29 ജനുവരി 2014

ജനാധിപത്യ മുസ് ലിം രാഷ്ട്ര സങ്കല്‍പത്തിന് തുനീഷ്യ മികച്ച മാതൃക : ഗനൂശി

 തൂനിസ്: അറബ് മുസ് ലിം രാജ്യങ്ങളില്‍ ജനാധിപത്യം യാഥാര്‍ഥ്യമാകില്ലെന്ന് വാദിച്ചവര്‍ക്കുള്ള വ്യക്തമായ മറുപടിയാണ് തുനീഷ്യയെന്ന് ഇസ് ലാമിസ്റ്റ് സംഘടനയായ അന്നഹ്ദക്ക് നേതൃത്വം നല്‍കുന്ന റാശിദുല്‍ ഗനൂശി അഭിപ്രായപ്പെട്ടു.
ഇസ് ലാമിസ്റ്റുകളുടെയും മതേതര സംഘടനകളുടെയും പിന്തുണയോടെ തിങ്കളാഴ്ച തുനീഷ്യന്‍ പാര്‍ലമെന്റ് ഭരണഘടന പാസാക്കിയ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വിഭാഗങ്ങളുടെയും പിന്തുണയോടെ ഭരണഘടന പാസാക്കാനായത് മാതൃകയാണെന്നും ഇത് അറബ് വസന്ത വിപ്‌ളവം അരങ്ങേറിയ രാജ്യങ്ങളില്‍ സ്വാധീനം ഉളവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദാവോസില്‍ ചേര്‍ന്ന ലോകസാമ്പത്തിക ഫോറം സമ്മേളനം തുനീഷ്യയിലെ ജനാധിപത്യ വിജയത്തെ ശ്‌ളാഘിച്ചിരുന്നു.സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യാവകാശം നല്‍കുന്ന മേഖലയിലെ പ്രഥമ ഭരണഘടനയാണ് കഴിഞ്ഞദിവസം അംഗീകരിക്കപ്പെട്ടത്. പ്രസിഡന്റിനും പ്രധാനമന്ത്രിക്കും എക്‌സിക്യൂട്ടിവ് അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയില്‍ പ്രധാനമന്ത്രിക്കാണ് കൂടുതല്‍ അധികാരം.
എന്നാല്‍ വിദേശം, പ്രതിരോധം എന്നീ വകുപ്പുകള്‍ പ്രസിഡന്റായിരിക്കും കൈകാര്യം ചെയ്യുന്നത്. ഏകാധിപതിയായ സൈനുല്‍ ആബിദീന്‍ ബിന്‍ അലിക്കെതിരെ 2011 ജനുവരിയില്‍ പ്രക്ഷോഭം ആരംഭിച്ചതിന്റെ മൂന്നാം വാര്‍ഷിക വേളയിലാണ് രാജ്യത്ത് നിര്‍ണായക പ്രാധാന്യമുള്ള ഭരണഘടനക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്.

 Islam Padashala
 29 January 2014

അഭിപ്രായങ്ങളൊന്നുമില്ല: