ങളും - പെഡ്രോയെയും തിമൂറിനെയും നേരില്‍ കണ്ടതും-ഇബ്‌നുഖല്‍ദൂന്റെ ആത്മകഥയില്‍ നിന്ന്‌ ലഭിക്കും.
ചരിത്രസംഭവങ്ങളെ കാലാടിസ്ഥാനത്തില്‍ ക്രോഡീകരിക്കുക എന്ന സാമ്പ്രദായിക രീതിയല്ല ചരിത്രകാരനെന്ന നിലയില്‍ ഇബ്‌നുഖല്‍ദൂന്‍ ചെയ്‌തത്‌. സാമൂഹ്യശാസ്‌ത്രം എന്ന പുതിയ പഠനമേഖല സൃഷ്‌ടിക്കുകയാണദ്ദേഹം ചെയ്‌തത്‌. മനുഷ്യസംസ്‌കാരവും സാമൂഹ്യയാഥാര്‍ഥ്യങ്ങളും പരസ്‌പരബന്ധമുള്ളതായിരുന്നു ഇബ്‌നുഖല്‍ദൂന്റെ സാമൂഹ്യശാസ്‌ത്രവീക്ഷണത്തില്‍. ചരിത്രത്തെ എങ്ങനെ കാണണെന്നും ചരിത്രം എങ്ങനെ എഴുതണമെന്നും അറിയാന്‍ നമുക്ക്‌ സഹായകമാണ്‌ ഇബ്‌നുഖല്‍ദൂന്റെ കൃതികള്‍.

വിവ.
സിദ്ദീഖ്‌ സി സൈനുദ്ദീന്‍ 

(Shabab Weekly/ 21 Mar 2014)

അഭിപ്രായങ്ങളൊന്നുമില്ല: