
ശുദ്ധ മലയാളം പഠിക്കുന്നത് പോലും വിലക്കപ്പെട്ട കാലത്ത് മലയാള ഭാഷ പഠിക്കണമെന്നു പറഞ്ഞതും പ്രോത്സാഹനം നല്‍കിയതും ഇസ്‌ലാഹി പ്രസ്ഥാനമാണ്. മുസ്‌ലിംകള്‍ ദേശീയധാരയ്‌ക്കുള്ളില്‍ നില്‍ക്കണമെന്നതായിരുന്നു ആദ്യകാല ഇസ്‌ലാഹി നേതാക്കളുടെ ലൈന്‍. ഒരുപാട് ദേശീയ നേതാക്കള്‍ ഇസ്‌ലാഹി പ്രസ്ഥാനത്തില്‍ നിന്നുണ്ടായിരുന്നു.
ഇസ്‌ലാഹി പ്രസ്ഥാനം ആദ്യകാലത്തു പറഞ്ഞിരുന്നതില്‍ നിന്നെല്ലാം ഉള്‍വലിയുന്ന കാഴ്‌ചയാണു ഇപ്പോള്‍ കാണുന്നത്. വിദ്യാഭ്യാസ പ്രോത്സാഹനത്തിനു വേണ്ടി കഠിനാധ്വാനം ചെയ്‌ത പ്രസ്ഥാനം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കിയില്ല. പ്രാദേശികമായി, ഇസ്‌ലാഹി പ്രസ്ഥാനത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കി രംഗത്തുവന്നു. എന്നാല്‍ പ്രസ്ഥാനത്തിന് അതിന്റെ നിയന്ത്രണം ലഭിച്ചില്ല. എം ഇ എസ് പോലുള്ള സംഘടനകള്‍ ഇസ്‌ലാഹി പ്രസ്ഥാനത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തന പഥത്തിലെത്തിയ സാമൂഹിക സംഘടനകളാണ്. ഇത്തരം സാമൂഹിക- വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സംഘടനകളുമായും ഇസ്‌ലാഹി പ്രസ്ഥാനത്തിന് ക്രിയാത്മകമായ ബന്ധം നിലനിര്‍ത്താനായില്ല.
വിദ്യാഭ്യാസ രംഗത്ത് കേരളത്തില്‍ നേരത്തെയുണ്ടായിരുന്ന സ്ഥിതിയെ കുറിച്ച് അജ്ഞരായ പുതു തലമുറയ്‌ക്ക് ഇസ്‌ലാഹി പ്രസ്ഥാനം ഈ രംഗത്തു ചെയ്‌ത സേവനങ്ങളെക്കുറിച്ച് അറിയില്ലെന്നതാണ് സ്ഥിതി. വിദ്യാഭ്യാസ രംഗത്തു നല്‍കിയ പ്രചോദനത്തെ കുറിച്ചു ബോധവാന്മാരല്ലാത്ത പുതുതലമുറ സംഘടനയുടെ ചട്ടക്കൂടുകള്‍ക്ക് പുറത്താണിപ്പോള്‍. പ്രവര്‍ത്തനങ്ങള്‍ കാലാനുഗതമായി ബന്ധിപ്പിക്കാന്‍ പിന്നീടുവന്ന ഇസ്‌ലാഹി നേതാക്കള്‍ക്കു കഴിയാതെ പോയി. പ്രസ്ഥാനം ഈ രംഗത്തു ചെയ്‌ത സേവനങ്ങളുടെ നേട്ടം സ്വാഭാവികമായും കൊയ്‌തെടുത്തത് എം ഇ എസ് പോലുള്ള സാമൂഹിക സംഘടനകളാണ്.
അത്തരം സംരംഭങ്ങളുമായി പ്രസ്ഥാനം മുന്നിട്ടിറങ്ങാന്‍ സാധിച്ചില്ലെന്നതു പോകട്ടെ, സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന സംഘടനകളുമായി പ്രസ്ഥാനത്തിന് പരസ്‌പര പൂരകമായ ബന്ധം നിലനിര്‍ത്താനും സാധിച്ചില്ല. മുജാഹിദ് പ്രസ്ഥാനം സാമൂഹിക രംഗത്തു നിന്ന് പിന്മാറി ചില മേഖലകളിലേക്കു മാത്രം ഒതുങ്ങിക്കൂടിയതാണ് ഇത്തരമൊരു സാഹചര്യം ഉടലെടുക്കാന്‍ കാരണം. വിദ്യാഭ്യാസ മേഖലയില്‍ നിയമനവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളില്‍ എം ഇ എസിനോടു വിയോജിപ്പുണ്ടാകാം. എന്നാല്‍ അതിനു ഒരു ക്രിയാത്മകവും പ്രായോഗികവുമായ പരിഹാരം മുന്നോട്ടുവയ്‌ക്കാന്‍ പ്രസ്ഥാനത്തിനു കഴിഞ്ഞില്ല. വിദ്യാഭ്യാസ രംഗത്തു മാത്രമല്ല രാഷ്ട്രീയ രംഗത്തു നിന്നും സാമുഹിക ഇടപെടലുകളില്‍ നിന്നും ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും മുജാഹിദ് പ്രസ്ഥാനം അകന്നുപോയി. അതുകൊണ്ടു തന്നെ ഭൂരിപക്ഷം പുരോഗമന ചിന്താഗതിക്കാരും ഇപ്പോള്‍ സംഘടനയ്‌ക്കു പുറത്താണെന്നു കാണാം. ലീഗിന്റെ ഭരണത്തിനു കീഴില്‍ വിമര്‍ശനമുയര്‍ത്താതിരിക്കുകയോ മിണ്ടാതിരിക്കുകയോ ആണ് സംഘടനുടെ രീതി.
സംഘടനാ ചട്ടക്കൂട് കര്‍ക്കശമാക്കിയതോടെ വിശാല കാഴ്‌ചപ്പാടുള്ള മുസ്‌ലിം ബഹുജനം സംഘടനയ്‌ക്കു പുറത്തായിരിക്കുന്നു. ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായി പുരോഗതി കൈവന്ന ഒരു വലിയ സമൂഹം ഇന്ന് ആ പ്രസ്ഥാനത്തിന്റെ സേവനങ്ങളോ മഹത്വമോ അറിയുന്നുപോലുമില്ല. വിദ്യാഭ്യസ രംഗത്ത്, വിശേഷിച്ച് പ്രഫഷനല്‍, ഉന്നത വിദ്യാഭ്യാസ രംഗത്തെ മുസ്‌ലിംകളുടെ ഇപ്പോഴത്തെ മെച്ചപ്പെട്ട സ്ഥിതി ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ അന്നത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. വിദ്യാഭ്യാസം, രാഷ്‌ട്രീയം, സാമൂഹികം തുടങ്ങി സകല മേഖലകളില്‍ നിന്നും ഇസ്‌ലാഹി പ്രസ്ഥാനം വലിയൊരു ഉള്‍വലിച്ചിലാണ് നടത്തിയത്.
തെക്കന്‍ കേരളത്തില്‍ നേരത്തെ ശക്തമായ വേരോട്ടമുണ്ടായിരുന്ന ഇസ്‌ലാഹി പ്രസ്ഥാനം പിന്നീട് അവിടങ്ങളില്‍ ശുഷ്‌കമായി. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ പൊതുകാര്യങ്ങളില്‍ തല്‌പരരാണ്. എന്നാല്‍ മുസഫര്‍ നഗര്‍, സ്വവര്‍ഗ രതി, ബോഡോ ലാന്റിലെ പ്രശ്‌നങ്ങള്‍ പോലുള്ള സമകാലിക പ്രശ്‌നങ്ങളില്‍ പോലും പ്രസ്ഥാനത്തിന് ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞില്ല. പ്രശ്‌നാധിഷ്‌ഠിതമായി സമീപിക്കുന്ന ഇവിടത്തെ ജനങ്ങള്‍ അതിലിടപെടുന്ന മറ്റു സംഘടനകളുമായി സ്വാഭാവികമായി അടുത്തു.
വിദ്യാഭ്യാസം എം ഇ എസിനെ പോലുള്ളവര്‍ ഏറ്റെടുത്തു. രാഷ്‌ട്രീയ രംഗം മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ളവ ഏറ്റെടുത്തു. ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പിന്മുറക്കാര്‍ പ്രബോധന രംഗത്തു മാത്രം ശ്രദ്ധിക്കാന്‍ തുടങ്ങി. പ്രബോധന രംഗത്തു മാത്രം ഒതുങ്ങിപ്പോയ പ്രസ്ഥാനം, ഹദീസുകളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയതോടെ പല പ്രശ്‌നങ്ങളും ഉയര്‍ന്നുവന്നു.
മതപരിവര്‍ത്തനം പോലും ബാഹ്യമായ കാര്യങ്ങളില്‍ ശ്രദ്ധിച്ചതു കൊണ്ടാണ് ഇവിടെ ഇത്ര ബഹളമുണ്ടാക്കുകയും വിവാദമാവുകയും ചെയ്‌തത്. പ്രബോധനത്തില്‍ പോലും തന്ത്രപൂര്‍വം ഇടപെടാന്‍ കഴിയുന്നില്ല. മാനസികമായ പരിവര്‍ത്തനമാണ് പ്രധാനമെങ്കിലും ഇസ്‌ലാമിക സംഘടനകള്‍ക്ക് തൊലിപ്പുറത്തുള്ള കാര്യങ്ങളിലാണ് താല്‌പര്യം. പേരു മാറ്റുന്നതിലും പര്‍ദ അണിയിക്കുന്നതിനുമാണ് മുസ്‌ലിം സംഘടനകള്‍ പ്രാധാന്യം കൊടുത്തത്. അതോടെ അതു പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു.
മതരംഗത്ത് തന്നെ ജീവല്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന അടിസ്ഥാന വിഭാഗങ്ങളെ പരിഗണിക്കാന്‍ പോലും ഇസ്‌്‌ലാഹി പ്രസ്ഥാനത്തിനു കഴിഞ്ഞില്ല. ഇസ്‌്‌ലാമിലേക്കു പ്രതീക്ഷയോടെ നോക്കുന്ന ഒരുപാടു വിഭാഗങ്ങളുണ്ടെങ്കിലും അവര്‍ക്കു വിമോചനത്തിന്റെ വഴി കാണിച്ചുകൊടുക്കുന്നതിലും ഇസ്‌്‌ലാഹി പ്രസ്ഥാനം പരാജയപ്പെടുകയാണ്.
മുജാഹിദ് പ്രസ്ഥാനം ഇപ്പോള്‍ നേരിടുന്ന മറ്റൊരു പ്രശ്‌നമാണ് അറബ് വത്‌കരണം. സുഊദി അറേബ്യയിലെ ഇസ്‌ലാം മാത്രമാണ് ശരിയായ ഇസ്‌ലാം എന്നാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ നേതാക്കളില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം. അതിനോടു ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ല. ഇസ്‌ലാമിന്റെ അടിസ്ഥാന സ്വഭാവമായ ജനാധിപത്യം തെല്ലുമില്ലാത്ത പ്രദേശമാണത് എന്നു വിസ്‌മരിക്കരുത്. നമ്മുടെ മഹല്ല് കമ്മിറ്റികളുടെ ഭാരവാഹികളാകുന്നതു പോലും ഭൂരിപക്ഷത്തിന്റെയോ തെരഞ്ഞെടുപ്പിന്റെയോ അടിസ്ഥാനത്തിലാണ്. മണപ്പാട് കുഞ്ഞുമുഹമ്മദ് ഹാജിയുടെയും ഐക്യസംഘത്തിന്റെയും പാരമ്പര്യവും അതുതന്നെയാണ്.
അറബ് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ വിപുലമായതിനെ തുടര്‍ന്ന് നമ്മില്‍ പലര്‍ക്കും അവിടത്തെ കാര്യങ്ങളെല്ലാം ശരിയാണെന്ന ധാരണ വന്നു. എന്നാല്‍ അവിടെ പലനിലക്കും പുരോഗമിക്കുന്നതു നാം കാണുന്നുമില്ല. നാം അവരെ അനുകരിക്കുമ്പോള്‍ തന്നെ അവര്‍ അവിടെ പുരോഗമിക്കുന്നത് നാം കാണാതെ പോകുകയും ചെയ്യുന്നു. ദുബൈ വിമാനത്താവളത്തില്‍ കസ്‌റ്റംസില്‍ മുഴുവന്‍ സ്‌ത്രീകളാണ്.
അറബ് രാജ്യങ്ങളില്‍ തന്നെ സലഫി പ്രസ്ഥാനത്തിന് വ്യത്യസ്‌ത ചിന്താ ധാരകളും കാഴ്‌ചപ്പാടുകളുമുണ്ട്. ഈജിപ്‌ഷ്യന്‍ സലഫി പ്രസ്ഥാനം, സുഊദി സലഫി പ്രസ്ഥാനം, യമനി സലഫി പ്രസ്ഥാനം എന്നിങ്ങനെ. നമുക്ക് ഇതിലേതെങ്കിലുമൊന്നിനെ അനുകരിക്കാനോ ഏതെങ്കിലുമൊന്നിന്റെ വാലാകാനോ കഴിയില്ല. നിര്‍ഭാഗ്യവശാല്‍ അറബികളുമായുള്ള ബന്ധം കാരണം അവിടെയുള്ള ഒരുപാട് കാര്യങ്ങള്‍ നമ്മിലേക്കു കടന്നുവന്നു. വസ്‌ത്രധാരണ രീതി അതിനു വലിയ ഉദാഹരണമാണ്. ഉത്തമ സ്‌ത്രീയുടെ വേഷം പര്‍ദയാണെന്ന ധാരണ ഒരു പ്രോപ്പഗണ്ട പോലെ പ്രചരിപ്പിക്കപ്പെടുന്നു. പര്‍ദ അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായുള്ള വേഷവിധാനമാണ്. നമ്മുടേതല്ല. പാരമ്പര്യമായി പര്‍ദയിടുന്ന വിഭാഗങ്ങളുണ്ട് കാസര്‍ക്കോട്ടും തലശ്ശേരിയിലും കോഴിക്കോട് കുറ്റിച്ചിറയിലുമൊക്കെ. അവരോടു നമുക്കു ഏതെങ്കിലും വിധ വിയോജിപ്പുകളുമില്ല. സ്‌ത്രീകളുടെ വേഷത്തിലാണ് വല്ലാത്ത ഏകീകൃത സ്വഭാവമുണ്ടായിരിക്കുന്നത്. പുരുഷന്മാരുടെത് പഴയ വേഷം തന്നെയാണ്.
മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിനെ തുടര്‍ന്ന് അശുഭകരമായ പല കാര്യങ്ങളും സംഘടനകളെ പിടികൂടി. ചില മുജാഹിദ് പ്രസ്ഥാനങ്ങളെ നിയന്ത്രിക്കുന്നത് വലിയ സമ്പന്നരാണ്. ഇത് നല്ല കീഴ്‌വഴക്കമല്ല. ഒരു മതസംഘടനക്ക് ആദര്‍ശപരമായ കൃത്യതയുണ്ടാവണം. നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ അതിനു കഴിയണം. ധൂര്‍ത്ത്, ആഡംബരം, സ്‌ത്രീധനം തുടങ്ങിയ കാര്യങ്ങളില്‍ നിലപാടുകളില്‍ വിട്ടുവീഴ്‌ച ചെയ്യാതെ മുന്നോട്ടുപോകാന്‍ സാധിക്കുന്നില്ല. വലിയ വലിയ സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് എത്ര പണമാണ് ധൂര്‍ത്തടിക്കുന്നത്. എന്നാല്‍ ഇവ കേരളത്തിനു പകരം എന്തുകൊണ്ട് ഉത്തരേന്ത്യയില്‍ നടത്താന്‍ സാധിക്കുന്നില്ല. ഉദ്‌ബോധനം ഏറ്റവും ആവശ്യമായിട്ടുള്ളത് ഉത്തരേന്ത്യ പോലുള്ള പ്രദേശങ്ങളിലാണ്.
മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ പിളര്‍പ്പിന് ആശയതലവും പണത്തിന്റെ പ്രശ്‌നവുമുണ്ട്. ജാഹിലിയ്യാ കാലത്തു നിലവിലുണ്ടായിരുന്നതു പോലുള്ള, യമനിലും മറ്റുമുള്ള രീതിയാണ് ഇപ്പോള്‍ ഒരു വിഭാഗം കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.
ഭിന്നിപ്പ് ചില സാമൂഹിക പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നുണ്ട്. അതിലൊന്ന് ഭിന്നിച്ചുപോയ സംഘടനകള്‍ പൊതുമണ്ഡലത്തില്‍ വെച്ച് പരസ്‌പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നതാണ്. മറ്റു സംഘടനകളുമായി നല്ല സൗഹൃദത്തില്‍ കഴിയുമ്പോഴും ഭിന്നിച്ചുപോയവര്‍ തമ്മില്‍ കടുത്ത ശത്രുതയിലുള്ള സമീപനമാണ് പുലര്‍ത്തുന്നത്. മുഖ്യശത്രു പുറത്തുള്ളവരല്ല, അവരില്‍ നിന്ന് പിളര്‍ന്നുപോയവരാണ്. എന്നാല്‍ ആശയപരമായി ഭിന്ന തലങ്ങളിലുള്ള സംഘടനകള്‍ തമ്മില്‍ ഇന്നു സൗഹാര്‍ദപരമായ ബന്ധമാണുള്ളത്.
സംഘടനകള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. പക്ഷെ അത് പരസ്യമായ വിഴുപ്പലക്കലിലേക്കും പൊതു തെരുവുകളില്‍ വെച്ചുള്ള വാദപ്രതിവാദങ്ങളിലേക്കും എത്തുന്നത് ഗുണകരമല്ല. അതിന് അടച്ചിട്ട ഹാളുകള്‍ ഉപയോഗപ്പെടുത്താം. ഇത് പൊതുജനങ്ങളെ കേള്‍പ്പിക്കേണ്ട കാര്യമില്ല. എന്നാല്‍ ഒരു പൊതുശല്യം ഒഴിവാകുകയും ചെയ്യും, താല്‌പര്യമുള്ളവര്‍ക്ക് സ്വസ്ഥമായി കാര്യങ്ങള്‍ ഗ്രഹിക്കുകയുമാവാം.
മുജാഹിദ് പ്രസ്ഥാനം ഇനി ചെയ്യേണ്ടത് ഉത്തരേന്ത്യയിലേക്ക് പ്രവര്‍ത്തന മേഖല മാറ്റുകയാണ്. ഇവിടെ പ്രസ്ഥാനം മുന്നോട്ടുവച്ച ആശയങ്ങളും വിഷയങ്ങളും സമൂഹം സ്വീകരിക്കുകയോ മറ്റുള്ളവര്‍ ഏറ്റെടുക്കുകയോ ചെയ്‌തിരിക്കുന്നു. ഒപ്പം, ഇവിടെ പുതുതായി ഉയര്‍ന്നുവരുന്ന പിന്തിരിപ്പന്‍ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കേണ്ടതുണ്ട്. യഥാര്‍ഥ ഇസ്‌്‌ലാഹി നിലപാടുകള്‍ ജനങ്ങള്‍ക്കു ബോധ്യപ്പെടുത്തി കൊടുക്കേണ്ടത് മുജാഹിദ് പ്രസ്ഥാനത്തിന്റെ വലിയ ഉത്തരവാദിത്തമാണ്. ഇത്തരം പിന്തിരിപ്പന്‍ പ്രസ്ഥാനങ്ങളുടെ വാദങ്ങള്‍ പൊളിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണ്.
വര്‍ഗീയ- സാമുദായിക ധ്രുവീകരണത്തിനുള്ള പിന്തിരിപ്പന്‍ നീക്കങ്ങള്‍ക്കെതിരെ ഇസ്‌്‌ലാഹി പ്രസ്ഥാനം ശക്തമായ നിലപാടൂ സ്വീകരിച്ചേ മതിയാകൂ. മത സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കേണ്ടതുണ്ട്. സ്‌ത്രീ ശാക്തീകരണം പോലുള്ള വിഷയങ്ങളില്‍ ശരിയായ മോഡലുകളെ അവതരിപ്പിക്കാന്‍ കഴിയണം.
ഡോ. ഫസല്‍ ഗഫൂര്‍
(Shabab Weekly, 2014 Feb 07)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ