ഒരു സമൂഹത്തിന്റെ സന്തുലിതമായ വളര്‍ച്ചയിലും പുരോഗതിയിലും മുഖ്യപങ്കുവഹിക്കുന്നവയാണ് അവരുടെ സാമ്പത്തികക്രമങ്ങളും ഇടപാടുകളും. അതുപക്ഷേ, എല്ലാവിധ ചൂഷണമനോഭാവങ്ങളില്‍നിന്നും മുക്തമായിരുന്നെങ്കിലേ ലക്ഷ്യം കൈവരിക്കാനാകൂ.
ഇന്ന് ആഗോളതലത്തില്‍തന്നെ പിടിമുറുക്കിയിട്ടുള്ള പലിശവ്യവസ്ഥയെ അവലംബമാക്കിക്കൊണ്ടാണ് സാമ്പത്തികസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
അതുതന്നെയും സമൂഹത്തിലെ ന്യൂനപക്ഷമായിട്ടുള്ള പ്രബലരെ മാത്രം സഹായിക്കുന്ന , ഷൈലോക്കിയന്‍ ചിന്താഗതിയില്‍ പ്രവര്‍ത്തിക്കുന്നവയാണെന്ന യാഥാര്‍ഥ്യമുണ്ട്. അതേസമയം ആഗോളസാമ്പത്തികമാന്ദ്യം രണ്ടുദശാബ്ദങ്ങളായി ലോകരാഷ്ട്രങ്ങളെ വിടാതെ പിന്തുടര്‍ന്നിട്ടും ചൂഷണമുക്തസമ്പദ്ക്രമം നടപ്പാക്കാന്‍ അവരെ പിന്നോട്ടടിപ്പിക്കുന്ന പ്രത്യയശാസ്ത്രപിടിവാശികളുടെ പശ്ചാത്തലവും ഇന്നത്തെ കലുഷിതാന്തരീക്ഷത്തില്‍ പുകമറയ്ക്കുള്ളില്‍ അകപ്പെട്ടിരിക്കുകയാണ്.
സാമ്പത്തികമാന്ദ്യം അത്ര ഗുരുതരമായി പരിക്കേല്‍പിക്കാതിരുന്ന ഇന്ത്യയില്‍ സാമ്പത്തികഅസമത്വത്തിനിരയായ ബഹുഭൂരിപക്ഷം ജനത പക്ഷേ രാജ്യത്തിന്റെ വികസനധാരയില്‍ നിന്ന് അവഗണിക്കപ്പെട്ട് പുറമ്പോക്കുകളില്‍ കഴിയുകയാണ്. പലപ്പോഴും രാജ്യത്തിന്റെ പുരോഗതിയെ അത് പിന്നോട്ടടിപ്പിച്ചു. അതിന് കാരണം ഭരണതലത്തിലുള്ള ഉദാരീകരണത്തിന്റെയും ആഗോളീകരണത്തിന്റെയും നയങ്ങളായിരുന്നു. അതിന്റെ ഫലമായി ഇന്ന് ഇന്ത്യാരാജ്യത്ത് ഇത്തരത്തില്‍ ബാങ്കുകള്‍ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങളുടെ സേവനങ്ങള്‍ പ്രാപ്യമാകാതെ സാമ്പത്തികായിത്തത്തിന് വിധേയരായ വലിയൊരു ജനവിഭാഗമുണ്ട്. 20 രൂപക്ക് താഴെ ദിവസവരുമാനമുള്ള ജനസംഖ്യയുടെ മൂന്നിലൊന്നോളം വരുന്ന ഈ വിഭാഗത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് കൈത്താങ്ങ് നല്‍കാന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ വിമുഖത കാണിക്കുന്നു. അതിനാല്‍തന്നെ, അവര്‍ സ്വകാര്യ പണമിടപാടുകളുടെ ചൂഷണത്തിന് വിധേയരാണ്. രാജ്യം നേടിയ സാമ്പത്തികപുരോഗതിയുടെ പരിമളം(?) അവര്‍ക്കാസ്വദിക്കാന്‍ പോലുമാകുന്നില്ല. ഈ വിഭാഗത്തിന്റെ സാമ്പത്തിക പുനരധിവാസം ഒരടിസ്ഥാന പ്രശ്‌നമായി ഇന്നും നിലനില്‍ക്കുന്നു.

സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വളര്‍ത്തിയെടുക്കാന്‍ സാധ്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍, അടുത്ത കാലത്ത് നിരവധി ഏജന്‍സികളും, സ്വയം സന്നദ്ധസ്ഥാപനങ്ങളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, പലിശയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് ആശ്വാസം നല്‍കാന്‍ പ്രസ്തുത സ്ഥാപനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും സാധ്യമായിട്ടില്ല. ഈ സാഹചര്യത്തിലാണ് സംഘബോധം ആദര്‍ശമാക്കി ഒത്തുകൂടുന്ന അംഗങ്ങള്‍ക്ക് പലിശരഹിത മൈക്രോഫിനാന്‍സ് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 'സംഗമം' ആരംഭിച്ചിട്ടുള്ളത്. പ്രധാനമായും വിവിധ ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പലിശയില്ലാതെ, ലാഭനഷ്ട പങ്കാളിത്താടിസ്ഥാനത്തില്‍ നല്‍കുന്ന വായ്പകള്‍, സൗകര്യപ്രദമായ തവണകളായി ഈടാക്കുകയാണ് ചെയ്യുന്നത്. തിരിച്ചടവിന്റെ ഭാരം ഇല്ലാതാക്കുന്നതോടൊപ്പം, സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമയാസമയങ്ങളില്‍ ശ്രദ്ധിക്കുന്നതിനും, പ്രവര്‍ത്തനമൂലധനം പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ഇത് വഴി സാധ്യമാവുന്നു. അംഗങ്ങളായവര്‍ക്കും അവരുടെ സ്വയം സന്നദ്ധഗ്രൂപ്പുകള്‍ക്കുമാണ് വായ്പകള്‍ നല്‍കുന്നത്. കൂടാതെ, ചെറുകിട വ്യാപാര ആവശ്യങ്ങള്‍ക്കും, വിവിധ വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിനും വായ്പകള്‍ ലഭ്യമായിരിക്കും. അംഗങ്ങളുടെ വിവിധ ദൈനംദിന ആവശ്യങ്ങള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് മാത്രം ഈടാക്കിയും വായ്പകള്‍ നല്‍കുന്നതാണ്.
അംഗങ്ങളുടെ ഓഹരി തുകകളും അവരില്‍ നിന്ന് സ്വരൂപിക്കുന്ന വിവിധ തരം നിക്ഷേപങ്ങളുമാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തന മൂലധനം. അംഗങ്ങളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനു പുറമേ, വായ്പകള്‍ തിരിച്ചടക്കാന്‍ സഹായകരമായ നിക്ഷേപ പദ്ധതികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. 3 സംസ്ഥാനങ്ങളിലെയും വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തന സാധ്യതകളും ആവശ്യങ്ങളും പരിഗണിച്ച ശേഷം ആരംഭിക്കുന്ന
ബ്രാഞ്ചുകളിലൂടെയാണ് സംഗമം അതിന്റെ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നത്. ഓരോ ബ്രാഞ്ചിനും നിശ്ചിത സേവനമേഖല ഉണ്ടായിരിക്കും. ഹെഡ്ഓഫീസിന്റെ മേല്‍നോട്ടത്തിന് പുറമേ, ഓരോ ബ്രാഞ്ചിലും ഉള്‍പ്പെട്ട അംഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ബ്രാഞ്ച് കമ്മിറ്റിയായിരിക്കും ബ്രാഞ്ചുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്്. ജീവനക്കാരെ നിയന്ത്രിക്കുന്നതും, അംഗങ്ങള്‍ക്ക് വേണ്ട സേവനങ്ങള്‍ ചെയ്യുന്നതും, വായ്പകള്‍ അനുവദിക്കുന്നതും, അവയുടെ മേല്‍നോട്ടം നടത്തി തിരിച്ചടവ് ഉറപ്പാക്കുന്നതും സംബന്ധിച്ച ചുമതല പ്രസ്തുത ബ്രാഞ്ച് കമ്മിറ്റികള്‍ക്കായിരിക്കും. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി വികസിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പ്രാരംഭഘട്ടത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി മൂന്ന് ബ്രാഞ്ചുകള്‍ വീതം ആരംഭിക്കാനാണ് പദ്ധതി. കേരളത്തില്‍ ആലുവ, കോഴിക്കോട്, ഈരാറ്റുപേട്ട എന്നീ കേന്ദ്രങ്ങളിലും, തമിഴ്‌നാട്ടില്‍ വാണിയമ്പാടി, വിരുധുനഗര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലുമാണ് ബ്രാഞ്ചുകള്‍ ആരംഭിക്കുന്നത്. ഇതില്‍ തമിഴ്‌നാട്ടിലെ വാണിയമ്പാടിയിലെ ശാഖ കഴിഞ്ഞ സെപ്തമ്പര്‍ മാസത്തില്‍ പ്രവര്‍ത്തനംതുടങ്ങിക്കഴിഞ്ഞു.
പലിശ കൂടാതെ വായ്പകള്‍ നല്‍കുന്നതുകൊണ്ട് ചെലവൊന്നും കുടാതെ വായ്പ ലഭിക്കുമെന്ന് തെറ്റുധരിക്കേണ്ടതില്ല. അംഗങ്ങള്‍ വായ്പ തുക പ്രയോജനപ്പെടുത്തിയശേഷം ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത വിഹിതമോ, യഥാര്‍ത്ഥ ചിലവോ വായ്പയുടെ സ്വഭാവമനുസരിച്ച് സ്ഥാപനത്തിന് നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. നിത്യജീവിതത്തിന് സ്ഥിര വരുമാനമാര്‍ഗ്ഗം ഇല്ലാത്ത വ്യക്തികള്‍ക്കും, കുടുംബങ്ങള്‍ക്കും വിവിധ സ്വയം തൊഴില്‍ സംരംഭങ്ങളും, പദ്ധതികളും കണ്ടെത്തി നടത്തി അവര്‍ക്ക് സുസ്ഥിര വരുമാനം സാധ്യമാവുന്ന പ്രവര്‍ത്തനമാണ് സംഗമം ലക്ഷ്യം വെക്കുന്നത്. വിദ്യാഭ്യാസ-സാങ്കേതിക രംഗങ്ങളില്‍ ഉണ്ടാവുന്ന പുരോഗതിക്കൊപ്പം തൊഴില്‍ രംഗത്തും ജീവിത സാഹചര്യങ്ങളിലും പുതിയ മാറ്റങ്ങളും വെല്ലുവിളികളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അത്തരം മാറുന്ന സാഹചര്യങ്ങള്‍ കണ്ടറിഞ്ഞ് കൈത്താങ്ങ് നല്‍കാനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.
ഇസ് ലാം പാഠശാല
07 February 2014
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ