13 മാർച്ച് 2010

മനം കുളിര്‍പ്പിക്കുന്ന ഒരു കോടതിവിധി

മകളെ ആനാവശ്യമായി കോടതി കയറ്റിയ പിതാവ് അഞ്ചുലക്ഷം
നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

കൊച്ചി: ആദ്യഭാര്യയിലെ മകളുടെ വിവാഹം പെണ്‍കുട്ടിയുടെ താല്പര്യത്തിന്
എതിരായി ബലമായി നടത്തിയെന്ന് കാണിച്ചു ഹെബിയസ്കൊര്‍പാസ് ഹരജിയുമായി
എത്തിയ പിതാവ് കോടതിചെലവും നഷ്ടപരിഹാരവുമായി അഞ്ചുലക്ഷം രൂപ നല്‍കണമെന്ന്
ഹൈക്കോടതി.
പതിനാല്‌ വര്‍ഷമായി കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെലവിന്‌ നല്‍കുകയോ
ചെയ്യാതിരുന്ന പിതാവ് നവവധുവായ മകള്‍ അനാവശ്യമായി കോടതിയില്‍ ഹാജരാകെണ്ടിവന്ന സാഹചര്യം സൃഷ്ടിച്ചതിന് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥനാണെന്ന് വ്യക്തമാക്കിയാണ് ജസ്റിസ് തട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റിസ് പി. എസ്‌.ഗോപിനാഥന്‍ എന്നിവരുള്‍പെട്ട ഡിവിഷന്‍ബഞ്ചിന്റെ ഉത്തരവ്.


കൊച്ചി വില്ലിംഗ്ടന്‍ ഐലെന്റില്‍ താമസിക്കുന്ന കെ.എം. മുഹമ്മദ്‌ അശ്രഫിനോടാണ് അഞ്ച് ലക്ഷം രൂപ മകള്‍ അജീഷക്ക് നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. ഇത്രയും ഉയര്‍ന്ന തുക ഹെബിയസ്കൊര്‍പാസ്ഹരജിയില്‍
നഷ്ടപരിഹാരമായി നല്‍കാന്‍ നിര്‍ദ്ദേശിക്കുന്നത് അപൂര്‍വമാണ്. മുഹമ്മദ്‌ അഷ്‌റഫ്‌ പൊന്നാനി
വെളിയംകോട്‌ മനക്കടവത്ത് വീട്ടില്‍ മുംതാസിനെയാണ്‌ ആദ്യം വിവാഹം ചെയ്തത്.
൧൯൯൪ ഏപ്രില്‍ ൧0 ന്‌ മുഹമ്മദ്‌ അഷ്‌റഫ്‌ മുംതാസിനെ മൊഴി ചൊല്ലി. വിവാഹം  മോചനം പിന്നീട്
കോടതിയും അംഗീകരിച്ചു. 150 രൂപ പ്രതിമാസം ചെലവിന്‌ നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
വിവാഹമോചനം നടക്കുമ്പോള്‍ അജീഷക്ക് നാല് വയസ്സായിരുന്നു. ൧൮ വയസ്സ് പൂര്‍ത്തിയായപ്പോള്‍
മാതാവ്, പൊന്നാനി പെരുമ്പടപ്പ്‌ സ്വദേശി ഷാനവാസുമായി അജീഷയുടെ വിവാഹം നടത്തി.
തുടര്‍ന്നാണ്‌ അജീഷയുടെ ഇഷ്ടപ്രകാരമല്ല വിവാഹം നടത്തിയതെന്നും കോടതിയില്‍ മകളെ ഹാജരാക്കാന്‍
നിര്‍ദേശിക്കണമെന്നും സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു
മുഹമ്മദ്‌ ആശ്രഫ് ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയത്.

കോടതിനിര്‍ദേശ പ്രകാരം മുംതാസും അജീഷയും കോടതിയില്‍ ഹാജരായി. ഹരജിക്കാരനായ പിതാവിനെ
ജീവിതത്തിലൊരിക്കലും കണ്ടതായി ഓര്‍ക്കുന്നില്ലെന്നും ആരുടേയും തടങ്കലിലല്ലെന്നും
അജീഷ മൊഴി നല്‍കി. ൧൯൯൪ ന്‌ ശേഷം കുട്ടിയെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും ചെലവിനായി
ചില്ലിക്കാശുപോലും നല്‍കിയിട്ടില്ലെന്നും മുംതാസ് കോടതിയില്‍ സമര്‍പിച്ച സത്യവാങ്ങ് മൂലത്തില്‍
ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടിയുടെ മൊഴി അവിശ്വസിക്കാന്‍ കാരണം കാണുന്നില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഹരജിക്കാരന്റെ താല്പര്യത്തിന് അനുസൃതമായ വിവാഹം നടത്താനാണ് ഇപ്പോഴത്തെ ആകാംക്ഷ എന്ന്
വേണം കരുതാനെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. മകള്‍ക്ക് ചെലവിന്‌ കൊടുക്കീന്ദത്തിനു പുറമേ
വിവാഹചെലവിന്റെ ഒരു ഭാഗവും വഹിക്കാന്‍ ഹരജിക്കാരന് ബാധ്യതയുണ്ട്. ദ്രോഹിക്കാനായി
ഹരജി നല്‍കിയതിന് കുറ്റക്കാരനാണെന്ന് കണ്ട് നടപടി എടുക്കേണ്ടതാണ്. എന്നാല്‍, രണ്ടാം ഭാര്യയും
മൂന്നു കുട്ടികലുമുന്ടെന്നും കൊച്ചിന്‍പോര്‍ടിലെ മസ്ദൂറായ ഹരജിക്കാരന് ജോലി നഷ്ടപ്പെടുന്ന
സാഹചര്യം ഒഴിവാക്കണമെന്നും അഭിഭാഷകന്‍ അപേക്ഷിച്ച പശ്ചാത്തലത്തില്‍ കടുത്ത നടപടി
ഒഴിവാക്കുകയാണെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

(മാധ്യമം ഫെബ്രുവരി ൧൮, ൨൦൧൦)

അഭിപ്രായങ്ങളൊന്നുമില്ല: