01 സെപ്റ്റംബർ 2014

ഇനി നമുക്കല്‍പം സൂഫിസം പഠിക്കാം

മുഹമ്മദ് പാറക്കടവ്

sufi3--3ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ് കേരള മുസ്‌ലിംകള്‍ക്കിടയില്‍ നവോത്ഥാനത്തിന്റെ കാറ്റ് വീശിത്തുടങ്ങിയത്. ഈജിപ്തിലെ റശീദ് റിദയുടെയും മറ്റും ചലനങ്ങളില്‍ നിന്നും പ്രചോദനം നേടിയ വക്കം അബ്ദുല്‍ ഖാദിര്‍ മൗലവിയും തുടര്‍ന്ന് കേരള മുസ്‌ലിം ഐക്യസംഘവും മുജാഹിദ് പ്രസ്ഥാനവും ഒക്കെ വിദ്യാഭ്യാസ - സാംസ്‌കാരിക മേഖലകളില്‍ വമ്പിച്ച മാറ്റങ്ങള്‍ സൃഷിച്ചു. വനിതകള്‍ക്ക് അക്ഷരാഭ്യാസം നല്‍കുന്നതിലും, സമൂഹത്തെ അന്ധവിശ്വാസങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതിലും ഈ പ്രസ്ഥാനങ്ങള്‍ വന്‍ വിജയം നേടി.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ലോകമെമ്പാടും ഭരണ-സാംസ്‌കാരിക രംഗങ്ങളില്‍ മേല്‍ക്കൈ നേടിയപ്പോള്‍ അതിന്റെ കാറ്റ് കേരളത്തില്‍ അതിശക്തിയായി തന്നെ ആഞ്ഞുവീശി. ബാലറ്റ് പേപ്പറിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ടി അധികാരത്തിലേറിയ സംസ്ഥാനം എന്ന ഖ്യാതിയും കേരളത്തിന് കിട്ടി. ഭരണ സ്വാധീനവും കലാസാംസ്‌കാരിക മേഖലകളിലെ നിറ സാന്നിദ്ധ്യവും കാരണം കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ മുസ്‌ലിം യുവാക്കള്‍ക്കിടയിലും കാര്യമായ ചലനങ്ങളുണ്ടാക്കി. ദൈവനിരാസവും മതനിഷേധവും അവരെ ഹഠാദാകര്‍ഷിച്ചു. ഈയൊരവസരത്തിലാണ് ജനജീവിതത്തിന്റെ സര്‍വമേഖലകളെയും സ്പര്‍ശിക്കുന്ന പ്രത്യയ ശാസ്ത്രമായി ഇസ്‌ലാമിനെ അവതരിപ്പിച്ചു കൊണ്ട് ജമാഅത്തെ ഇസ്‌ലാമി രംഗത്ത് വന്നത്. സിംപോസിയങ്ങളും സെമിനാറുകളും ക്യാമ്പുകളും വഴി അറുപതുകളിലും എഴുപതുകളിലും വിദ്യാര്‍ഥി യുവജനങ്ങള്‍ മതനിഷേധ പാളയത്തിലേക്ക് ഒഴുകി പോകുന്നത് തടയാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് സാധിച്ചു. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ ചിന്തകന്‍മാരുടെ കൃതികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത് വഴി ആയിരങ്ങള്‍ക്ക് വെളിച്ചം കാണിച്ചു കൊടുക്കാന്‍ സാധിച്ചു. ഇറാന്‍ വിപ്ലവവും മറ്റും പുതുതലമുറയില്‍ ആത്മവിശ്വാസം വളര്‍ത്തി. സംഘടനയുടെ ചട്ടകൂട്ടില്‍ വരാത്തവര്‍ പോലും ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം എന്ന്  അംഗീകരിച്ചു.

1967 മുതല്‍ മന്ത്രിസഭയില്‍ മുസ്‌ലിം ലീഗിന് പ്രാതിനിധ്യം ലഭിച്ചത് കേരള

മുസ്‌ലിംകളുടെ വളര്‍ച്ചക്ക് വഴിതെളിയിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ഒരു കുതിച്ചു ചാട്ടത്തിന് തന്നെ ഇത് വഴിതെളിയിച്ചു. ഗള്‍ഫ് കുടിയേറ്റത്തെ തുടര്‍ന്ന് സാമ്പത്തിക രംഗത്ത് അഭൂതപൂര്‍വമായ ചലനങ്ങളാണുണ്ടായത്.

ഇപ്പോള്‍ മുസ്‌ലിം സമൂഹം ഒട്ടാകെ മാറിയിരിക്കുന്നു. പള്ളിയും മദ്‌റസകളും അനാഥശാലകളുമടങ്ങുന്ന മതസ്ഥാപനങ്ങളും, സംഘടനാ പരിപാടികളും കല്യാണവും വീടുകൂടലും മാത്രമല്ല നോമ്പും പെരുന്നാളും മരണവീടുകള്‍ പോലും ആഘോഷത്തിന്റെയും ആര്‍ഭാടത്തിന്റെയും കൂത്തരങ്ങായിരിക്കുന്നു. പരലോക ജീവിതം പ്രസംഗിക്കുന്ന മതപണ്ഡിതന്‍മാര്‍ ഒന്നര കോടിയുടെ വണ്ടിയിലാണ് വന്നിറങ്ങുന്നത്. മരിച്ചു പോയവരും ജീവിച്ചിരിക്കുന്നവരുമായ മുസ്‌ല്യാമാരുടെയും തങ്ങന്മാരുടെയും ഫോട്ടോകള്‍ നിറഞ്ഞ ഫ്ലക്‌സ് ബോര്‍ഡുകള്‍ തെരുവുകള്‍ മുഴുക്കെ ഉയര്‍ന്ന് നില്‍ക്കുന്നു. ജ്വല്ലറിയില്‍ നിന്ന് കല്യാണ മണ്ഡപത്തിലേക്കും, കൊട്ടാരങ്ങളില്‍ നിന്ന് ആശുപത്രികള്‍ വഴി ഖബര്‍സ്ഥാനിലേക്കും പോകുന്ന സമുദായമായിട്ടാണ് നാം ചിത്രീകരിക്കപ്പെടുന്നത്.

ഇനി വേണ്ടത് ഒരു സൂഫി സാന്നിദ്ധ്യമാണ്. കുത്തിയൊഴുകുന്ന നദിയില്‍ നിന്നായാലും കുറഞ്ഞ വെള്ളം കൊണ്ട് വുദു എടുക്കാന്‍ പഠിപ്പിക്കുന്ന, മിതത്വത്തിന്റെയും ലാളിത്യത്തിന്റെയും സന്ദേശത്തില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന നേതാക്കളും ഗ്രന്ഥങ്ങളുമാണ് കേരള മുസ്‌ലിംകള്‍ക്ക് ഇനി ആവശ്യം എന്ന് തോന്നുന്നു. ഈ തോന്നലില്‍ എത്രത്തോളം ശരിയുണ്ടെന്ന് അറിയില്ല.


(Islam Onlive/ Aug-29-2014)

അഭിപ്രായങ്ങളൊന്നുമില്ല: