29 ജനുവരി 2014

ജീവിതമാണ് സന്ദേശം

മനുഷ്യന്റെ ചര്യകള്‍ കേവലം വൈജ്ഞാനികമായ ഉപദേശങ്ങള്‍ കൊണ്ടോ, ശക്തമായ നിരൂപണങ്ങള്‍ കൊണ്ടോ മാത്രം മാറ്റപ്പെടുകയില്ലെന്നാണ് അടുത്തകാലത്ത് നടന്ന ഒട്ടേറെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഉപദേശങ്ങളും, പ്രഭാഷണങ്ങളും സുപ്രധാനവും അനിവാര്യവുമാണെങ്കിലും അവന്‍ പരിചയിച്ച രീതികളും സമ്പ്രദായങ്ങളും അവയേക്കാള്‍ ശക്തമാണ്. അതിനാല്‍ തന്നെ കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന പ്രായോഗികമായ രീതികളിലൂടെയാണ് അവ മാറ്റിയെടുക്കാന്‍ സാധിക്കുക.
അവക്ക് സഹായകവും അനുഗുണവുമായ ഒരു സമൂഹം ചുറ്റുമുണ്ടാവണമെന്നതും സുപ്രധാനമാണ്.
'ഞാന്‍ നിങ്ങളെ വിലക്കുന്ന അതേകാര്യം തന്നെ നിങ്ങള്‍ക്കെതിരായി ചെയ്യാന്‍ ഞാനുദ്ദേശിക്കുന്നില്ല' (ഹൂദ് 88).
സ്വഭാവത്തിലും രീതിയിലും ഉന്നതസ്വഭാവ വിശേഷണങ്ങളായി ഉപദേശങ്ങളും നിര്‍ദേശങ്ങളും രൂപാന്തരപ്പെടുമ്പോഴാണ് അവ സ്വാധീനിക്കുന്നത്. ഈയര്‍ത്ഥത്തിലാണ് അബൂഹാമിദുല്‍ ഗസ്സാലി, ഇബ്‌നുല്‍ ഖയ്യിം തുടങ്ങിയ പൂര്‍വകാല സ്വൂഫി പണ്ഡിതന്മാര്‍ക്കിടയില്‍ 'മാനസികോല്ലാസം' എന്ന സാങ്കേതികത്വം രൂപപ്പെട്ടത്. 
രോഷത്തോടുള്ള വാക്കുകളും, ശക്തമായ പ്രഭാഷണങ്ങളും ഒരു പക്ഷേ നമ്മുടെ ശ്രദ്ധ തിരിക്കുകയും, നമുക്ക് ആവേശം പകരുകയും ചെയ്‌തേക്കാം. അവയിലെ നിര്‍ദേശങ്ങള്‍ പ്രായോഗിക വല്‍ക്കരിക്കാന്‍ അവ കേള്‍ക്കുമ്പോള്‍ നമുക്ക് ധീരത ലഭിച്ചേക്കാം. എന്നാല്‍ അവിടെ നിന്ന് പുറത്തേക്കിറങ്ങി അഭിമുഖീകരിക്കുന്ന ആദ്യപ്രശ്‌നത്തില്‍ തന്നെ പ്രഭാഷണം മനസ്സില്‍ ഭദ്രമായി കുടിയിരുത്തിയ ധീരതയും നിശ്ചയദാര്‍ഢ്യവുമെല്ലാം അഴിഞ്ഞുതാഴെ വീഴുകയും അവന്‍ തനിക്ക് പരിചിതമായ സമ്പ്രദായങ്ങളിലൂടെ മുന്നോട്ടുനീങ്ങുകയും ചെയ്യുന്നു.
പിന്നീട് അവന്‍ ഖേദിക്കുന്നു! പരാജയം ആവര്‍ത്തിക്കുന്നതോടെ നിരാശ ജനനം കൊള്ളുന്നു. മനസ്സിനെ കുറ്റപ്പെടുത്തുന്നത് അധികരിക്കുന്നതോടെ മനുഷ്യന് തന്റെ ആത്മവിശ്വാസം നഷ്ടപ്പെടുന്നു. പ്രഭാഷണങ്ങളും ഉപദേശങ്ങളും കേള്‍ക്കുന്നതുകൊണ്ട് കാര്യമില്ലെന്ന് അവന് തോന്നുന്നു. അവന്‍ പറയും 'അത് കൊണ്ട് പ്രയോജനമൊന്നുമില്ല'. 
സഹനം പരിശീലനത്തോടെയാണ് നേടിയെടുക്കേണ്ടതെന്ന് അബുദ്ദര്‍ദാഅ് പറയുന്നു. കോപത്തെ ചെറുത്തുനില്‍ക്കാന്‍ തന്റെ സിദ്ധികള്‍ മൂര്‍ച്ച കൂട്ടുകയും, പ്രത്യേക പരിശീലനം നേടിയെടുക്കുയും വേണമെന്ന് അര്‍ത്ഥം.
ഇബ്‌നുല്‍ ഖയ്യിമിന്റെ 'ഉദ്ദതുസ്സ്വാബിരീന്‍ വദഖീറതുശ്ശാകിരീന്‍' എന്ന ഗ്രന്ഥം ക്ഷമയെയും അതിന്റെ മഹത്ത്വത്തെയും കുറിക്കുന്ന റഫറന്‍സ് കൃതിയാണ്. ക്ഷമയുടെയും സഹനത്തിന്റെയും പ്രാധാന്യവും, ഇഹ-പര വിജയങ്ങളില്‍ അതിന്റെ പങ്കും വെല്ലുവിളികളെ അതിജീവിക്കുന്നതില്‍ അതിന്റെ സ്വാധീനവും പ്രസ്തുത കൃതി വായിക്കുന്ന വ്യക്തിക്ക് ബോധ്യപ്പെടുന്നതാണ്.
പ്രവാചക ജീവിതരീതിയില്‍ നമുക്ക് പ്രധാനമായും മൂന്ന് അടിസ്ഥാനങ്ങള്‍ കാണാവുന്നതാണ്. ബാഹ്യവിശേഷണം, പ്രായോഗിക ചര്യ, മറ്റുള്ളവരെ പരിവര്‍ത്തിപ്പിക്കുന്ന മാര്‍ഗം എന്നിവയാണ് അവ.
തിരുമേനി(സ)യുടെ സ്വഭാവം വിശുദ്ധ ഖുര്‍ആന്‍ ആയിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ ബാഹ്യവിശേഷണം. ഇവിടെ സ്വഭാവം എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ചര്യ, സമ്പ്രദായം, രീതി എന്നീ അര്‍ത്ഥങ്ങളിലൊക്കെയാണ്. 'ഇത് പൂര്‍വികരുടെ ചര്യയല്ലാതല്ല'. (അശ്ശുഅറാഅ് 137).ജീവിതത്തെ സമ്പന്നമാക്കുന്ന, അതിന്റെ ആസ്വാദനം കാത്തുസൂക്ഷിക്കുന്ന ഒട്ടേറെ ഭാഷാപരവും പ്രായോഗികവുമായ ചര്യകള്‍ തിരുമേനി(സ)യുടെ വ്യക്തി ജീവിതത്തില്‍ ഉണ്ടായിരുന്നു. പ്രവാചക ചര്യകളെ കുറിക്കുന്ന കൃതികളില്‍ 'അദ്ദേഹം ഇപ്രകാരമായിരുന്നു'എന്ന് തുടങ്ങുന്ന പ്രയോഗങ്ങളെല്ലാം അദ്ദേഹത്തിന്റെ ആവര്‍ത്തിക്കപ്പെടുന്ന കര്‍മങ്ങളെയോ സമ്പ്രദായങ്ങളെയോ പതിവുരീതികളെയോ ആണ് കുറിക്കുന്നത്. ഉദ്ദേശിക്കപ്പെടുന്നതോ അല്ലാത്തതോ ആയ ആചാരങ്ങളേക്കാള്‍ നൈരന്തര്യമുള്ള കര്‍മങ്ങളെയാണ് അവ പ്രതിനിധീകരിച്ചിരുന്നത്. ഒരുപക്ഷേ അവ ഇബാദതുകളുമായേക്കാം. 
മനോഹരവും ആകര്‍ഷകവുമായ പുറംമോടിയായിരുന്നു തിരുമേനി(സ)യുടേത്. ജഢപിടിച്ച മുടിയായിരുന്നില്ല, മനോഹരമായി ചീകിയൊതുക്കിയ മുടിയായിരുന്നു അദ്ദേഹത്തിന്റേത്. നല്ല വസ്ത്രം ധരിച്ചായിരുന്നു അദ്ദേഹം പുറത്തിറങ്ങിയിരുന്നത്. എവിടെയങ്കിലും നല്ല വസ്ത്രം കണ്ടാല്‍ ഉമര്‍(റ) തിരുമേനി(സ)ക്കായി അത് വാങ്ങാറുണ്ടായിരുന്നു. വെള്ളിയാഴ്ചയും രണ്ട് പെരുന്നാള്‍ ദിനങ്ങളിലും അദ്ദേഹം ഏറ്റവും നല്ല വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോവാതിരിക്കാനും, താന്‍ കണ്ടുമുട്ടുന്നവരോടുള്ള പരിഗണന വ്യക്തമാക്കാനുമായിരുന്നു അത്. അല്ലാഹു സുന്ദരനാണ്, സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നവനാണ് എന്ന് പഠിപ്പിച്ച അദ്ദേഹം നല്ല വസ്ത്രവും, നല്ല പാദരക്ഷയും ധരിക്കാന്‍ അനുയായികളോട് നിര്‍ദേശിച്ചു. പെരുമാറ്റത്തിലും കര്‍മത്തിലും വിനയം നിറച്ച അദ്ദേഹം തന്റെ വസ്ത്ര സൗന്ദര്യത്തില്‍ കുറവുവരുത്തുകയോ, മുടിചീകാതെ നടക്കുകയോ ചെയ്തില്ല. 
ശരീരവും വസ്ത്രവും അങ്ങേയറ്റം വൃത്തിയോടും വെടിപ്പോടും സൂക്ഷിച്ച അദ്ദേഹം സുഗന്ധം പൂശാറുണ്ടായിരുന്നു. വൃത്തികെട്ട വാസനയുമായി ജനങ്ങള്‍ക്കിടയിലേക്ക് കടന്നുവരരുതെന്ന് അനുനായികളോട് നിര്‍ദേശിച്ച അദ്ദേഹം ഏറ്റവും നല്ല മാതൃകകള്‍ അവര്‍ക്ക് പകര്‍ന്നുനല്‍കി. മുഴുവന്‍ വിശ്വാസികള്‍ക്കുമുള്ള പ്രായോഗികമായ പാഠമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

ഡോ.സല്‍മാന്‍ ബിന്‍ ഫഹദ് അല്‍ഔദ
(Islam Padashala)

അഭിപ്രായങ്ങളൊന്നുമില്ല: