- ഫഹ്മി ഹുവൈദി
രാഷ്ട്രത്തിലെ സുരക്ഷാ വിഭാഗം പോലും തീര്‍ത്തും ഉത്തരവാദിത്തരഹിതമായി, യാതൊരു പരിഗണനയും നല്‍കാതെ, മൗനം അവലംബിച്ചുകൊണ്ടാണ് അവയെ നേരിടുന്നത്. മയക്കം ബാധിച്ച്, അലസമായ കണ്ണുകള്‍ കൊണ്ടോ, ആഴ്ചയിലെ പുതിയ സിനിമാ പരസ്യമങ്ങള്‍ വായിക്കുന്ന ആസ്വാദനത്തോടെയോ ആണ് ഇന്ന് വായനക്കാര്‍ മനുഷ്യപീഡനത്തെ സമീപിക്കുന്നത്.
ഈജിപ്ഷ്യന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊടിയ പീഡനവാര്‍ത്തകളുമായാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി പത്രങ്ങളും വൈബ്‌സൈറ്റുകളും പുലരിയറിയിക്കുന്നത്. നൂറുകണക്കിന് യുവതീ-യുവാക്കള്‍ കൊല്ലപ്പെടുകയും, ആയിരക്കണക്കിനാളുകള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത ജനുവരി 25ലെ സംഭവങ്ങള്‍ക്ക് ശേഷമാണ് ഇത്തരം പീഡനപര്‍വങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്്. അറസ്റ്റിനുശേഷം പോലീസ് സ്‌റ്റേഷനിലോ, സൈനിക ടെന്റുകളിലോ പാര്‍പിക്കപ്പെട്ട യുവതീ-യുവാക്കളെ വളരെ നിഷ്ഠൂരമായ പീഡിപ്പിക്കുകയാണ്. അറസ്റ്റിലായവരെ സന്ദര്‍ശിക്കാന്‍ ജയിലിലെത്തുന്ന ബന്ധുക്കളും പീഡനത്തിനിരയാവുന്നു. ഇവര്‍ക്കുവേണ്ടി വാദിക്കാനായി മുന്നോട്ടുവരുന്ന അഭിഭാഷകര്‍ക്കുപോലും രക്ഷയില്ലെന്നതാണ് അവസ്ഥ. അവര്‍ക്ക് ഭരണ-നേതൃ തലങ്ങളില്‍ നിന്ന് വളരെ ആക്ഷേപകരവും നിന്ദ്യകരവുമായ പെരുമാറ്റമാണ് ഏല്‍ക്കേണ്ടി വരുന്നത്. മനുഷ്യന്റെ അന്തസ്സിനുമേലുള്ള അതിക്രമം അതിന്റെ മൂര്‍ധന്യതയില്‍ എത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണിതൊക്കെയും.
ചില കുടുംബങ്ങള്‍ വിവരിക്കുന്ന ക്രൂരാനുഭവങ്ങള്‍ നമ്മെ ഞെട്ടിപ്പിക്കുന്നവയാണ്. ജനുവരി ഇരുപത്തഞ്ചിന്റെ വിപ്ലവ വാര്‍ഷിക ദിനത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കളാണ് അവര്‍. പ്രതിഷേധ പ്രകടനത്തിനെതിരെ പട്ടാളഭരണകൂടം കൊണ്ടുവന്ന പുതിയ നിയമത്തില്‍ പ്രതിഷേധിച്ച് ചിലര്‍ പ്രകടനം നടത്തി. പലരുംആ വഴി കടന്നുപോയവരോ, ചായക്കടയില്‍ കയറിയിരുന്നവരോ ആയിരുന്നു. രാഷ്ട്രീയമായി ഏതെങ്കിലും പക്ഷമോ, അഭിപ്രായമോ ഇല്ലാത്തവരാണ് അറസ്റ്റ് ചെയ്യപ്പെട്ട മിക്ക യുവാക്കളും. ക്രൂരമായ ജയിലനുഭവങ്ങളാല്‍ ജീവിതം ദുരിതപൂര്‍ണമാക്കാനായിരുന്നു അവരുടെ വിധി. ഭയാനകവും, ഭീതിജനകവുമായ കൊടിയ പീഡനങ്ങള്‍ക്ക് അവര്‍ ഇരയായിക്കൊണ്ടിരിക്കുന്നു.
ഖാലിദ് സയ്യിദ് എന്നാണ് അവരില്‍ ഒരു ചെറുപ്പക്കാരന്റെ പേര്.

ജനുവരി ഇരുപത്തിയഞ്ചിന് അറസറ്റ് ചെയ്യപ്പെട്ട പത്തോളം യുവാക്കള്‍ അബൂസഗ്ബല്‍ തടവറയിലുണ്ടെന്നാണ് ഖാലിദ് സയ്യിദ് പറയുന്നത്. അവരെ ഊഴമിട്ട് പീഡിപ്പിക്കലാണത്രെ പോലീസ് ഓഫീസര്‍മാരുടെ തൊഴില്‍. അവര്‍ക്ക് ബന്ധുക്കളില്ല, വാദിക്കാന്‍ വക്കീലുമില്ല.
സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ വിവരിക്കപ്പെട്ട ഒരു അനുഭവം മാത്രമാണ് ഇത്. ഇവയെല്ലാം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘനടകളുടെ ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ണു തുറപ്പിക്കാനും ഈ കൊടിയ പീഡനങ്ങള്‍ക്കായില്ല. ഇവയെല്ലാം സത്യമാണെന്ന് അംഗീകരിക്കാന്‍ പോലും പല വകുപ്പുകളും തയ്യാറല്ല. മേല്‍പറഞ്ഞ പരിഗണനയൊന്നും ലഭിക്കാന്‍ യോഗ്യതയില്ലാത്ത കേവലം സാധാരണ വാര്‍ത്തകളായി ഇവ ചുരുങ്ങിയിരിക്കുന്നുവെന്ന് ചുരുക്കം.
വസന്ത വിപ്ലവത്തിന് നേതൃത്വം നല്‍കിയ യുവാക്കളുടെ പരിണിതി ഇതായിരിക്കുമെന്ന് ആരും സങ്കല്‍പിച്ചിട്ടുണ്ടാവില്ല. ഈജിപ്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഹീനകൃത്യങ്ങള്‍ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പുതിയ പ്രസിഡന്റിന്റെ നവയുഗനാന്ദി കുറിക്കുന്ന 'ശുഭ'സൂചനകളാണോ ഇവ? ഈജിപ്തിലെ രാഷ്ട്രീയരംഗത്തിന് സാക്ഷിയായി മൗനം ഭജിച്ചിരിക്കുന്ന എല്ലാവരുടെയും കരങ്ങളിലും ഈ പാപക്കറ പുരണ്ടിരിക്കുന്നുവെന്നാണ് എനിക്ക് പറയാനുള്ളത്.
(Islam Padashala,30 November -2014)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ