17 നവംബർ 2009

മതസംവാദങ്ങള്‍ അന്വര്‍ഥമാവുന്നത്

മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം മുമ്പെന്നത്തേക്കാളുമേറെ ആവശ്യമായിക്കൊണ്ടിരിക്കുന്ന
സമയമാണിത്. മുതലാളിത്തം കൂട് തുറന്നുവിട്ട ലാഭേച്ഛയെന്ന ആശയം സമൂഹത്തെ ഭ്രാന്തമായി
ആവേശിക്കുകയും ആര്‍ത്തി-മാല്‍സര്യങ്ങളുടെ കെടും സ്ഥലികളായി മനുഷ്യമനസ്സുകള്‍ മാറുകയും
ചെയ്ത നടപ്പുകാലത്ത് മതങ്ങള്‍ക്ക് തീര്‍ച്ചയായും ചില കൂട്ടുത്തരവാദിത്വങ്ങളുണ്ട്‌.




യുഗപ്രഭാവന്മാരായ ഗുരുക്കന്മാരും പ്രവാചകന്മാരും കഠിനപ്രയത്നത്തിലൂടെ മെരുക്കിയെടുത്ത
മനുഷ്യനിലെ ജന്തുതയെ ഉണര്‍ത്തി തുടലൂരി വിട്ടുകൊണ്ടിരിക്കുകയാണ് ആധുനികാനന്തരലോകം.
നിങ്ങളുടെ ആസക്തികള്‍ നീചമല്ലെന്നും അതിനാല്‍ത്തന്നെ അവയെപ്രതി ലജ്ജിക്കേണ്ടതില്ലെന്നുമുള്ള
പുതുപാഠങ്ങള്‍ ഉരുവിട്ട് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ് മുതലാളിത്തം. മനുഷ്യന്റെ മൌലിക ചോദനകളെ
ആഘോഷിക്കൂ എന്നാണത് നിരന്തരം വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. പരിധികളില്ലാത്ത
സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്കാണ് ആഗോളീകരണം ലോകത്തെ ക്ഷണിക്കുന്നത്.


ദൈവപ്രോക്ത ദര്‍ശനങ്ങളുടെ വക്താക്കളെന്ന നിലക്ക് മതനേതാക്കള്‍ക്ക് ഈ പ്രവണതയെ ഉച്ചസ്ഥായിയില്‍
അപലപിക്കാന്‍ കഴിയേണ്ടതുണ്ട്. ഏതെങ്കിലുമൊരു മതവിഭാഗം വിചാരിച്ചാല്‍ പ്രതിരോധം
തീര്‍ക്കാനാവാത്തത്ര പ്രചണ്ധമായിരിക്കുന്നു പൈശാചികതയുടെ വിളയാട്ടം. മതവിശ്വാസികള്‍
അന്വോന്യം പാലിക്കുന്ന അകലങ്ങളില്‍നിന്ന് അടുത്തുവന്ന് ഈ ലോകത്തെ നന്നാക്കിയെടുക്കുക
എന്ന കഠിനമായ പണിയിലേര്‍പെടേണ്ടതുണ്ട്. സംസ്കാരങ്ങളുടെ
സഹവര്‍ത്തിത്വം താഴെ തട്ടില്‍നിന്ന് തുടങ്ങേണ്ടതുണ്ട്. വ്യത്യസ്ത മതങ്ങളിലെ ആളുകള്‍
പരസ്പരം അറിഞ്ഞും അടുത്തും ഇടപഴകുമ്പോള്‍ സ്പര്ഥകള്‍ അകന്ന് മറയും.
സംഘട്ടനത്തിന് പകരം സംവാദത്തിന്റെ സംസ്കാരം രൂപപ്പെട്ടു വരട്ടെ. ഒന്ന് മറ്റൊന്നിനെ കീഴൊതുക്കുക
എന്ന ലക്ഷ്യത്തോടെയാവരുത് ഈ സംവാദങ്ങള്‍. മതാനുയായികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന
പരസ്പരവൈരം ഇല്ലാതാക്കാനും സമാധാനാന്തരീക്ഷം നിലനിര്‍താനുമായിരിക്കണം. അടുത്തറിയുമ്പോള്‍
ഏതു മതത്തിന്റെയും കലവറയില്‍ സമ്പുഷ്ടമായ ആശയങ്ങളുടെ അമൂല്യനിധികളുണ്ടെന്ന്
ബോധ്യപ്പെടും, ഒപ്പം അവ തമ്മില്‍ അറുത്ത് മാറ്റാനാവാത്ത ജൈവികബന്ധമുണ്ടെന്നും.


ഓരോ മത്തിന്നുള്ളിലെയും ഭീകരവാദ-സങ്കുചിതവാദ അടരുകളെ ഇല്ലായ്മ ചെയ്യാനുള്ള
ഏക മാര്‍ഗവും ആശയസംവാദങ്ങളാണ്. സംസ്കൃതികള്‍ അടുത്തറിയുമ്പോള്‍ പരസ്പരം വെറുക്കാനോ
വിദ്വേഷം വെച്ച് പുലര്‍ത്താനോ സാധികാതെ വരും. സങ്കുചിതവാദികളുടെയും ഭീകരവാദികളുടെയും
ഊഹാപോഹ പ്രചാരങ്ങളും വിഷം ചീറ്റലുകളും ഫലിക്കാതെയാവും.


(സ്നേഹവ്രതന്‍ പൂക്കോട്ടുര്‍ / പ്രബോധനം)

അഭിപ്രായങ്ങളൊന്നുമില്ല: