03 ഡിസംബർ 2013

"അത്വിബ്ബുന്നബവി" അഥവാ പ്രവാചക വൈദ്യം: യാഥാർത്ഥ്യം എന്ത്?


പ്രവാചക വൈദ്യം, ഇസ്‌ലാമിക വൈദ്യം എന്നൊക്കെ വ്യവഹരിക്കപ്പെടുന്ന ഒരു ചികിത്സാരീതി വർത്തമാന മുസ്‌ലിം പരിസരങ്ങളിൽ പ്രചാരപ്പെട്ടു വരുന്നതായി കാണുന്നു. എപ്പോഴെങ്കിലുമൊക്കെ ചില രോഗാവസ്ഥകൾക്ക് തിരുമേനി നിർദേശിക്കുകയോ അഥവാ, ചില ഔഷധഗുണങ്ങളുണ്ടെന്ന് അവിടന്ന് നിരീക്ഷിക്കുകയോ ചെയ്ത ഏതാനും വസ്തുക്കളെ ചുറ്റിപ്പറ്റിയാണ് ഇത്തരം ഒരു ചികിത്സാ സമ്പ്രദായം അതിജീവനം നടത്തുന്നത്.
കൊമ്പുവെക്കൽ, സുറുമയിടൽ തുടങ്ങിയ ചില നാട്ടുരീതികളും അക്കൂട്ടത്തിൽ പെടുന്നു. രോഗസന്ദർശനവേളകളിൽ  ശമനത്തിനായി പ്രവാചകൻ നടത്തിയ ചില പ്രാർഥനകളെ അതിജീവിച്ചു കെട്ടിയുണ്ടാക്കിയ മന്ത്രവാദ ചികിത്സയും ത്വിബ്ബുന്നബവിയുടെ ഭാഗമായി കൊണ്ടു നടക്കുന്നുണ്ട്. എന്നാൽ, യഥാർതത്തിൽ 'പ്രവാചകവൈദ്യ'മെന്നോ 'ഇസ്‌ലാമികവൈദ്യ'മെന്നോ പേരിൽ ഒരു വൈദ്യശാസ്ത്രമോ ചികിത്സാരീതിയോ ഉണ്ടോ?
മുകളിൽ സൂചിപ്പിച്ച പോലെ, ചില രോഗികൾക്ക് നബിതിരുമേനി അവരുടെ രോഗാവസ്ഥക്ക്  അനുയോജ്യമായിക്കണ്ട ചില മരുന്നുകൾ നിർദേശിച്ചതായി ചില ഹദീസുകളിൽ കാണാം. അതുപോലെ, ചില വസ്തുക്കളുടെ ഔഷധഗുണങ്ങളെപ്പറ്റി അവിടന്ന് പറഞ്ഞതായും ചില നിവേദനങ്ങളുണ്ട്. ഇത്തരം നിവേദനങ്ങളിൽ പലതിന്റെയും പരമ്പര പ്രബലങ്ങളല്ലെന്ന കാര്യം മാറ്റിനിർത്തിയാൽ തന്നെ,  ഇതൊന്നും പക്ഷേ തിരുമേനി പ്രവാചകനെന്ന നിലക്കോ വെളിപാടനുസരിച്ചോ, അല്ലെങ്കിൽ വൈദ്യം പഠിച്ച ആളെന്ന നിലയിലോ ഉള്ളതായിരുന്നില്ല.  മറ്റാരെയുംപോലെ, സ്വാനുഭവങ്ങളിൽ നിന്നോ ജീവിത പരിസരങ്ങളിൽ നിന്നോ മനസ്സിലാക്കിയത് പറയുകയോ നിർദേശിക്കുകയോ ചെയ്യുകയായിരുന്നു. അതാവട്ടെ ഏവർക്കും എവിടേക്കും എക്കാലത്തേക്കും ആയുള്ള ചികിത്സാവിധികളായിരുന്നില്ല, ചില പ്രത്യേക രോഗാവസ്ഥകളിൽ നിശ്ചിത വ്യക്തികൾക്ക് നൽകിയ നിർദേശങ്ങൾ മാത്രമായിരുന്നു. തന്നോട് രോഗപീഡയെപ്പറ്റി ആവലാതിപ്പെട്ടവരോട് വൈദ്യന്മാരെ പോയി കാണാൻ പറയുകയായിരുന്നല്ലോ അവിടന്ന് ചെയ്തിരുന്നത്. (പലപ്പോഴും ആ വൈദ്യന്മാർ മുസ്‌ലിംകൾ പോലുമായിരുന്നില്ല). രോഗികളും രോഗാവസ്ഥകളും കാലവും പരിസരവും മാറുന്നതനുസരിച്ച് മരുന്നുകളും ഉപയോഗവും  ചികിത്സാരീതികളും മാറുമെന്നത് വൈദ്യശാസ്ത്രത്തിലെ സർവാംഗീകൃത തത്വമാണല്ലോ. അതിനാൽ, നിശ്ചിതവും ഒറ്റപ്പെട്ടതുമായ ചില സന്ദർഭങ്ങളിൽ പ്രവാചകൻ നൽകിയതായി ഉദ്ധരിക്കപ്പെടുന്ന ചികിത്സാവിധികൾ സാമാന്യവൽക്കരിക്കുകുയും അസ്ഥാനത്തും അനവസരത്തിലും പ്രയോഗിക്കുകയും ചെയ്യുന്നത് - 'ഇസ്‌ലാമിക വൈദ്യ' മെന്നോ 'പ്രവാചക വൈദ്യ' മെന്നോ പേരിട്ടിട്ടായാലും- ആശാസ്യമായിത്തോന്നുന്നില്ല. മാത്രമല്ല, അത് പ്രവാചക നിന്ദയിലേക്കും ഇസ്‌ലാമിനെ അവമതിക്കുന്നതിലേക്കും വഴിവെച്ചെന്നും വരും.
വൈദ്യവും ചികിത്സയും അറിയുന്നവർ സ്വഹാബികൾക്കിടയിലും പിൻതലമുറകളിലും ഉണ്ടായിരുന്നുവല്ലോ. അവരാരും പക്ഷേ ചികിത്സ നടത്തിയിരുന്നത് 'പ്രവാചകവൈദ്യ' ത്തെ അവലംബമാക്കിയായിരുന്നില്ല. തങ്ങളുടെ കാലത്തും സമൂഹത്തിലും നിലവിലുണ്ടായിരുന്ന വൈദ്യവും ചികിത്സയും അനുസരിച്ചായിരുന്നു. വൈദ്യശാസ്ത്രത്തിലും രോഗചികിത്സയിലും വാനോളം തലയെടുപ്പുള്ള മഹാപണ്ധിതന്മാർ ഇസ്‌ലാമിന് സ്വന്തമായുണ്ട്. വൈദ്യശാസ്ത്രത്തിലെ അവരുടെ പഠനങ്ങളും കണ്ടെത്തലുകളുമാണ് ആഗോളവ്യാപകമായ ആധുനിക വൈദ്യത്തിന്റെ അടിത്തറ. അവരൊന്നും പഠിച്ചതും പര്യവേക്ഷണങ്ങൾ നടത്തിയതും പ്രയോഗവൽക്കരിച്ചതും 'പ്രവാചകവൈദ്യ' മായിരുന്നില്ല, തങ്ങളുടെ സമൂഹത്തിലും കാലഘട്ടത്തിലും നിലവിലുണ്ടായിരുന്ന വൈദ്യ വിജ്ഞാനീയങ്ങളും  ചികിത്സാരീതികളുമായിരുന്നു. വാസ്തവത്തിൽ 'ഇസ്‌ലാമിക വൈദ്യം' എന്നൊന്നുണ്ടെങ്കിൽ ആധുനിക വൈദ്യശാസ്ത്രമാണ് ആ പേരിന് ഏറ്റം അർഹമായിട്ടുള്ളത്.
'പ്രവാചകവൈദ്യം' എന്ന പേരിൽ ഒരു വിജ്ഞാന ശാഖയോ ചികിൽസാരീതിയോ പ്രവാചക കാലഘട്ടത്തിലോ പിൻതലമുറയിലോ  നിലവിലുണ്ടായിരുന്നില്ല. പിന്നീട് ഹദീസ് ക്രോഡീകരണ വേളയിൽ, പ്രവാചകന്റെ ചികിത്സാനിർദേശങ്ങളെ (ഇവയുടെ സ്വഭാവം നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്) പ്പറ്റിയുള്ള നിവേദനങ്ങൾ ഹദീസ് പണ്ധിതന്മാർ 'കിതാബുത്വിബ്ബ്' എന്ന ശീർഷകത്തിന് കീഴെ രേഖപ്പെടുത്തി വെച്ചു. പിൽക്കാല പണ്ധിതന്മാരിൽ ചിലർ ഹദീസ് ഗ്രന്ഥങ്ങളിൽ ചിതറിക്കിടന്ന ഈ നിവേദനങ്ങൾ ഒരുമിച്ചുകൂട്ടി 'അത്വിബ്ബുന്നബവി' എന്ന പേരിൽ ഗ്രന്ഥരചന നടത്തുകയുണ്ടായി. പുതിയ ഒരു വൈദ്യശാസ്ത്ര ശാഖയോ എന്നേക്കും എവിടേക്കും ഉപയോഗപ്പെടുത്താവുന്ന ഒരു  ചികിത്സാരീതിയോ എന്ന നിലക്കല്ല അവർ ഈ ഗ്രന്ഥരചന നടത്തിയത്. മറിച്ച്,  പ്രാവാചകന്റേതായി ഉദ്ധരിക്കപ്പെട്ട ചികിത്സാനിർദേശങ്ങൾ ഒന്നിച്ചൊരിടത്ത് അവതരിപ്പിക്കുകയായിരുന്നു. (പ്രവാചക കാലത്തെയും ശേഷവുമുള്ള അറേബ്യൻ-നാടോടി ഔഷധങ്ങളും ചികിത്സാരീതികളും 'ത്വിബ്ബുന്നബവി' യിലേക്ക് ചിലരെങ്കിലും തങ്ങളുടെ ഗ്രന്ഥങ്ങളിൽ ചേർത്ത് വെച്ചിട്ടുണ്ട് എന്ന കാര്യം ഇവിടെ വിസ്മരിക്കുന്നില്ല).
ഇതൊക്കെയാണ് വസ്തുതയെങ്കിലും, വിശ്വാസികളുടെ പ്രവാചകസ്നേഹത്തിന്റെ വിപണന സാധ്യതയിൽ കണ്ണുവെച്ചവർ പ്രവാചകനോട് ബന്ധപ്പെട്ട മറ്റു പലതിലുമെന്നപൊലെ (തിരുകേശം,തിരുവസ്ത്രം,തിരുചെരിപ്പ് മുതലായവ ഉദാഹരണം) ഈ രംഗത്തും ഉണ്ടായിട്ടുണ്ട്. 'പ്രവാചകവൈദ്യം' 'ഇസ്‌ലാമിക വൈദ്യം' എന്നൊക്കെ പറഞ്ഞ്, തിരുമേനിയുടെ ചില വൈദ്യനിർദേശങ്ങൾക്കൊപ്പം കണ്ടതും കേട്ടതുമൊക്കെ കൂട്ടിച്ചേർത്തു അവർ  മുതലെടുപ്പ് നടത്തുകയാണ്. നമ്മുടെയീ വർത്തമാനകാലം 'പ്രവാചക വൈദ്യ'ത്തിന്റെ സുവർണ ദശയാണെന്ന് തോന്നുന്നു. പുസ്തകപ്പീടികകളിൽ തലങ്ങും വിലങ്ങും കിടക്കുന്ന വ്യത്യസ്ത ഭാഷകളിലുള്ള 'പ്രവാചക വൈദ്യ'വും 'ഇസ്‌ലാമിക വൈദ്യ'വും, സകലയിടങ്ങളിലും സാന്നിധ്യമറിയിക്കുന്ന ഇസ്‌ലാമിക ഡോക്ടർമാരും അവരുടെ മരുന്ന്-മന്ത്ര-കുതന്ത്രങ്ങളും ലക്‌ഷ്യം വെക്കുന്നത് ഇസ്‌ലാമിനോടോ പ്രവാചകചര്യയോടോ ഉള്ള പ്രതിബദ്ധതയല്ല, വിശ്വാസികളുടെ പോക്കറ്റുകളാണ്.
പ്രവാചക നിയോഗത്തിന്റെ ലക്ഷ്യം കറകളഞ്ഞ തൗഹീദും തദനുസൃതമായ ജീവിതമാതൃകയും ജനങ്ങളെ പടിപ്പിക്കലും തദ്വാരാ അവരെ ദൈവത്തിന്റെ നിഷ്കളങ്ക ദാസന്മാരായി വളർത്തിക്കൊണ്ട് വരലുമാണ്. ഭൌതിക വിഷയങ്ങളിൽ, അഥവാ ജീവിതത്തിന്റെ സംരക്ഷണത്തിനും നിലനിൽപിനും വേണ്ട കാര്യങ്ങളിൽ പ്രവാചകന്റെ റോൾ 'ഇസ്‌ലാഹ്' ആണ്. അതായത്, നിലവിലുള്ള കാര്യങ്ങളെയും രീതികളെയും നന്നാക്കിയെടുക്കുക, മറ്റൊരു ഭാഷയിൽ, ഇസ്‌ലാമികവർണത്തിൽ പുനരാവിഷ്കരിക്കുക. അല്ലാതെ പുതുമാർഗങ്ങൾ കൊണ്ടുവരലോ പുത്തൻ രീതികൾ ആവിഷ്കരിക്കലോ അല്ല. "നിങ്ങളുടെ ഭൌതികകാര്യങ്ങൾ നിങ്ങൾക്ക് തന്നെയാണ് നന്നായറിയുക" എന്ന തിരുമൊഴിയുടെ പൊരുൾ അതാണ്‌. വൈദ്യവും 'ഭൌതിക കാര്യങ്ങളി'ൽ പെട്ടതാണെന്നിരിക്കെ അതിലും തിരുമേനിയുടെ ദൌത്യം 'ഇസ്‌ലാഹ്' തന്നെയായിരിക്കാനെ തരമുള്ളൂ. "മദ്യം മരുന്നല്ല, വിഷമാണ്" എന്ന തിരുവാക്യം ശ്രദ്ധിക്കുക.
പൂർവികപണ്ധിതന്മാർ സദുദ്ദേശ്യത്തോടെ പ്രയോഗിച്ച  രണ്ട് സംജ്ഞകൾ, പിൽക്കാലത്ത് സ്വാർത്ഥതാൽപര്യങ്ങൾക്ക്‌ വേണ്ടി ദുരുപയോഗപ്പെടുത്തിയതിന്റെ തനിരൂപങ്ങളാണ്  ദൃശ്യ- ശ്രാവ്യ- ലിഖിത മാധ്യമങ്ങളിലും സോഷ്യൽ നെറ്റുവർക്കുകളിലും നാൽക്കവലകളിലും  തല കാണിക്കുന്ന വാർത്തമാനകാലത്തെ' പ്രവാചകവൈദ്യ'വും 'ഇസ്‌ലാമിക ചികിൽസ' യുമൊക്കെ. അല്ലാതെ, പ്രവാചകൻ സ്വന്തമായൊരു വൈദ്യശാസ്ത്രമോ ചികിത്സാരീതിയൊ പ്രബോധനം ചെയ്തിട്ടില്ല, സ്ഥാപിച്ചിട്ടില്ല, നിർദേശിച്ചിട്ടുമില്ല.




അഭിപ്രായങ്ങളൊന്നുമില്ല: