18 ഫെബ്രുവരി 2014

നിഖാബ് നിയന്ത്രണ നീക്കത്തിന് തുനീഷ്യന്‍ മുഫ്തിയുടെ പിന്തുണ

niqab
തൂന്‍സ് : സുരക്ഷാ കാരണങ്ങളാല്‍ നിഖാബ് ധരിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള തുനീഷ്യന്‍ സര്‍ക്കാര്‍ നീക്കത്തിന് മുഫ്തിയുടെ പിന്തുണ. തുനീഷ്യന്‍ മുഫ്തി ഹംദ സഈദാണ് സര്‍ക്കാര്‍ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
രാജ്യ താല്‍പര്യം മുന്‍നിര്‍ത്തിയും ഉപദ്രവങ്ങള്‍ തടയുന്നതിനും വേണ്ടി അനുവദനീയമായ കാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ക്ക് അവകാശമുണ്ടെന്ന് മുഫ്തി വ്യക്തമാക്കി. നിഖാബ് ധരിക്കുന്നത് അനുവദനീയ കാര്യമായിട്ടാണ് നാലു മദ്ഹബുകളും കണക്കാക്കിയിരിക്കുന്നത്. നിഖാബിനേക്കാള്‍ ഹിജാബിനാണ് പ്രമാണങ്ങളില്‍ കൂടുതല്‍ പ്രാധാന്യമുള്ളതെന്നും മുഫ്തി വ്യക്തമാക്കി. മുഫ്തിയുടെ അനുമതി തുനീഷ്യന്‍ സര്‍ക്കാര്‍ നീക്കത്തിനുള്ള മതകീയ അംഗീകാരമായിട്ടാണ് കണക്കാക്കപ്പെടുന്നത്. തുനീഷ്യയില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ നിഖാബ് ധരിച്ച് സുരക്ഷാ പരിശോധനകളില്‍ നിന്നും രക്ഷപ്പെടുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് നിഖാബ് ധരിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ തുനീഷ്യന്‍ സര്‍ക്കാര്‍ രണ്ടു ദിവസം മുമ്പ് തീരുമാനിച്ചത്. നിഖാബ് ധരിച്ചവരെയും കര്‍ശനമായ സുരക്ഷാ പരിശോധനക്ക് വിധേയമാക്കുമെന്നും ജനങ്ങള്‍ സര്‍ക്കാര്‍ നടപടിയോട് സഹകരിക്കണമെന്നും തുനീഷ്യന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: