22 നവംബർ 2011

ഹിജ്റ നമ്മെ പഠിപ്പിക്കുന്നത്

'ഹിജ്റ' (പ്രവാചകന്റെ മക്കയില്‍നിന്നും മദീനയിലേക്കുള്ള പരിത്യജിച്ചുപോക്ക്) നമ്മുടെ സ്മൃതിപഥത്തില്‍ ഒരിക്കല്‍ കൂടി തെളിയുന്ന അവസരമാണിത്. മുഹമ്മദീയ നിയോഗത്തിന്റെ ചരിത്രദശകളില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്ന ഈ മഹാസംഭവം നമുക്ക് ഒരു പാട് പാഠങ്ങള്‍ പറഞ്ഞു തരുന്നുണ്ട്.
ദൈവസഹായത്തോടൊപ്പം ആത്മാര്‍ഥമായ ശ്രമപരിശ്രമങ്ങളും കൂടി ഉണ്ടാകുമ്പോഴെ ലക്ഷ്യ സാക്ഷാല്‍ക്കാരം സാധ്യമാകൂ എന്നതാണതില്‍ പ്രധാനം. ഭൂമിയില്‍ അല്ലാഹുവിന്റെ വ്യവസ്ഥയും തീരുമാനവും അങ്ങനെയാണ്.
സത്യദീനിന്റെ വ്യാപനവും പ്രചാരണവും നമുക്ക് പറഞ്ഞു തരുന്നത് ചിന്തയുടെയും കര്‍മത്തിന്റെയും സമരത്തിന്റെയും സംഘട്ടനത്തിന്റെയും ചരിത്രങ്ങളാണ്. സത്യത്തിന്റെയും മിഥ്യകളുടെയും വിരുദ്ധചേരികള്‍ എന്നും ഉണ്ടായിട്ടുണ്ട്. ഇന്നുമുണ്ട്. ഇനിയും ഉണ്ടാവുകയും ചെയ്യും. അവര്‍ക്കിടയില്‍ പോരുകളും പോരാട്ടങ്ങളും നടന്നിട്ടുണ്ട്. നടക്കുകയും ചെയ്യും. അതാണ്‌ ഈ ഭൂമിയിലെ അലംഘനീയ വ്യവസ്ഥ. കൈകെട്ടിയിരുന്ന് കാര്യം നേടാന്‍ ദൈവമാര്‍ഗത്തിന് പോലും സാധ്യമല്ലെന്ന് ചുരുക്കം.

ഭൂമിയില്‍ താന്‍ ഒരു പ്രതിനിധിയെ നിശ്ചയിക്കാന്‍ പോകുന്നുവെന്ന മാലാഖമാരോടുള്ള ദൈവത്തിന്റെ വിളംബരം മനുഷ്യര്‍ക്കിടയിലെ ഈ ചേ രിതിരിവിലേക്കും ചേരിപ്പോരിലേക്കും കൂടി വിരല്‍ ചൂണ്ടുന്നുണ്ട്. മനുഷ്യന്‍ ഉണ്മകൊണ്ട്‌ ഭൂമിയിലെ ദൈവിക പ്രാതിനിധ്യമാണെങ്കിലും സത്യമാര്‍ഗത്തില്‍ നിലകൊള്ളുന്നവരോടൊപ്പം അസത്യത്തിന്റെ വഴിയില്‍ കാലുറപ്പിച്ചവരും നിരവധിയാണ്. ഈ ചേരിതിരിവ്‌ മനുഷ്യന്റെ കൂടെപ്പിറപ്പാണ്. മനുഷ്യമനസ്സില്‍ ധര്‍മബോധവും അധര്‍മബോധവും അങ്കുരിപ്പിച്ചുവെന്ന് ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. മനുഷ്യന്റെ ആഗമനത്തോടൊപ്പം ഭൂമിയില്‍ സാത്താന്റെ സാന്നിധ്യവും ദൈവതീരുമാനമാണ് താനും. 'നിങ്ങള്‍ രണ്ടു പേരും ഭൂമിയിലേക്ക്‌ ഇറങ്ങി പ്പൊയ്ക്കൊള്ളൂക' എന്നാണല്ലോ ആദമിനോടും ഇബ് ലീസിനോടും ദൈവത്തിന്റെ കല്പന. ഭൂമിയില്‍ മനുഷ്യവാസം ഉള്ളേടത്തോളം പിശാചിന്റെ സാന്നിധ്യവും ഉണ്ടാവുമെന്നും അവര്‍ തമ്മിലുള്ള ശത്രുതയും സംഘട്ടനവും നിലനില്‍ക്കുമെന്നും സാരം. അപ്പോള്‍ ഭിന്നത സോദ്ദേശ്യമാണ്, സ്വാഭാവികവും. ഈ ഭിന്നതയോടും വൈരുധ്യത്തോടുമൊപ്പം സംവാദവും അതിന്റെ എല്ലാ രൂപങ്ങളോടും രീതികളോടും കൂടി നിലനില്‍ക്കുകയാണ് വേണ്ടത്. ഭൂമുഖത്ത്‌ വന്ന എല്ലാ പ്രവാചകന്മാരും എതിര്‍ക്കപ്പെടുകയും പീഡി പ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അവരുടെ ദൌത്യങ്ങള്‍ വ്യാപിച്ചതും വിജയിച്ചതും സംവാദങ്ങളിലൂടെയും സമരങ്ങളിലൂടെയും തുടര്‍ന്നുണ്ടായേക്കാവുന്ന വിവിധ രൂപേണയുള്ള സംഘട്ടനങ്ങളിലൂടെയുമാണ്. എന്നുവെച്ചാല്‍, സത്യത്തിന്റെയും ധര്‍മത്തിന്റെയും ഔന്നത്യത്തിനും മേല്‍ക്കോയ്മക്കും വേണ്ടി അതിന്റെ വക്താക്കള്‍ അരയും തലയും മുറുക്കി കര്‍മ നിരതരാവണമെന്ന് സിദ്ധം.
സത്യമാര്‍ഗത്തില്‍ ചരിക്കുന്നവര്‍ ഭൂമിയിലെ ഈ നിയമങ്ങളും കാര്യകാരണവ്യവസ്ഥകളും പിന്തുടരേണ്ടതുണ്ട്. അവര്‍ അത്ഭുതങ്ങളെ കാത്തിരിക്കരുത്. വിളിയും പരിശ്രമവും സമരവും സംവാദവും ചിന്തയും കര്‍മവും എല്ലാം ഒപ്പത്തിനൊപ്പം ഉണ്ടായിരിക്കണം. അതും ഭൂമിയിലെ നിയമങ്ങള്‍ക്കും രീതികള്‍ക്കും വിധേയപ്പെട്ടുകൊണ്ട്. എങ്കിലേ മാര്‍ഗപ്രചാരണവും ലക്ഷ്യപ്രാപ്തിയും സാധ്യമാകൂ. അമാനുഷികതകളെയും അദൃശ്യ സഹായങ്ങളെയും കാത്തിരുന്നാല്‍ പരാജയമായിരിക്കും ഫലം.
നമുക്ക് 'ഹിജ്റ' യിലേക്ക് മടങ്ങാം. ഹിജ്റ നടന്നത്, നടേപറഞ്ഞ ഭൂമിയിലെ മുഴുവന്‍ വ്യവസ്ഥകള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിധേയമായിട്ടായിരുന്നു. മക്കയില്‍ സത്യവിരോധികളുടെ എതിര്‍പ്പും പീഡനങ്ങളും അസഹ്യ മാവുകയും പ്രവാചകന്റെയും അനുചരന്മാരുടെയും നിലനില്പ് തന്നെ അപകടത്തിലാവുകയും ചെയ്തപ്പോള്‍ അവര്‍ പലായനത്തിന് നിര്‍ബന്ധിതരായി. തീര്‍ച്ചയായും അല്ലാഹുവിന് മക്കയില്‍ത്തന്നെ അവരെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും വിജയം നല്‍കി അനുഗ്രഹിക്കുകയും ചെയ്യാമായിരുന്നു. പക്ഷെ അതല്ല പ്രശ്നം. ഭൂമിയില്‍ അധിവസിക്കുന്നവര്‍ ഭൂമിയിലെ വ്യവസ്ഥകളും നിയമങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതാണ്‌ ദൈവനീതി. കാര്യം നേടാന്‍ കാരണങ്ങളെ അവലംബിക്കണം. ലക്ഷ്യത്തിലെത്താന്‍ ശരിയായ വഴിയെ മുന്നോട്ടു നീങ്ങണം. വിരുദ്ധ ചിന്തകളും വ്യത്യസ്ത മാര്‍ഗങ്ങളും എവിടെയും കാണും. അതേപ്പറ്റി ജാഗ്രത വേണം. എങ്കില്‍ മാത്രമേ ലക്‌ഷ്യം സാധിക്കാനും വിജയം ആസ്വദിക്കാനും വിധി തുണ ക്കുകയുള്ളൂ. ഹിജ്റ പൂര്‍ണമായും കാര്യകാരണബന്ധങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു. വിശ്വസ്തവും സുരക്ഷിതവും ആയ ഒരിടത്തേക്കുള്ള മാറിപ്പാര്‍ക്കലായിരുന്നു. മുസ്ലിംകള്‍ക്ക് സ്വയം ഒരുക്കാനും ശക്തിപ്പെടാനും തങ്ങളെ വഴിമുടക്കുന്ന അധമശക്തികള്‍ക്കെ തിരെ ഒന്നിച്ചുനില്‍ക്കാനുമുള്ള അവസരം ഒരുക്കലായിരുന്നു.
ഹിജ്റയുടെ സംഭവങ്ങളില്‍ കണ്ണോടിച്ചാല്‍ ഭൂമിയിലെ നിയമങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ വിരുദ്ധമെന്ന് തോന്നിയേക്കാവുന്ന ചിലതൊക്കെ കണ്ടെന്നിരിക്കും. എന്നാല്‍ നന്നായി നോക്കിയാല്‍ അവയൊക്കെയും മേല്‍നിയ മങ്ങള്‍ക്ക് വിധേയമായിട്ടായിരുന്നുവെന്ന് ബോധ്യമാവും. മനുഷ്യന്‍ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി തന്റെ മുഴുവന്‍ കഴിവുകളും ശ്രമങ്ങളും സാധ്യതകളും ചിലവഴിക്കുമ്പോള്‍ മറ്റൊരു വലിയ ശക്തിയുടെ സഹായത്തിന് അവന്‍ അര്‍ഹനാകും. പക്ഷെ അദൃശ്യമായ ആ തലോടല്‍ ലഭിക്കണമെങ്കില്‍ സ്വന്തം കഴിവിന്റെ പരമാവധിയും പരിശ്രമിക്കണമെന്ന് മാത്രം. ഒന്നും ബാക്കി വെക്കാതെ ചിലവഴിച്ച് നിസ്സഹായാവസ്ഥ യിലാകുമ്പോള്‍ അദൃശ്യസഹായം അയാളെ തേടിയെത്തും. നോക്കൂ, പ്രവാചകന്‍ മക്കയില്‍ തന്നെ നില്‍ക്കാതെ പലായനം ചെയ്തു. തന്നാല്‍ കഴിയുന്ന എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിക്കൊണ്ടായിരുന്നു അത്. അപ്പോള്‍ ദൈവത്തിന്റെ അദൃശ്യ തീരുമാനം ഇടപെട്ടു. ഹിജ്രക്ക് സഹായകമായി ചില അമാനുഷിക സംഭവങ്ങളുണ്ടായി. പക്ഷെ അതൊക്കെയും കഴിയാവുന്ന എല്ലാ ശ്രമങ്ങളും ചെയ്യുകയും കാര്യകാരണബന്ധങ്ങള്‍ മുറക്ക് പാലിക്കുകയും ശരിയായ വഴിയിലൂടെ നീങ്ങുകയും ചെയ്തയാള്‍ക്കുള്ള ദൈവത്തിന്റെ സഹായമായിരുന്നു. ഇത്തരം സംഭവങ്ങള്‍ മറ്റ വസരങ്ങളിലും ഉണ്ടായിട്ടുണ്ട്. ബദ്റില്‍ അതാണ്‌ സംഭവിച്ചത്. മുസ്ലിംകള്‍ എണ്ണത്തിലും വണ്ണത്തിലും കുറവായിട്ടും അവര്‍ വിജയം വരിച്ചു. അതവരുടെ മുന്നൊരുക്കത്തിന്റെയും വ്യവസ്ഥകള്‍ പാലിച്ചതിന്റെയും കൂടി ഫലമായിരുന്നു. ഉഹ്ദിലാവട്ടെ പരാജയം അനുഭവിക്കേണ്ടി വന്നു. അദൃശ്യ സഹായം അവര്‍ക്ക് കിട്ടിയില്ല. യുദ്ധത്തിനിടക്ക് വ്യവസ്ഥാലംഘനം കാനിച്ചതായിരുന്നു കാരണം. സ്വയം സഹായിക്കാതിരുന്നപ്പോള്‍ ദൈവസഹായവും അവര്‍ക്ക് ലഭിക്കാതെ പോയി.
അഭിവന്ദ്യരായ പ്രവാചകനെ നിന്ദിച്ചും നൃശംസിച്ചും കൊണ്ടുള്ള വാര്‍ത്തകള്‍ ലോകത്തിന്റെ വ്യത്യസ്ത കോണുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ മുസ്ലിംകള്‍ കോപിക്കുകയും പ്രകോപിതരാവുകയും ചെയ്യുന്നു. എന്നാല്‍ ഈ നിന്ദകളൊക്കെയും വാസ്തവത്തില്‍ അവര്‍ക്ക് നേരെ തന്നെയല്ലേ തിരിയുന്നത്? കാരണം പലതാണ്. അവരിന്നു നല്ല മാതൃകയോ ഉത്തമ സമുദായമോ അല്ല. എന്താണ് പ്രവാചകന്‍ കൊണ്ടുവന്നതെന്ന് അവര്‍ക്കറിയില്ല. അക്ഷരങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുകയാണവര്‍. അതാണ്‌ വിശ്വാസമെന്നാണ് അവരുടെ ധാരണ. ഈ അക്ഷരപ്രേമം കൊണ്ട് സത്യത്തില്‍ ദീനിന്റെ കാര്യത്തില്‍ അവര്‍ വീഴ്ച വരുത്തിയിരിക്കുന്നു എന്നവര്‍ അറിയുന്നില്ല. ബുദ്ധി പ്രവര്‍ത്തിപ്പിക്കാനും ജീവിതകാര്യങ്ങള്‍ ചിട്ടപ്പെടുത്താനും ഏറ്റവും നല്ലതും ചൊവ്വായതും പിന്തുടരാനും ലക്‌ഷ്യം ഏറ്റവും ശ്രേ ഷ്ടമായതാണെന്ന് മനസ്സിലാക്കാനും ആണ് ദീന്‍ അവരോട് കല്പിക്കുന്നത്. വാക്കുകള്‍, ഒരു പ്രത്യേക സമയത്ത് പ്രത്യേക ചുറ്റുപാടില്‍ ഏറ്റവും നല്ലതും അനുയോജ്യവുമായതിനെ അറിയിക്കാനുള്ള മാധ്യമമാണ്. ഉദ്ദേശ്യമാണ് പരിഗണി ക്കപ്പെടെണ്ടത്. അന്തിമലക്ഷ്യം മുസ്ലിംകള്‍ ഒരു ഉത്തമസമൂഹമാവുകയാണ്. അറിവിലും ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലും ആത്മാര്‍ഥതയിലും സത്യസന്ധതയിലും വളര്‍ച്ചയിലും പുരോഗതിയിലും എല്ലാം ഉത്തമമാതൃകയാവുകയാണ്. മനുഷ്യനെയും മറ്റു ചരാചരങ്ങളെയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു മാതൃകാ സമുദായം. ലക്ഷ്യവും ഉദ്ദേശ്യവും അറിഞ്ഞിരിക്കുന്ന സമുദായം. അറിവിലും കര്‍മത്തിലും ആത്മാര്‍ഥ തകൊണ്ട് അല്ലാഹുവിനെ ആരാധിക്കുന്ന സമുദായം. തുറന്ന, പ്രഭാപൂരിതമായ ധിഷണകളാണ്, അടഞ്ഞ മരവിച്ച ബുദ്ധിയല്ല അതിന് വേണ്ടത്. വാക്കുകളുടെ ചര്‍വിതചര്‍വണവും അവയവങ്ങളുടെ ചലനങ്ങളുമല്ല, മനുഷ്യന്റെ നിലയും വിലയും ഉയര്‍ത്തുന്ന, അറിവും കര്‍മവും പ്രയോജനവുമുയര്‍ത്തുന്ന, നന്മയും മേന്മയുമുയര്‍ത്തുന്ന ഇടപെടലുകളും സമീപനങ്ങളും ആണ് അതിന്നാവശ്യം. അതാണ്‌ ഇസ്ലാം. നമ്മുടെ വിശ്വാസങ്ങളിലും ചിന്തകളിലും സമൂഹങ്ങളിലും ആ ഇസ്ലാം എവിടെ? മുസ്ലിംകളെ 'വകവരുത്താന്‍' കാത്തിരിക്കുകയാണ് ശത്രുക്കള്‍ എന്നാണ് ധാരണ. എന്നാല്‍ മുസ്ലിംകളെ 'ഒതുക്കാന്‍' ആര്‍ക്കും സാധ്യമല്ല, അവര്‍ക്കല്ലാതെ. മറ്റാരേക്കാളും അവര്‍ തന്നെയാണ് അജ്ഞത കൊണ്ടും ചിന്താശൂന്യത കൊണ്ടും മരവിപ്പ് കൊണ്ടും തങ്ങള്‍ക്ക് ഭീഷണിയായിത്തീരുന്നത്.
പരിശ്രമം ഫലവത്തായാല്‍ രണ്ടു പ്രതിഫലവും, പിഴച്ചാല്‍ ഒരു പ്രതിഫലവും ഉണ്ടെന്നാണ് തിരുവരുള്‍. അതായത് നമ്മുടെ ശ്രമപരിശ്രമ ങ്ങള്‍ക്കാണ് പരിഗണന. അതാണ്‌ മുഖ്യം. ഭൂമിയുടെ നിയമങ്ങള്‍ പഠിച്ചും പാലിച്ചും എല്ലാ മാര്‍ഗേണയും സത്യത്തെ പുല്‍കാനും സത്യത്തിന്റെ വഴിയില്‍ ചരിക്കാനും ശ്രമിക്കുന്ന, അതിനുവേണ്ടി എല്ലാം ചിലവഴിക്കുന്ന മനുഷ്യനെ, ആവശ്യമായി വന്നാല്‍ അദൃശ്യകരങ്ങള്‍ ആനയിക്കും. നാം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. ദൈവികസഹായം സമയമാകുമ്പോള്‍ ലഭിക്കുക തന്നെ ചെയ്യും. ഭൂമിയിലെ മനുഷ്യന്‍ ഭൂമിയുടെ വ്യവസ്ഥക്കനുസരിച്ച്‌ പണിയെടുക്കുകയും ജീവിക്കുകയും വേണം. അതാണ്‌ നമ്മുടെ ചരിത്രസംഭവങ്ങളില്‍നിന്നും ഇന്നത്തെ അവസ്ഥകളില്‍നിന്നും നമുക്ക് പഠിക്കാന്‍ കഴിയുന്നത്‌. നാളത്തെ സ്ഥിതിയും അതുതന്നെയായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല: