03 ജൂലൈ 2014

ഏകീകൃത സിവില്‍ കോഡിന് മുമ്പ് മുസ് ലിം വ്യക്തിനിയമങ്ങള്‍ ഏകീകരിക്കാന്‍ നീക്കം

മുംബൈ: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ഇന്ത്യന്‍ മുസ് ലിംകള്‍ ഭയന്നിരുന്ന പ്രധാന കാര്യം ഏകീകൃത സിവില്‍കോഡിനെ കുറിച്ചായിരുന്നു.  എതിര്‍പ്പ് ശക്തമാകുമെന്ന് ഭയന്ന് ഏകീകൃത സിവില്‍കോഡിന്റെ കാര്യം ആദ്യം നടപ്പിലാക്കാതെ സര്‍ക്കാറിന്റെ അവസാന നാളുകളിലേക്കായി കരുതി വെച്ചിരിക്കുകയാണ് എന്‍ ഡി എ സര്‍ക്കാര്‍.
എന്നാല്‍ ഇതിനുള്ള പ്രാരംഭ നടപടികള്‍ക്ക് ഇപ്പോള്‍ തന്നെ തുടക്കം കുറിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ബഹുഭാര്യത്വവും പുരുഷന് വാക്കാലുള്ള വിവാഹമോചനത്തിന് അനുവദിക്കുന്ന ത്വലാഖും നിയമവിരുദ്ധമാക്കാന്‍ സര്‍ക്കാര്‍ മുമ്പാകെ നിര്‍ദേശമെത്തിയത്  മുസ് ലിം വ്യക്തി നിയമം ഏകീകരിക്കുന്നതിന്റെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലെ മുസ് ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഭാരതീയ മുസ് ലിം ആന്തോളന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഡ്രാഫ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹവും നിയമവിരുദ്ധമാക്കാന്‍ സംഘടനയുടെ കരട് സര്‍ക്കാറിനോട് നിര്‍ദേശിക്കുന്നു. ഏകീകൃത സിവില്‍കോഡിലേക്കുള്ള ആദ്യപടിയായാണ് ഈ സംഭവത്തെ വിലയിരുത്തപ്പെടുന്നത്. ബി ജെ പിയുടെ തന്നെ ആശീര്‍വാദത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇതെന്ന ആരോപണവും ശക്തമാണ്.
ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്ത തട്ടിലുള്ള സ് ലിംകളുമായി നേരിട്ട് നടത്തിയ അഭിമുഖങ്ങളിലൂടെയും സര്‍വ്വേയിലൂടെയും ഓപ്പണ്‍ ഫോറങ്ങളിലൂടെയുമാണ് സംഘടന മുസ് ലിം വ്യക്തി നിയമം ക്രോഡീകരിക്കുന്നതിനുള്ള കരട് തയ്യാറാക്കിയത്. മുസ് ലിം സമുദായത്തില്‍ പുരുഷന് നാലു വിവാഹത്തിനു വരെ അനുമതി ഉണ്ടെങ്കിലും ഇതിനെ അനുകൂലിക്കുന്ന സ്ത്രീകള്‍ വളരെ കുറവാണെന്ന്  ബി എം എം എ സ്ഥാപകയായ  നൂര്‍ജഹാന്‍ സഫിയ നിയാല്‍ പറയുന്നു. പതിനെട്ട് വയസ്സ് തികയുന്നതിനു മുമ്പെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിനെ കുറിച്ചും സ്ത്രീകളില്‍ നിന്ന് ശക്തമായ പ്രതികരണമാണ് ഉയര്‍ന്നതെന്നും സംഘടന അഭിപ്രായപ്പെടുന്നു. ദരിദ്രരായ സ്ത്രീകള്‍ ഇതിനെതിരെ ശക്തമായ നിലപാടാണ് എടുത്തത്. വിവാഹപ്രായം 21 വയസ്സാക്കണമെന്ന് വരെ ചിലര്‍ വാദിച്ചു. എന്നാല്‍ മാത്രമേ തങ്ങളുടെ അവസ്ഥയില്‍ നിന്നും മോചനം നേടാനാകൂ എന്നും ഇവര്‍ പറയുന്നു. അതേസമയം, മധ്യവര്‍ഗ മുസ് ലിംകളില്‍ നിന്നും അല്പം വ്യത്യസ്തമായ നിലപാടാണ് കാണാനാകുന്നതെന്ന് സംഘടന വെളിപ്പെടുത്തുന്നു. അവരില്‍ ചിലര്‍ പെണ്‍കുട്ടികളെ നേരത്തെ വിവാഹം കഴിപ്പിക്കുന്നതില്‍ തെറ്റില്ലെന്നു കരുതുന്നു. മധ്യവര്‍ഗത്തിന്റെ നിലപാടുകളെ സംബന്ധിച്ച ഉദാഹരണങ്ങള്‍ സംഘടന എടുത്തു കാണിക്കുന്നു. എന്നാല്‍ മധ്യവര്‍ഗ മുസ് ലിംകളിലെ ഭൂരിഭാഗവും പ്രത്യേകിച്ച് സ്ത്രീകള്‍ ബഹുഭാര്യത്വവും പ്രായപൂര്‍ത്തിക്ക് മുമ്പുള്ള വിവാഹത്തിനും എതിരാണ്. പാവപ്പെട്ടവരെ അപേക്ഷിച്ച് മധ്യവര്‍ഗത്തെ ശരീയത്ത് നിയമങ്ങളും ഖാസിമാരുടെ നിര്‍ദ്ദേശങ്ങളും കാര്യമായി ബാധിക്കാത്തതാണ് ഇവര്‍ ശരീഅത്ത് നിയമത്തിനോട് കൂടുതല്‍ അനുഭാവം പുലര്‍ത്താന്‍ കാരണം. ചിലര്‍ സമുദായത്തിലെ നിലനില്‍പ്പിനെ കരുതിയും എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്-  സംഘടന വ്യക്തമാക്കി. 1937ല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച മുസ് ലിം വ്യക്തി നിയമമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. മുസ് ലിം വിവാഹ നിയമമാവട്ടെ 1939ല്‍ നിര്‍മ്മിച്ചതും. മുസ് ലിം രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ പല രാജ്യങ്ങളിലും നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വന്നിട്ടും ഇന്ത്യയില്‍ ഇന്നും പഴയ നിയമങ്ങള്‍ തന്നെ തുടരുകയാണ്. ശരീയത്ത് നിയമങ്ങള്‍ ദൈവീകമാണെന്നും നാല് നിയമ സംഹിതകളില്‍ ഏതാണ് ശരിയെന്നു പറയുക അസാധ്യമാണെന്നുമുള്ള കടുംപിടുത്തമാണ് ക്രോഡീകരണത്തെ അന്ധമായി എതിര്‍ക്കാനുള്ള കാരണമെന്നും ബി എം എം എ പറയുന്നു. ഇത് ഏകീകൃത സിവില്‍ കോഡിലേക്ക് നയിക്കുമോ എന്ന ഭയവും സംഘടനാ മേധാവികള്‍ക്കുണ്ട്. സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വാതന്ത്യം അനുവദിച്ച മതമാണ് ഇസ് ലാമെന്നും വിവാഹപ്രായം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിര്‍ദേശങ്ങളെ അനുകൂലിക്കുന്ന ഖുര്‍ആനിക സൂക്തങ്ങളും ഡ്രാഫ്റ്റില്‍ ഉള്‍പെടുത്തിയിടുണ്ടെന്നും ഭാരതീയ മഹിള മുസ് ലിം ആന്തോളന്‍ വ്യക്തമാക്കുന്നു. നീണ്ട ഏഴു വര്‍ഷങ്ങള്‍ നടത്തിയ പരിശ്രമങ്ങള്‍ക്കാണ് കരട് സമര്‍പ്പിച്ചിരിക്കുന്നത്. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് തങ്ങള്‍ നിയമത്തിനുള്ള കരട് സമര്‍പ്പിച്ചിരിക്കുന്നതെന്ന് നൂര്‍ജഹാന്‍ വെളിപ്പെടുത്തി. ഓപ്പണ്‍ ഫോറങ്ങളില്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ വരെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. മുസ് ലിം വ്യക്തി നിയമം ക്രോഡീകരിക്കുന്നക്കിനുള്ള കരട് സമര്‍പ്പിച്ചെങ്കിലും ഇനിയും പല കടമ്പകളും കടന്നു വേണം ഇത് നിയമമാകാന്‍. തങ്ങള്‍ കരട് സമൂഹത്തിന്റെ ചര്‍ച്ചയ്ക്കായി സമര്‍പ്പിക്കുകയാണെന്നും തങ്ങളെ സംബന്ധിച്ച് ഇതിന്റെ ഫലം വളരെ പ്രധാനമാണെന്നും നൂര്‍ജഹാന്‍ പറയുന്നു.

Published on 03 July 2014
Written by Super User
(Islam Padashala)

അഭിപ്രായങ്ങളൊന്നുമില്ല: