28 ജനുവരി 2014

ഗ്വാണ്ടനാമൊയില്‍ നിന്ന് ഒരു തടവുകാരന്റെ കത്ത്‌



emad-prisoner
എമാദ് അബ്ദുല്ല ഹസന്‍ 34 വയസ്സ് പ്രായമായ യമനീ പൗരനാണ്. കഴിഞ്ഞ 10 വര്‍ഷത്തോളമായി ഗ്വാണ്ടനാമൊ ജയിലിലാണ് അദ്ദേഹത്തിന്റെ ജീവിതം. തന്റെ മോചനത്തിനായി നിരാഹാര സമരത്തിലാണ് അദ്ദേഹം. ആരോഗ്യസ്ഥിതി മോശമാണെങ്കിലും, ഗ്വാണ്ടനാമൊ ജയിലിന്റെ 12ാം വാര്‍ഷികത്തോടനുബന്ധിച്ച് തന്റെ അഭിഭാഷകര്‍ക്ക് അദ്ദേഹമയച്ച കത്താണിത്.

ഗ്വാണ്ടനാമോയുടെ 12ാം വാര്‍ഷികത്തിലേക്ക് കടക്കുന്ന ഈ സമയത്ത് ഞങ്ങളിപ്പോഴും ഈ ഇരുണ്ട നരകത്തില്‍ തന്നെയാണ്. നല്ല പരിഗണനയാണ് ഞങ്ങള്‍ക്കിവിടെ ലഭിക്കുന്നതെന്നാണ് ഓഫീസര്‍ പറയുന്നത്. ശരിയാണയാള്‍ പറയുന്നത്. അയാളെന്നെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാകുന്നു. ശാന്തമായ ഒരവധിക്കാല ക്യാമ്പാണിത്!.
ഞങ്ങളെ മോചിപ്പിക്കാന്‍ ഒബാമ ശ്രമം തുടങ്ങിയിട്ടുണ്ട് എന്ന് ഞങ്ങള്‍ കേള്‍ക്കുന്നു. എന്നാല്‍ ഞങ്ങളെ ംബന്ധിച്ചിടത്തോളം പ്രതീക്ഷ എന്നത് വെറുമൊരു മരീചിക മാത്രമാണ്.
ഡോക്ടര്‍മാരെ സംബന്ധിച്ചിടത്തോളം പീഢനത്തില്‍ പങ്കാളികളാവുക എന്നത് അവരുടെ പ്രൊഫഷണല്‍ എത്തിക്‌സിനോട് ചെയ്യുന്ന അതിക്രമമാണ്. തടവുകാരുടെ മേലുള്ള ശാരീരികാതിക്രമങ്ങളെ അവരൊരിക്കലും അംഗീഗരിക്കരുത് എന്നാണ് നാം വിശ്വസിക്കുന്നത്. ശരീരത്തിന് യാതൊരു ദോഷവും വരുത്താതെ മര്‍ദ്ദനമേല്‍പ്പിക്കാന്‍ ഒരു ഡോക്ടറിനേക്കാള്‍ നന്നായി ആര്‍ക്കാണ് കഴിയുക? ഒരു ഡോക്ടര്‍ പാലിക്കേണ്ട മൊറാലിറ്റിയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ കാണുന്ന യാഥാര്‍ഥ്യവും തമ്മില്‍ ഒരുപാട് വിത്യാസങ്ങളുണ്ട്. ഇത് വളരേയധികം ഖേദകരമാണ്. അയാല്‍ ഒരു ആരാച്ചാരേക്കാള്‍ ഭീകരനായിത്തീരുകയാണിവിടെ. ആ ഭീകരതയുടെ മൂര്‍ത്തരൂപങ്ങളെയാണ് ഞാനീ ജയിലില്‍ കാണുന്നത്.
നിങ്ങള്‍ ന്യൂ ഇയര്‍ ആഘോഷിക്കുമ്പോള്‍ ഒരു നിമിഷമെങ്കിലും ഈ നരകജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട ഞങ്ങളെയും ഓര്‍ക്കുക. പ്രതിഷേധത്തിന്റെ ദീപനാളം ഞങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. സമാധാനപരമായ ഞങ്ങളുടെ പ്രതിഷേധത്തെ തടയാന്‍ ആര്‍ക്കുമാവില്ല. ഒബാമ വാഗ്ദാനം ചെയ്ത നീതിയുക്തമായ ഒരു വിചാരണയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.

 Jan-11-2014

അഭിപ്രായങ്ങളൊന്നുമില്ല: