22 മാർച്ച് 2014

ഇബ്‌നുഖല്‍ദൂന്‍ ജനാധിപത്യ സങ്കല്‌പത്തിന്റെ ശില്‌പി

            
  മുട്ടാണിശ്ശേരില്‍ കോയാക്കുട്ടി മൗലവി 
  _______________________________
                                                                           
മഹാനായ മുസ്‌ലിം തത്വചിന്തകനായ ഇബ്‌നുഖല്‍ദൂന്റെ ഏറ്റവും പ്രശസ്‌ത കൃതിയായ മുഖദ്ദിമ, ഏഴ്‌ വാള്യങ്ങളില്‍ അദ്ദേഹം രചിച്ച `ഇബര്‍' എന്ന സമഗ്രചരിത്രപഠനത്തിന്റെ ഒന്നാം വാള്യമാണ്‌. മുഖവുര എന്നു തന്നെ അര്‍ഥവും. പക്ഷേ, തുടര്‍ന്ന്‌ ഗ്രന്ഥത്തിന്‌ വന്ന പ്രശസ്‌തി, ഈ പേര്‍ ഈ ആമുഖഗ്രന്ഥത്തിനു നേടിക്കൊടുത്തത്‌ കാരണം ഇബ്‌നുഖല്‍ദൂന്‍ തന്നെ തന്റെ `ഇബറി'ലും `തഅ്‌രീഫി'ലും `മുഖദ്ദിമ'യെന്ന്‌ ഈ ആമുഖത്തെ വിളിക്കുന്നുണ്ട്‌.

ഇബ്‌നുഖല്‍ദൂന്‍ തന്റെ ഗ്രന്ഥത്തിന്റെ യഥാര്‍ഥ തുടക്കം മൂന്നാം ആമുഖത്തിലൂടെ ആരംഭിക്കുന്നു.

മനുഷ്യവര്‍ഗത്തില്‍ കാണപ്പെടുന്ന വിവിധതരം ദര്‍ശനങ്ങളുള്ള വ്യക്തികള്‍ ആദ്യം പ്രവാചകന്മാരില്‍ തുടങ്ങുന്ന പഠനം, ഏതല്‍ഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന ദിവ്യന്മാരില്‍ ചെന്നുനില്‌ക്കുന്നു. തുടര്‍ന്ന്‌ മാനസികദര്‍ശനങ്ങളില്‍ തന്നെ കാണപ്പെടുന്ന ഭാവി പ്രവചനക്കാര്‍, ജോത്സ്യന്മാര്‍, ഗണിതതന്ത്രങ്ങളുപയോഗിച്ചുള്ള പ്രവചനവിധങ്ങള്‍ എന്നിവയെക്കുറിച്ച്‌ പഠനങ്ങള്‍ വരുന്നു. ഇതില്‍ മതം വിരോധിച്ചിട്ടുള്ളവയെ അദ്ദേഹം പ്രത്യേകം എടുത്തുകാട്ടുകയും ചെയ്യുന്നുണ്ട്‌.
തുടര്‍ന്ന്‌ സാമൂഹ്യഘടനയില്‍ പ്രത്യക്ഷപ്പെടുന്ന പ്രതിഭാസങ്ങള്‍ ഉപജീവനം, തൊഴിലുകള്‍, ധനം, കലകള്‍, ശാസ്‌ത്രങ്ങള്‍, തത്വജ്ഞാനം, മതവിജ്ഞാനീയങ്ങള്‍, വിദ്യാഭ്യാസം, ശിക്ഷണം, ഭാഷാശാസ്‌ത്രം, ഗദ്യം, പദ്യം, നാടോടിക്കവിത എന്നിങ്ങനെ മനുഷ്യനാഗരികതയില്‍ പ്രത്യക്ഷപ്പെടുന്ന എല്ലാ പ്രതിഭാസങ്ങളെയും ഒരു എന്‍സൈക്ലോപീഡിയയുടെ വ്യാപ്‌തിയിലും ഉയര്‍ന്ന നിലവാരത്തിലും ഇബ്‌നുഖല്‍ദൂന്‍ അവതരിപ്പിക്കുന്നു.
ഓരോ വിഷയങ്ങളും അത്യത്ഭുതകരമായ പാടവത്തോടും സ്വാധീനത്തോടും ആണ്‌ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌. ഓരോ വിഷയങ്ങളിലും പ്രസിദ്ധീകൃതമായ പ്രഗത്ഭന്മാരുടെ ഗ്രന്ഥങ്ങളും വിഷയങ്ങളിലടങ്ങിയ പ്രശ്‌നങ്ങളും അവയില്‍ പാകപ്പിഴകളുണ്ടെങ്കില്‍ അവയും എല്ലാം സമഗ്രമായി ചര്‍ച്ച ചെയ്യപ്പെടുന്നു. അരിസ്റ്റോട്ടില്‍, പ്ലേറ്റോ, ഇബ്‌നുസീനാ, ഇബ്‌നുറുഷ്‌ദ്‌ എന്നിങ്ങളെ പരശ്ശതം ശാസ്‌ത്രജ്ഞന്മാരുടെ ഗ്രന്ഥങ്ങളും അതിസമര്‍ഥമായി അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്‌. ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെയും ഹദീസ്‌ ശാസ്‌ത്രങ്ങളെയും മതതത്വജ്ഞാനശാസ്‌ത്രത്തെയും തസവ്വുഫിനെയും അദ്ദേഹം ആഴത്തില്‍ ഇറങ്ങിച്ചെന്ന്‌ വിവരിക്കുന്നുണ്ട്‌. തുടര്‍ന്ന്‌ ഭാഷയെയും അതിന്റെ പഠനസമ്പ്രദായങ്ങളെയും അത്യാധുനിക മാനദണ്ഡങ്ങളാല്‍ അദ്ദേഹം വിശകലനം ചെയ്യുന്നു. വിദ്യാഭ്യാസരംഗത്ത്‌ അദ്ദേഹത്തിന്റെ പഠനം എന്നും വിലപ്പെട്ട ആധികാരിക പ്രമാണമായിരിക്കും. ഇന്ന്‌ യൂറോപ്യന്‍ പഠനസമ്പ്രദായങ്ങളില്‍ കാണപ്പെടുന്ന സവിശേഷതകള്‍ ഒട്ടുവളരെ മുഖദ്ദിമയുടെ ചിന്താസരണി മാത്രമാണ്‌.
ഇബ്‌നു ഖല്‍ദൂന്റെ ഗ്രന്ഥത്തിന്റെ പാഠങ്ങള്‍ എല്ലാ കാലത്തും പ്രാമുഖ്യമുള്ളതാണ്‌. അത്‌ മാനവനാഗരികത നേരിടുന്ന എല്ലാ പ്രതിഭാസങ്ങളെയും സമഗ്രമായി കൈകാര്യം ചെയ്യുന്നുണ്ട്‌. ഒരു രാഷ്‌ട്രത്തിന്റെ വളര്‍ച്ചയെയും തകര്‍ച്ചയെയും കുറിക്കുന്ന കാരണങ്ങളെക്കുറിച്ചുള്ള മുഖദ്ദിമയുടെ പാഠങ്ങള്‍, സവിശേഷമായും നവോത്ഥാനദശയിലുള്ള ഇന്ത്യയില്‍ വലിയ പ്രയോജനം ചെയ്യുമെന്നുള്ളതില്‍ രണ്ട്‌ പക്ഷമില്ല. അതുകൊണ്ട്‌ നമ്മുടെ ജനതയുടെ വളര്‍ച്ചയുടെ ഈ ഘട്ടത്തില്‍ ഈ ഗ്രന്ഥത്തിന്‌ നല്‍കാന്‍ കഴിയുന്ന സംഭാവന തികച്ചും മഹത്തായ ഒന്നാണ്‌.
മുഖദ്ദിമയ്‌ക്ക്‌ രണ്ട്‌ ഭാവങ്ങളുണ്ട്‌. പ്രത്യക്ഷമായ അതിന്റെ വശം, പ്രകൃതിപരമായ ശാസ്‌ത്രീയ പാഠങ്ങള്‍ തരുന്നു. ഈ വശമാണ്‌ യുറോപ്യന്‍ ചിന്തകന്മാരെ ആകര്‍ഷിച്ച ബാഹ്യവശം. സംഘബോധം, ക്ലേശങ്ങള്‍ക്ക്‌ മനുഷ്യശീലങ്ങളില്‍ മാറ്റം വരുത്താനുള്ള കഴിവ്‌, മറിച്ച്‌ സമൃദ്ധജീവിതത്തിന്‌ ആ ശീലങ്ങളില്‍ വരുത്താന്‍ കഴിയുന്ന പ്രതികൂലഗുണങ്ങള്‍, സമൂഹം, അതിലെ മുഖ്യപ്രതിഭാസമായ സംഘബോധം, അതിന്റെ പരിണതഫലമായ രാഷ്‌ട്രശക്തി, അതിന്റെ വിവിധ ഭാവങ്ങള്‍, പൗരാവകാശങ്ങള്‍, പൗരനും സമൂഹവും, നിയമങ്ങള്‍, ഉപജീവന മാര്‍ഗങ്ങള്‍, ധനം, തൊഴിലുകള്‍, കലകള്‍, ശാസ്‌ത്രങ്ങള്‍, ഭാഷാ, ഭാഷാഭ്യസനം, ശാസ്‌ത്രാഭ്യസനം, മതാഭ്യസനം, ഭാഷയുടെ സവിശേഷതകള്‍, ഗദ്യം, പദ്യം എന്നീ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന മുഖദ്ദിമയുടെ ബാഹ്യഭാവങ്ങളാണ്‌ എല്ലാ യൂറോപ്യന്‍ പണ്ഡിതന്മാരുടെയും ശ്രദ്ധാവിഷയം.
എന്നാല്‍ മുഖദ്ദിമ ഒരു മതഗ്രന്ഥമല്ല. മതോപദേശങ്ങളുമല്ല അതിന്റെ

ഉള്ളടക്കം. അദ്ദേഹം അത്‌ പരോക്ഷമായി സൂചിപ്പിക്കുന്നുമുണ്ട്‌. തികച്ചും ശാസ്‌ത്രീയമായ ഒരു സമീപനം, തന്റെ വൈവിധ്യപൂര്‍ണമായ വിഷയങ്ങളുടെ അവതരണത്തില്‍ അദ്ദേഹത്തിന്‌ ആവശ്യമാണ്‌. ഒരുപക്ഷേ മറ്റൊരു മുസ്‌ലിം പണ്ഡിതനും കഴിയാത്ത വസ്‌തുനിഷ്‌ഠതയും നിഷ്‌പക്ഷതയും അദ്ദേഹം തന്റെ വിശകലനങ്ങളില്‍ ദീക്ഷിച്ചിട്ടുണ്ട്‌. ഇതാണ്‌ യൂറോപ്യന്‍ ധിഷണതെയെ ഈ ഗ്രന്ഥത്തിലേക്ക്‌ ഇത്രയേറെ ആകര്‍ഷിച്ചതിന്‌ മുഖ്യകാരണം. ഒരുപക്ഷേ ഇതു തന്നെയായിരിക്കാം മുസ്‌ലിം പണ്ഡിതന്മാരുടെ ശ്രദ്ധ, മുഖദ്ദിമയുടെ നേരെ കുറഞ്ഞുപോയതിനും കാരണം. എന്നാല്‍, തികച്ചും ശാസ്‌ത്രീയമായി നിഗൂഢമായ ഒരാശയ തന്തു മുഖദ്ദിമയുടെ വൈവിധ്യമാര്‍ന്ന അധ്യായങ്ങളെയെല്ലാം കോര്‍ത്തിണക്കുന്നുണ്ട്‌. ഇസ്‌ലാം മതത്തിന്റെ അടിസ്ഥാനപരമായ ആശയങ്ങളെയെല്ലാം പ്രകൃതിപ്രതിഭാസങ്ങളുടെ പഠനങ്ങളായി ഇബ്‌നുഖല്‍ദൂന്‍ അവതരിപ്പിക്കുന്നു. എന്നാല്‍ ഇത്തരം ഒറ്റയൊറ്റ ശാസ്‌ത്രീയപഠനങ്ങളുടെ ഈ പരസ്‌പരബന്ധം കണ്ടെത്താന്‍ കഴിയാത്തയാള്‍ക്ക്‌ മുഖദ്ദിമ എന്താണെന്ന്‌ ഒരു വിവരവും ലഭിച്ചെന്നു വരികയില്ല. ആ അടിസ്ഥാനതന്തു, യൂറോപ്യന്‍ പണ്ഡിതന്മാര്‍ അവഗണിക്കുകയാ അറിയാതിരിക്കുകയോ ചെയ്‌തിട്ടുണ്ട്‌. പക്ഷേ, ആധുനികബുദ്ധി മുഖദ്ദിമയുടെ നേര്‍ക്ക്‌ തിരിയേണ്ടത്‌, ആന്തരികമായ അതിന്റെ ഈ തന്തു കണ്ടെത്തുകയെന്നതിനാണ്‌. വിശാലമായ പഠനരംഗമാണത്‌. ഗവേഷകന്മാര്‍ ഇതിലേക്ക്‌ ഒരുമ്പെട്ടിറങ്ങുമെന്ന്‌ പ്രതീക്ഷിക്കാം. അത്ഭുതാവഹമായ ഫലങ്ങള്‍ നമ്മുടെ സമൂഹത്തിന്‌ നല്‍കാന്‍ ഈ പഠനങ്ങള്‍ക്ക്‌ കഴിയുമെന്നുള്ളത്‌ തര്‍ക്കമറ്റ സംഗതിയാണ്‌.
ആധുനിക യൂറോപ്യന്‍ ചിന്തയുടെ പിതാവ്‌ എന്ന്‌ ഇബ്‌നുഖല്‍ദൂനെ വിശേഷിപ്പിക്കാന്‍ യൂറോപ്യന്മാര്‍ തന്നെ ഇന്ന്‌ മടിക്കുന്നില്ല. ഇബ്‌നുഖല്‍ദൂന്റെ ചിന്തയുടെ അനന്തരാവകാശികളായി ഒരു വലിയ പറ്റം ആധുനിക പാശ്ചാത്യ പ്രഗത്ഭന്മാരെ തന്നെ അവര്‍ നിരത്തിവയ്‌ക്കുന്നുണ്ട്‌. ഇബ്‌നുഖല്‍ദൂനെക്കുറിച്ച്‌ എ ഷിമ്മെലിന്റെ ഗ്രന്ഥത്തില്‍ സമര്‍ഥിക്കുന്നത്‌, മാക്കിയവല്ലി, ബോഡിന്‍, വികോ, ഗിബ്ബണ്‍, മോണ്‍ടിക്യൂ, ആബിഡിമാബ്ലി, ഫെര്‍ഗുസെന്‍, ഹെര്‍ഡര്‍, കോണ്ടോര്‍സെറ്റ്‌, കോംറ്റെ, ഗോബിന്യൂ, ടാര്‍ഡേ, ബ്രേസിങ്‌, വില്യം ജെയിംസ്‌ എന്നീ വലുതും ചെറുതുമായ യൂറോപ്യന്‍ ചരിത്രകാരന്മാരുടെയെല്ലാം ദീപശിഖാവാഹകന്‍ എന്നാണ്‌. റോസന്താള്‍ പറയുന്നു: ``ഇബ്‌നുഖല്‍ദൂനെ ഹെഗലിനോട്‌ താരതമ്യപ്പെടുത്തിക്കാണാറുണ്ട്‌. എന്നാല്‍ അദ്ദേഹത്തോട്‌ തുലനം ചെയ്യപ്പെടാന്‍ കഴിയാത്ത ധിഷണാശാലികള്‍ ആരും തന്നെയില്ലെന്ന്‌ പറയാം. ഇത്തരം താരതമ്യപ്പെടുത്തലുകള്‍ ഇബ്‌നുഖല്‍ദൂനോട്‌ തുലനം ചെയ്യപ്പെടുന്ന വ്യക്തിയുടെ ബുദ്ധിപരമായ ഔന്നത്യത്തെ വിലയിരുത്താന്‍ മാത്രമേ സഹായിക്കൂ. ഇബ്‌നുഖല്‍ദൂനെ വിലയിരുത്താന്‍ അത്‌ നമ്മെ സഹായിക്കുകയില്ല
ആധുനിക സാമൂഹ്യ രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഇബ്‌നുഖല്‍ദൂന്റെ സംഭാവന വളരെ വലുതാണ്‌. യൂറോപ്യന്‍ ഡെമോക്രസി, യൂറോപ്യന്മാരുടെ വൈദേശിക വ്യാപാര യാത്രകളില്‍ നിന്നുണ്ടായ പ്രതിപക്ഷ ബഹുമാനത്തില്‍ നിന്നും ഉടലെടുത്തതാണെന്ന്‌ ടോയ്‌ന്‍ബി സമര്‍ഥിക്കുന്നുണ്ടെങ്കിലും വസ്‌തുത അതല്ലെന്ന്‌ ചിന്തിക്കാന്‍ എതിര്‍ന്യായങ്ങള്‍ കൂടുതല്‍ കാണാം. ജനാധിപത്യ സമ്പ്രദായത്തിലുള്ള നാമനിര്‍ദേശം, സ്ഥാനാര്‍ഥി നിര്‍ദേശം, വോട്ട്‌, തെരഞ്ഞെടുപ്പ്‌, പാനല്‍ നിര്‍ദേശം, സ്വതന്ത്രമായ വോട്ടവകാശം എന്നിങ്ങനെയുള്ള ആധുനിക ജനാധിപത്യത്തിന്റെ അടിസ്ഥാനാശയങ്ങള്‍, ചാറല്‍സ്‌ ഒന്നാമന്റെയും ലൂയി പതിനാറാമന്റെയും തല കൊയ്യപ്പെടുന്നതിന്‌ എത്രയോ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഇബ്‌നുഖല്‍ദൂന്‍ വ്യക്തമായി വരച്ചുകാട്ടി. ഒരു ജനാധിപത്യ വ്യവസ്ഥയില്‍, ജുഡീഷ്യറിയുടെ തുടക്കവും അതിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനവും ഹസ്രത്ത്‌ ഉമറിന്റെ ഈ വിഷയത്തിലുള്ള കത്ത്‌ ഉദ്ധരിച്ചുകൊണ്ട്‌ ഇബ്‌നുഖല്‍ദൂന്‍ വരച്ചുകാട്ടുന്നത്‌ ഒരു ജനാധിപത്യ സമ്പ്രദായത്തിന്റെ ആവശ്യകതകള്‍ അദ്ദേഹം നിഷ്‌കര്‍ഷയോടെ നിര്‍ദേശിക്കുന്ന ലക്ഷ്യത്തിന്‌ വേണ്ടിയായിരുന്നു. ഈ വഴിക്കെല്ലാമുള്ള ഇസ്‌ലാമിന്റെ ആശയങ്ങളുടെ ശാസ്‌ത്രീയത സമര്‍ഥിക്കുന്നതിലൂടെ അവയ്‌ക്ക്‌ ലഭിക്കുന്ന സര്‍വസമ്മതി മാത്രമേ സാമൂഹ്യപ്രസ്ഥാനമായി വളരത്തക്ക ശക്തിയാര്‍ജിക്കുകയുള്ളൂ. ആ ശക്തിയിലൂടെയല്ലാതെ ശക്തമായ സാമൂഹ്യ പരിവര്‍ത്തനങ്ങളും സംഭവിക്കുകയില്ല. ``ബലം പ്രയോഗിച്ച്‌ വാങ്ങുന്ന വോട്ട്‌ അസാധുവാണ്‌'' എന്ന മാലിക്‌ ഇമാമിന്റെ പ്രഖ്യാപനം ഇബ്‌നുഖല്‍ദൂന്‍ ശ്രദ്ധാപൂര്‍വം ഉന്നയിക്കുന്നതിന്റെ ആന്തരികപ്പൊരുള്‍ ഈ കാഴ്‌ചപ്പാടിലൂടെ നോക്കുമ്പോള്‍ മാത്രമേ വ്യക്തമാവുകയുള്ളൂ.
സോഷ്യലിസ്റ്റ്‌ രാഷ്‌ട്രങ്ങളുടെ അടിസ്ഥാനാശയങ്ങളും ഇബ്‌നുഖല്‍ദൂന്‍

വ്യക്തമായി വിവരിച്ചിട്ടുണ്ടെന്ന്‌ നാം വായിക്കുമ്പോള്‍, വാസ്‌തവത്തില്‍ അത്ഭുതപ്പെട്ടുപോകും. `ധനം' അല്ലെങ്കില്‍ `മൂലധനം' എന്ന്‌ വിവര്‍ത്തനം ചെയ്യപ്പെടാവുന്ന `കസ്‌ബ്‌' അദ്ദേഹം നിര്‍വചിക്കുന്നു. `അല്‍കസ്‌ബ്‌ ഖീമത്തുല്‍ അമല്‍, `അധ്വാനത്തിന്റെ വിലയാണ്‌ ധനം.' തുടര്‍ന്ന്‌ ആ അധ്വാനത്തിനും അതിന്റെ വിലയായ ധനത്തിനും ഇബ്‌നുഖല്‍ദൂന്‍ നല്‍കുന്ന വിവക്ഷയ്‌ക്ക്‌ അപ്പുറം ഒരു വസ്‌തുതയും ഇന്നത്തെ സോഷ്യലിസ്റ്റ്‌ ചിന്തകന്മാര്‍ ഈ പ്രതിഭാസത്തിന്‌ നല്‍കിയിട്ടില്ല എന്ന്‌ പ്രസ്‌തുത അധ്യായങ്ങള്‍ വായിക്കുന്ന ഏതൊരാള്‍ക്കും വ്യക്തമാകും. 14-ാം നൂറ്റാണ്ടില്‍ ഇബ്‌നുഖല്‍ദൂന്‍ ധനത്തിന്‌ നല്‍കിയ ഒരു അര്‍ഥ വിവക്ഷയ്‌ക്കങ്ങേപ്പുറം ഒന്ന്‌ 19-ാം നൂറ്റാണ്ടില്‍ സോഷ്യലിസ്റ്റ്‌ ചിന്തകന്മാര്‍ക്ക്‌ ആര്‍ക്കും കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. സോഷ്യലിസ്റ്റ്‌ സമൂഹക്രമത്തില്‍, തൊഴിലാളി വര്‍ഗബോധത്തിന്റെ ആവശ്യകത, അടിസ്ഥാനാശയമാണ്‌. ഇബ്‌നുഖല്‍ദൂന്‍ സമൂഹത്തിന്റെ രാഷ്‌ട്രശക്തി, സംഘബോധത്തില്‍ അധിഷ്‌ഠിതമാണെന്നു സ്ഥാപിച്ചു. പിന്നീട്‌ അഞ്ച്‌ നൂറ്റാണ്ടുകള്‍ക്കു ശേഷം, ഒരു പുതിയ അടിസ്ഥാനത്തില്‍, പടുത്തുയര്‍ത്താന്‍ തുടക്കമിട്ട ഒരു സമൂഹത്തിന്‌, ആ സമൂഹത്തിന്റെ പ്രത്യേക സ്വഭാവമുള്‍ക്കൊള്ളുന്ന ആശയത്തിന്മേല്‍, ഒരു `സംഘബോധം' വേണമെന്ന്‌ ശഠിക്കുന്നത്‌ ഇബ്‌നുഖല്‍ദൂന്റെ ആശയമാണെന്നത്‌ തര്‍ക്കമറ്റ സംഗതിയാണ്‌. `സംഘബോധ'ത്തിന്‌ `വര്‍ഗബോധം' എന്ന പേര്‌ നല്‍കപ്പെടുന്നതുകൊണ്ട്‌ ആശയം മാറുന്നില്ലല്ലോ. കാള്‍മാര്‍ക്‌സ്‌ ഉപയോഗിച്ച മൂലപദം മൂലഭാഷയില്‍ രണ്ട്‌ വിധത്തിലും വിവക്ഷിക്കാവുന്ന ഒന്നാണോ എന്നും നമുക്ക്‌ അറിവില്ല.
സോഷ്യലിസ്റ്റ്‌ രാഷ്‌ട്രങ്ങളില്‍ നിലവിലുള്ള തെരഞ്ഞെടുപ്പ്‌ സമ്പ്രദായങ്ങളെക്കുറിച്ചും ഇബ്‌നുഖല്‍ദൂന്‍ എടുത്ത്‌ പറയുന്നു. ഒരു ഭരണകൂടസൃഷ്‌ടിക്ക്‌ അത്‌ അറുക്കാനും അഴിക്കാനും ശേഷിയുള്ളവര്‍ (അഹ്‌ലുല്‍ ഹല്ല്‌ വല്‍ അഖ്‌ദ്‌) എന്ന്‌ അദ്ദേഹം എടുത്തു വിവരിക്കുന്ന ഒരു വിഭാഗം ആവശ്യമാണ്‌. രാഷ്‌ട്രീയ പ്രബുദ്ധര്‍ എന്ന്‌ വിളിക്കപ്പെടാവുന്ന പാര്‍ട്ടിയുടെ ഘടനയല്ലാതെ മറ്റെന്താണ്‌ ഇത്‌ ദ്യോതിപ്പിക്കുന്നത്‌. ഇനി, ഒരു വസ്‌തുത ഇത്തരുണത്തില്‍ പ്രസ്‌താവ്യമാണ്‌. നാം നേരത്തെ പരാമര്‍ശിച്ച വ്യക്തി സ്വാതന്ത്ര്യം, അരാജകത്വം, നിയമങ്ങള്‍, മര്‍ദിതര്‍ എന്ന പ്രതിഭാസത്തെക്കുറിച്ച്‌ ഈ സോഷ്യലിസ്റ്റ്‌ ചിന്തകന്മാര്‍ ഒരു പോംവഴി നിര്‍ദേശിക്കുന്നുണ്ട്‌. വ്യക്തിനിയമങ്ങള്‍ ഇല്ലാതെ, നിമയങ്ങള്‍ അനുസരിച്ച്‌ നടക്കുന്ന ഒരു സമൂഹക്രമം ഉണ്ടാകുമെന്നാണ്‌ ഈ പ്രശ്‌നത്തിന്‌ സോഷ്യലിസ്റ്റ്‌ ചിന്തകന്മാരുടെ മറുപടി. അപ്പോള്‍ സ്റ്റേറ്റ്‌ കൊഴിഞ്ഞുപോകും എന്ന വാദംകൊണ്ടാണ്‌ ഈ പ്രശ്‌നത്തെ അവര്‍ നേരിടുന്നത്‌. ഇബ്‌നുഖല്‍ദൂന്‍ മതത്തിന്റെ നിയന്ത്രണശക്തിയെക്കൊണ്ട്‌ ഈ വൈരുധ്യത്തിന്‌ ഫലപ്രദമായ പരിഹാരം കണ്ടെത്തുമ്പോള്‍, തികച്ചും ഭാവനാത്മകമോ അസ്വാഭാവികമോ ആയ ഒരു ഡോഗ്‌മാ അവതരിപ്പിച്ച്‌ ഒരു പരിഹാരം നിര്‍ദേശിക്കപ്പെടുകയാണിവിടെ. ഇത്‌ ദ്യോതിപ്പിക്കുന്നത്‌, ഇബ്‌നുഖല്‍ദൂന്‍ എടുത്തുകാട്ടുന്ന വൈരുധ്യത്തിന്‌ ഒരു പരിഹാരനിര്‍ദേശം മതത്തിന്റെ ഉപാധി കൂടാതെ കണ്ടെത്തുക ഇവര്‍ക്ക്‌ ആവശ്യമായി വന്നുവെന്നുമാണ്‌.


(മുഖദ്ദിമയുടെ മലയാള തര്‍ജമയില്‍ പരിഭാഷകന്‍ എഴുതിയ മുഖക്കുറിപ്പില്‍ നിന്ന്‌) 

(ShababWeekly/ 21 Mar 2014)

അഭിപ്രായങ്ങളൊന്നുമില്ല: